36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂര വിസ്മയത്തിന്റെ ആവേശത്തില്‍ തൃശ്ശൂര്‍ നഗരം

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായി. ആഘോഷപ്പൂരത്തിന്റെ ലഹരിയിലേക്ക് പൂരപ്രേമികള്‍ ഒഴുകിത്തുടങ്ങി. മേളത്തിനൊപ്പം താളമിട്ടും ആനച്ചന്തം കണ്ണിലാവാഹിച്ചും വെടിക്കെട്ടില്‍ വിസ്മയിച്ചും പൂരത്തിലലിയാന്‍ ആയിരങ്ങളാണ് തൃശ്ശൂര്‍ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ ഘടകപൂരങ്ങളുടെ വരവോടെയാണ് പൂരത്തിന് തുടക്കം. 11.30-ന് മഠത്തിനുള്ളില്‍ തളിരിട്ടുതുടങ്ങുന്ന പഞ്ചവാദ്യപ്പൂമരം പുറത്തെത്തി പടര്‍ന്നുപന്തലിക്കും. രണ്ടിന് വടക്കുന്നാഥക്ഷേത്രത്തിലെ ഇലഞ്ഞിച്ചോട്ടില്‍ പാണ്ടിമേളം താളക്കുട ചൂടിക്കും. തെക്കോട്ടിറക്കം പിന്നിട്ട് അഞ്ചരയാകുമ്പോള്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടമാറ്റം കാണാനുണ്ടാവും.

രാത്രിപ്പൂരം ഒരുമണിവരെ തുടരും. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ പകല്‍പൂരത്തിനു താളംവീഴും. തുടര്‍ന്ന് ദേവിമാര്‍ യാത്ര പറയുന്ന ഉപചാരംചൊല്ലലോടെ പൂരം പൂര്‍ത്തിയാകും. അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി വിളംബരം ചെയ്യുന്നതോടെ തൃശ്ശൂര്‍ അതിനായുള്ള കാത്തിരിപ്പ് തുടങ്ങും.

ഒരാളെ പോലും വകവെയ്ക്കാത്ത തമ്പുരാന്റെ ഭരണകാലത്ത് ഒരുക്കിയ ചിട്ടവട്ടങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും വ്യതിചലിക്കാതെയാണ് തൃശൂര്‍ പൂരം ആഘോഷിച്ചു പോരുന്നത്. മേടമാസത്തിലെ പൂരംനാളിലാണ് തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വിശ്വവിസ്മയത്തിന്റെ ശില്പിയായി കണക്കാക്കുന്നത് എ.ഡി 1751 മുതല്‍ 1805 വരെ ജീവിച്ചിരുന്ന ശക്തന്‍തമ്പുരാനെയാണ്. ശക്തന്‍ തമ്പുരാന്‍ മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പാണ് പൂരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: