ഗര്‍ഭാശയമുഖ കാന്‍സര്‍ രോഗനിര്‍ണ്ണയത്തിലെ പിഴവ്; ക്ഷമാപണവുമായി HSE രംഗത്ത്; വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിക്കുന്ന HSE യുടെ റിപ്പോര്‍ട്ട് പുറത്ത്. എസ് ച്ച്.എസ്.ഇ-യുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ലാബുകളിലാണ് കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനുള്ള സ്‌ക്രീനിങ്ങില്‍ ക്രമക്കേട് നടന്നിട്ടുള്ളത്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അതിനായി ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റിയെ (ഹിക്വ) നിയോഗിക്കുകയാണെന്നും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. അയര്‍ലന്റിലെ 13 ആശുപത്രികളില്‍ നിന്നായി 208 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട എല്ലാ സ്ത്രീകളോടും ക്ഷമാപണം നടത്തുന്നുവെന്ന് എച്ച്എസ്ഇ ഡയറക്ടര്‍ ടോണി ഒ’ ബ്രിയാന്‍ പറഞ്ഞു.

വിക്കി ഫെലന്‍ എന്ന നാല്പത്തിരണ്ടുകാരിക്ക് ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ സ്മിയര്‍ ടെസ്റ്റ് വിവാദം പുകഞ്ഞു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്റ്റ് നടത്തിയ ഇവര്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യത ഇല്ലെന്ന് കണ്ടെത്തുകയും എന്നാല്‍ പിന്നീട് രോഗം സ്ഥിരീകരിക്കുകയൂം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിക്കിക്ക് അനുകൂലമായ വിധി പുറത്തുവരികയും ചെയ്തു. ഏകദേശം ഇതേ കാലയളവില്‍ പരിശോധനക്ക് വിധേയരായ സ്ത്രീകളില്‍ വലിയൊരു വിഭാഗത്തിനും പിന്നീട് രോഗബാധ കണ്ടെത്തി. വിക്കിയുടെ കേസ് വിധി വന്നതോടെ തങ്ങള്‍ക്കും ഇതേ അനുഭവം ആയിരുന്നെന്ന് അറിയിച്ചുകൊണ്ട് ഒരുപാട് സ്ത്രീകള്‍ രംഗത്ത് എത്തി. ദേശീയതലത്തില്‍ എച്ച്.എസ്.ഇ ആരംഭിച്ച സ്മിയര്‍ ടെസ്റ്റില്‍ ഇതോടെ ഐറിഷുകാര്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. വിദേശ രാജ്യങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയരാവുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ചെയ്തു.

ക്യാന്‍സര്‍ പരിശോധനയുമായി ബന്ധപ്പെട്ട പിശക് ഇതിന് മുന്‍പും അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും 200-ല്‍ അധികം സ്ത്രീകളെ ഒരേ സമയം പ്രതികൂലമായി ബാധിച്ച പ്രശ്നം എന്ന നിലയില്‍ ലോകാരോഗ്യ സംഘടനയില്‍ പോലും ഈ വിഷയം ചര്‍ച്ച ആയി മാറി. പ്രശനം രൂക്ഷമായതോടെ സെര്‍വിക്കല്‍ ചെക്ക് ക്ലിനിക്കല്‍ ഡയറക്ടര്‍ ഗ്രാനി ഫ്‌ലാനേലി രാജിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ശക്തമായ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് സൂചന.

2008 മുതല്‍ അയര്‍ലണ്ടില്‍ ഏതാണ്ട് 3,000 സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഖ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, ഇതില്‍ ഏതാണ്ട് പകുതി പേരും രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമായവരാണ്. തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാനും ഭേദമാക്കാനും എളുപ്പമാണ്. കാന്‍സറിനു മുന്നോടിയായ പ്രീകാന്‍സര്‍ ഉള്ളവര്‍ക്ക് മറ്റു രോഗലക്ഷണം ഒന്നും കാണുകയില്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും മൂന്നാമത്തെയോ, നാലാമത്തെയോ ദശയിലേക്ക് രോഗം മൂര്‍ഛിച്ചിരിക്കും. രോഗം മൂര്‍ഛിച്ചാല്‍ ചികിത്സ വിഷമമേറിയതും ചിലവേറിയതും പാര്‍ശഫലങ്ങളുള്ളതുമാകാം.

കാന്‍സര്‍ നിര്‍ണ്ണയ പരിശോധന ക്രമക്കേടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചതോടെ അയര്‍ലണ്ടിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ആശങ്കയിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പരിഹരിക്കനായി എച്ച്എസ്ഇ ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്, പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് എച്ച്എസ്ഇ അധികൃതര്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ നിന്ന് 1800 45 45 55 എന്ന നമ്പറും അയര്‍ലന്‍ഡിന് പുറത്തുനിന്നു +353 21 4217612
എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: