സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുമെന്ന വാര്‍ത്തയുടെ സത്യാവസ്ഥ; വിശദീകരണവുമായി കത്തോലിക്കാ സഭ

ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കായി സഭ ആരംഭിക്കുന്ന കാര്യത്തില്‍ സൗദിയുമായി വത്തിക്കാന്‍ പ്രതിനിധി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വിശദീകരവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നതിന് നീക്കമില്ലെന്നും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ഈജിപ്തിലെ കത്തോലിക്കാ സഭ വ്യക്തമാക്കിയാതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാനിലെ പോന്റിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍റിലീജ്യസ് ഡയലോഗ് പ്രസിഡന്റ് കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടോറാന്‍ കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വത്തിക്കാന്‍ കര്‍ദിനാള്‍ നടത്തിയ സന്ദര്‍ശനത്തിടെ സൗദിയില്‍ ക്രിസ്തീയ ചര്‍ച്ച് നിര്‍മിക്കുന്നതിനെ കുറിച്ച് സൗദി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ചര്‍ച്ച് നിര്‍മിക്കുന്നതിന് സൗദി നേതാക്കളുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈജിപ്തിലെ കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഈജിപ്റ്റിലെ ഒരു വാര്‍ത്ത ഏജന്‍സി ആണ് സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയാന്‍ വത്തിക്കാന്‍ ധാരണ ഉണ്ടാക്കിയതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഈ റിപ്പോര്‍ട്ട് നിരാകരിച്ചതായാണ് ഡെയിലി മെയില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വത്തിക്കാന്‍ കര്‍ദിനാള്‍ നടത്തിയ ചരിത്ര സന്ദര്‍ശനത്തിനിടെ സൗദിയില്‍ ചര്‍ച്ചുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തിട്ടില്ലെന്ന് കത്തോലിക്കാ സഭ പ്രസ്താവനയില്‍ പറഞ്ഞു. ബഹുമത സംവാദം, തീവ്രവാദവും ഭീകരവാദവും അക്രമവും നിരാകരിക്കുന്നതിന് എല്ലാവരും നിര്‍വഹിക്കേണ്ട പങ്ക്, മധ്യപൗരസ്യത്യ ദേശത്തും ലോകത്തും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കല്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് വത്തിക്കാന്‍ കര്‍ദിനാളും സൗദി നേതാക്കളും ചര്‍ച്ചകള്‍ നടത്തിയതെന്ന് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

പൊതുലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് പോന്റിഫിക്കല്‍ കൗണ്‍സില്‍, മുസ്ലിം വേള്‍ഡ് ലീഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്ഥിരം കര്‍മ സമിതി രൂപീകരിക്കുന്നതിനുള്ള കരാറില്‍ സൗദി സന്ദര്‍ശനത്തിനിടെ കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടോറാനും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസയും ഒപ്പുവെച്ചിരുന്നു. കര്‍ദിനാള്‍ ജീന്‍ ലൂയിസ് ടോറാന്റെയും ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസയുടെയും അധ്യക്ഷതയിലാണ് കര്‍മ സമിതി രൂപീകരിച്ചിരിക്കുന്നത്. സൗദിയില്‍ കിരീടാവകാശി മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ക്രിസ്ത്യന്‍ പള്ളി നിര്‍മിക്കുന്നതിന് അനുമതി നല്‍കിയത് എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: