വിജയ് മല്യ നടത്തിയത് വമ്പന്‍ തട്ടിപ്പെന്ന് ബ്രിട്ടീഷ് ഹൈക്കോടതി; നിയമത്തില്‍ നിന്ന് ഒളിച്ചോടുന്നെന്നും വിമര്‍ശനം

ലണ്ടന്‍: എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ നിയമത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബ്രിട്ടനിലെ ഹൈക്കോടതി. മല്യ ഇപ്പോള്‍ നോണ്‍ റെസിഡന്റ് ടാക്‌സ്പേയര്‍ ആണെന്നും കോടതി നിരീക്ഷിച്ചു. മല്യയ്ക്കെതിരെ ഇന്ത്യന്‍ കോടതികള്‍ പുറപ്പെടുവിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.

എന്നാല്‍ 1998 മുതല്‍ താന്‍ എന്‍.ആര്‍.ഐ ആണെന്നായിരുന്നു മല്യ കോടതിയില്‍ വാദിച്ചത്. 1992 വരെ താന്‍ ലണ്ടനില്‍ താമസിച്ചിരുന്നതായും മല്യ പറഞ്ഞു. ഇത് കോടതി തള്ളി. 2016 മാര്‍ച്ചിന് മുന്പ് വ്യവസായിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ലണ്ടനില്‍ വന്നു പോകാറുണ്ടായിരുന്നുവെന്നതിനു തെളിവുണ്ട്. മല്യയുടെ യുണൈറ്റഡ് ബ്രിവെറീസ് ഗ്രൂപ്പുമായും നഷ്ടത്തിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായും യോജിക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യാവസായിക താല്‍പര്യങ്ങള്‍. എന്നാലിപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ മല്യ നോണ്‍ റെസിഡന്റ് ടാക്‌സ്പേയര്‍ എന്ന അവസ്ഥയിലാണെന്നും ജഡ്ജി പറഞ്ഞു.

മല്യയ്ക്ക് പലയിടത്തുമായി നിരവധി സ്വത്തുക്കളുണ്ടെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പരാതിയില്‍ പറയുന്നത്. എന്നാല്‍ അതൊന്നും തന്റേതല്ലെന്നാണ് മല്യയുടെ നിലപാട്. മൂന്ന് ആഡംബര യാനങ്ങള്‍. എണ്ണമറ്റ കാറുകള്‍, ദക്ഷിണാഫ്രിക്കയിലെ മാബുല ഗെയിം റിസര്‍വ് എന്നിവയെല്ലാം മല്യയുടേതാണെന്നാണ് ബാങ്കുകള്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നല്‍കാനുള്ളത്. പലിശയടക്കം ഇത് 9000 കോടി വരും. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, പഞ്ചാബ് ബാങ്ക്, പഞ്ചാബ് റീകണ്‍സ്ട്രക്ഷന്‍ കന്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ബാങ്കുകളാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ മല്യ, സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നല്‍കിയ പണം തിരിമറി സംബന്ധിച്ച കേസും നേരിടുന്നുണ്ട്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നത് സംബന്ധിച്ച കേസും കോടതിയുടെ പരിഗണനയിലാണ്. 2005ലാണ് വിജയ് മല്യ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് തുടക്കമിടുന്നത്. കടബാദ്ധ്യത കൂടിയതോടെ 2012ല്‍ കമ്പനി പ്രവര്‍ത്തനം നിറുത്തി. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങല്‍, അനധികൃതമായി വായ്പ സ്വന്തമാക്കി വിദേശത്തേക്ക് തിരിമറി നടത്തല്‍ തുടങ്ങി മല്യയ്ക്കെതിരെ ബാങ്കുകള്‍ നല്‍കിയ ഒട്ടേറെ കേസുകള്‍ ഇന്ത്യയില്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനാണ് ഇപ്പോള്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും ശ്രമിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: