ബിജെപിക്ക് വന്‍ തിരിച്ചടിയുമായി കോണ്‍ഗ്രസ്സും ആര്‍ജെഡിയും; ഗോവയിലും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു

കര്‍ണാടകത്തില്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് കീഴ്വഴക്കങ്ങള്‍ ലംഘിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗോവയിലും ബിഹാറിലും പ്രതിപക്ഷങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് ഗവര്‍ണര്‍മാരെ സമീപിച്ചു. ഇന്ന് രാവിലെയാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണം.

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സായതിനാല്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് യതിഷ് നായിക്ക് ഗോവന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ചതിനെ കര്‍ണാടകയിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് ചോദ്യം ചെയ്തു.

അതെസമയം ബിഹാറില്‍ രാഷ്ട്രീയ ജനതാദളും സമാനമായ ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരത്തിനു പുറത്തു നില്‍ക്കുകയാണ് ആര്‍ജെഡി. ജനതാദള്‍ യുനൈറ്റഡ്, ആര്‍ജെഡിയുമായുള്ള സഖ്യം പിരിയുകയും തൊട്ടു പിന്നാലെ ബിജെപിയുമായി സഖ്യം ചേരുകയുമായിരുന്നു ബിഹാറില്‍ നടന്നത്.

2017ല്‍ നടന്ന ഇലക്ഷനുകളില്‍ അവസാനഘട്ടത്തില്‍ ഉണ്ടാക്കിയ സഖ്യങ്ങളിലൂടെയാണ് ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തിലേറിയത്.

ബിഹാറില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കര്‍ണാടകത്തില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്ന് തേജസ്വി വ്യക്തമാക്കി. തന്റെ കൂടെയുള്ള എംഎല്‍എമാരുമായി ഗവര്‍ണറെ കാണുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിക്കുമെന്നും തേജസ്വി പറഞ്ഞു.

അതെസമയം, കര്‍ണാടകത്തില്‍ യെദ്യൂരപ്പയുടെ ഭാവി അദ്ദേഹം സീല്‍ ചെയ്ത് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ തന്നെ തീരുമാനമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം. ഈ കത്തില്‍ 104 എംഎല്‍എമാരില്‍ക്കൂടുതല്‍ പേര്‍ തന്നെ പിന്തുണയ്ക്കുന്നതായി യെദ്യൂരപ്പ പറയുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

 

ഡികെ

Share this news

Leave a Reply

%d bloggers like this: