ഡോണള്‍ഡ് ട്രമ്പ് വ്യത്യസ്തനായൊരു പ്രസിഡന്റ്; വെളിപ്പെടുത്തലുകളുമായി എഴുത്തുകാരന്‍ കോണ്‍റാഡ് ബ്ലാക്ക്

‘മിക്കവരുടെയും നികുതി ഭാരം കുറയ്ക്കുകയും, മാന്ദ്യവും തൊഴിലില്ലായ്മയും ആസന്നമാണെന്ന ഭീതി അകറ്റുകയും, സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുകയും, യാഥാര്‍ഥ്യ ബോധത്തോടെയും വിവേക ബുദ്ധിയോടെയുമുള്ള വിദേശനയം പിന്തുടരുകയും ചെയ്ത പ്രസിഡന്റ്’ ആയി ഡോണള്‍ഡ് ജെ ട്രമ്പിനെ കോണ്‍റാഡ് ബ്ലാക്ക് പുതിയ പുസ്തകത്തില്‍ വിലയിരുത്തുന്നു. ട്രമ്പിനെ എതിര്‍ക്കുന്നവര്‍ പൊതുവില്‍, അമേരിക്കയുടെ ചരിത്രത്തില്‍ 2016ലെ തെരെഞ്ഞെടുപ്പിനു മുമ്പുള്ള 20 വര്‍ഷത്തോളം നീണ്ട പ്രസിഡന്‍ഷ്യല്‍ ദുര്‍ഭരണങ്ങളില്‍ പകുതിയോളം അമേരിക്കക്കാരും എത്രത്തോളം നിരാശരും വെറുപ്പുള്ളവരും ആയിരുന്നുവെന്നത് മനസ്സിലാക്കാത്തവരാണ്.

യുദ്ധങ്ങള്‍, നടുവൊടിക്കുന്ന മാന്ദ്യം, മാനവിക ദുരന്തങ്ങള്‍, തകരുന്ന സഖ്യങ്ങള്‍, ഭീമമായ കമ്മി, റോണള്‍ഡ് റെയ്ഗന്റെ കാലത്തുണ്ടായിരുന്നതിനെ അപേക്ഷിച്ച് മൂന്നിലൊന്നായോ നാലിലൊന്നായോ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും സ്വാകാര്യ വ്യവസായ മുതല്‍മുടക്കും എന്നിവയെല്ലാം ഉണ്ടായ ദശകങ്ങളാണത്. ഏതൊരു അമേരിക്കക്കാരന്റെയും ആത്മവിശ്വാസത്തെ തകര്‍ക്കുന്നതായിരുന്നു അത്. പരാജയപ്പെടുന്ന വ്യവസ്ഥിതിയെ നിരാകരിക്കുന്ന ട്രമ്പ് റെയ്ഗന്‍ മുമ്പ് പോയ വഴിയാണ് സഞ്ചരിച്ചത്. മാധ്യമങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിയും ട്രമ്പ് വിരുദ്ധരും എന്ത് പറഞ്ഞാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടി പരമ്പരാഗതവും മിതവാദപരവും വിവേകപൂര്‍വ്വകവുമാണ്.

ഹെറിറ്റേജ് ഫൗണ്ടേഷന്‍പോലെ ബഹുമാനിക്കപ്പെടുന്ന യാഥാസ്ഥിതിക വിദഗ്ധ സംഘടനകള്‍ നല്‍കുന്ന ഉപദേശങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം നയങ്ങള്‍ രൂപീകരിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്താക്കുകയെന്ന മുദ്രാവാക്യമാണ് ജനതയുടെ മുമ്പാകെ അദ്ദേഹം ഉന്നയിക്കുന്നത്. അമേരിക്കയുടെ അധഃപതനം ബാധിക്കാത്തവര്‍ക്ക് ആ അധഃപതനം അനുഭവപ്പെടുകയില്ല. അത് അനുഭവപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയും സ്വന്തം ക്ഷേമത്തെക്കുറിച്ചും ദേശീയ അഭിമാനത്തെക്കുറിച്ചും ഉയര്‍ത്തുന്ന സ്ഥായിയായ ഭയവുമാണ്. എതിരാളികളെ അധിക്ഷേപിക്കുന്നതല്ലാതെ ഡെമോക്രറ്റുകള്‍ക്കു കുറെ വര്‍ഷങ്ങളായി ഒരു നയവും ഉണ്ടായിരുന്നില്ല. രാഷ്ട്രത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നതില്‍മാത്രം ശ്രദ്ധയുള്ളവരായ അസംഘടിതരായ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തിയത്. സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണെ നിര്‍ത്തിയപ്പോള്‍ ഈ വീക്ഷണം എത്ര അമേരിക്കക്കാര്‍ നിരാകരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയില്ല.

ആദ്യ വര്‍ഷത്തില്‍ ട്രമ്പ്വിരുദ്ധ പ്രചാരണം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഭരണത്തെക്കുറിച്ചുള്ള നുണകള്‍ പ്രചരിപ്പിക്കുന്നതിനായിരുന്നു. ട്രമ്പ് അശ്രദ്ധമായും അവ്യക്തമായും നടത്തുന്ന പ്രസ്താവനകളില്‍ ചിലത് തിരഞ്ഞുപിടിച്ചു മനഃപൂര്‍വം ദുര്‍വ്യാഖ്യാനം ചെയ്താണ് അത് നടത്തിയത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതും പലപ്പോഴും അപരിഷ്‌കൃതമായ രീതിയിലുള്ള ട്രമ്പിന്റെ ശൈലിയും ഏറ്റവും മോശപ്പെട്ട രീതിയില്‍ അദ്ദേഹത്തെ കാണുന്നതിന് ഇടയാക്കുകയും ചെയ്തു. സത്യത്തില്‍ അദ്ദേഹമൊരു വംശീയവാദിയോ, സ്ത്രീലമ്പടനോ, യുദ്ധവെറിയനോ, താന്തോന്നിയോ, അക്രമം പ്രോത്സാഹിപ്പിക്കുന്നവനോ, വിദേശത്തോ രാജ്യത്തിനുള്ളിലോ സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവനോ അല്ല. അധികാരത്തിന്റെ ആദ്യവര്‍ഷത്തില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരോ വിവാദം ഉണ്ടായിക്കൊണ്ടിരുന്നു. അതാകട്ടെ പെട്ടെന്നുതന്നെ ശമിക്കുകയും ചെയ്തു.

ട്രമ്പിന്റെ എതിരാളികള്‍ നിശ്ചയദാര്‍ഢ്യമുള്ളവരാണെങ്കിലും കാര്യങ്ങള്‍ വിഭാവനം ചെയ്യാന്‍ കഴിവുള്ളവരായി കാണപ്പെടുന്നില്ല. ട്രമ്പ് കൂടുതല്‍ കാലം ഫലപ്രദമായ പ്രസിഡന്റായി മാറുന്നതിനുള്ള സാധ്യത അവര്‍ കാണുന്നില്ല. ട്രമ്പ് വിജയിക്കില്ലെന്ന ആത്മവിശ്വാസത്തിലും, വിജയിച്ചതിനു ശേഷം അതിനെ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലും, അതിനുശേഷം എല്ലാ കാര്യങ്ങളിലും എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിലും, അല്ലെങ്കില്‍ അന്വേഷണങ്ങളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും അതിനെ പാടെ നശിപ്പിക്കാനുള്ള ശ്രമത്തിലും ഊര്‍ജ്ജം പാഴാക്കുകയായിരുന്നു ഡെമോക്രറ്റുകള്‍. ട്രമ്പാകട്ടെ മിക്ക ആള്‍ക്കാരുടെയും നികുതിഭാരം കുറക്കുകയും മാന്ദ്യവും തൊഴിലില്ലായ്മയും ആസന്നമാണെന്ന ജനങ്ങളുടെ ഭീതി അകറ്റുകയും സാമ്പത്തികാഭിവൃദ്ധിയുടെ സാഹചര്യം സൃഷ്ടിക്കുകയും വിദേശനയരംഗത്ത് യാഥാര്‍ത്ഥ്യബോധവും വിവേകബുദ്ധിയും കൈക്കൊള്ളുകയും ചെയ്തു. ഇസ്ലാമിക സ്റ്റേറ്റിനെ തകര്‍ക്കുകയും ഉത്തര കൊറിയയുടെ ആണവ പരിപാടിക്കെതിരെ കൈകോര്‍ക്കാന്‍ ചൈനയെ പ്രേരിപ്പിക്കുകയും ചെയ്തതിലൂടെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. സൗമ്യതയുടെ പോരായ്മകള്‍ ഉണ്ടെങ്കില്‍പ്പോലും വിജയിച്ച ഒരു പ്രസിഡന്റായിത്തന്നെ അമേരിക്കന്‍ ജനത അദ്ദേഹത്തെ വിലയിരുത്തും.

എല്ലായ്പ്പോഴും അദ്ദേഹത്തെ വിലകുറച്ചുമാത്രമാണ് കണ്ടിരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം നേടുംവരെയും ആരും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. സ്ഥാനാര്‍ത്ഥിത്വം നേടിയതിനുശേഷം വിജയിക്കുന്നതുവരെയും ആരും അദ്ദേഹത്തിന് വിജയസാധ്യത കല്‍പ്പിച്ചിരുന്നില്ല. അന്വേഷണങ്ങള്‍ എല്ലാം മാഞ്ഞുപോകുംവരെയും കുറ്റപ്പെടുത്തലുകള്‍ നടത്തിയവര്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെടുകയും ചെയ്യുന്നതുവരെ അദ്ദേഹം ഇമ്പീച്ച് ചെയ്യപ്പെടുമെന്നും കരുതി. പ്രവചനാതീതനായ ഒരാളാണ് ട്രമ്പ്. താന്തോന്നിയായും പലപ്പോഴും കാണപ്പെടും. കാര്‍ക്കശ്യ സ്വഭാവവും രോഷത്തോടെയുള്ള അട്ടഹാസങ്ങളും സ്വന്തം പ്രസിഡന്റില്‍നിന്നും അമേരിക്കക്കാര്‍ പ്രതീക്ഷിക്കുന്നതല്ല. എന്നാലതില്‍ ഭരണഘടനാവിരുദ്ധമായ യാതൊന്നുംതന്നെയില്ല. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും രൂക്ഷമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിലും യുക്തിഹീനമായി ഒന്നുംതന്നെയില്ല. മാധ്യമങ്ങള്‍ കൂടുതല്‍ പക്ഷപാതിത്വവും ശത്രുതയും പുലര്‍ത്തുമ്പോള്‍ അതേ മാര്‍ഗമുള്ളൂ. പ്രസിഡന്റ് പദവി അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചിരിക്കുന്നു. ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റിന് മുമ്പുള്ള പ്രസിഡന്റുമാരൊന്നും അദ്ദേഹത്തോളം പുഞ്ചിരിക്കുന്നവരോ വിമാനങ്ങള്‍ ഉപയോഗിക്കുന്നവരോ പത്രസമ്മേളനങ്ങള്‍ നടത്തുന്നവരോ ആയിരുന്നില്ല. ട്രമ്പിന്റെ ചില ശീലങ്ങള്‍ പിന്‍ഗാമികള്‍ സ്വീകരിക്കാനിടയുണ്ട്. അദ്ദേഹത്തിന്റെ നയങ്ങള്‍ വിജയിക്കുന്നപക്ഷം അത് അങ്ങനെതന്നെയാകും. അദ്ദേഹത്തിന്റെ പല അഭിനയവും കടുത്ത വിമര്‍ശകര്‍ സങ്കല്‍പ്പിക്കുന്നതില്‍നിന്നും വ്യത്യസ്തമായ അടവുകള്‍ മാത്രമാണ്.

ഡോണള്‍ഡ് ട്രമ്പ് ബിസിനസ് ലോകത്തുനിന്നും കഠിനമായ പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ആളാണ്. കര്‍ക്കശക്കാരനും ഊര്‍ജ്ജസ്വലനുമാണ്. പലപ്പോഴും പകിട്ടുകാട്ടുന്ന സ്വഭാവം കാരണം വലിയൊരു ഭാഗം ജനങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങള്‍ വിജയം കൈവരിക്കുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കും. കടുത്ത ധനപ്രതിസന്ധിക്കിടയിലും ബില്യണ്‍ കണക്കിന് ഡോളര്‍ സമ്പാദിക്കുക, 15 വര്‍ഷം ടെലിവിഷനില്‍ തിളങ്ങിനില്‍ക്കുക, രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വലിയൊരു പാര്‍ട്ടിയുടെ നിയന്ത്രണം സ്വന്തമാക്കുക, വാഷിംഗ്ടണ്‍, ജെഫേഴ്സണ്‍, മാഡിസണ്‍, ഗ്രാന്റ്, എയ്സനോവര്‍ എന്നിവരൊഴികെ യുഎസില്‍ മുമ്പ് പ്രസിഡന്റായിട്ടുള്ള മറ്റാരേക്കാളും നേട്ടങ്ങള്‍ പ്രസിഡന്റ് ആകുന്നതിനു മുമ്പുതന്നെ കൈവരിച്ചയാളാണ് ട്രമ്പ്. രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തുന്നതിനായി ‘അമേരിക്കനിസ’ത്തെയാണ് ട്രമ്പ് പ്രോത്സാഹിപ്പിച്ചത്. മറ്റു രാജ്യങ്ങളെ നന്നാക്കാന്‍ ശ്രമിക്കാതെ അമേരിക്കയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ അദ്ദേഹം പിന്തുടര്‍ന്നു. അതിലിന്നോളം വിജയിക്കുകയും ചെയ്തു.

ഒരു രാഷ്ട്രത്തലവന് സ്വാഭാവികമായും ലഭിക്കേണ്ട ആദരവ് എങ്ങനെ നേടണമെന്നും നിലനിര്‍ത്തണമെന്നും കുറച്ചൊക്കെ ട്രമ്പ് പഠിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ രീതികളുമായി രാജ്യവും കുറച്ചൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞു. അനുചിതമായ ചില പദപ്രയോഗങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും വിദേശനയരംഗത്ത് ഭീമമായ അബദ്ധങ്ങളിലൊന്നും എടുത്തുചാടിയിട്ടില്ല. അദ്ദേഹത്തിന്റെ സാമ്പത്തിക പരിപാടിയും പ്രവര്‍ത്തനക്ഷമമാണ്. വ്യക്തിഹത്യ നടത്താന്‍ ഒരുമിച്ചുകൂടിയ എതിരാളികള്‍ ക്ഷീണിച്ചുപോയിരിക്കുന്നു. ഡോണള്‍ഡ് ട്രമ്പിനെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികമായ വശങ്ങളെക്കാള്‍ മുഴച്ചുനില്‍ക്കുക അദ്ദേഹത്തിന്റെ അപരിഷ്‌കൃതമായ കാര്യങ്ങളാണ്. കാനഡയില്‍നിന്നും ഫ്രാന്‍സിനെ പുറത്താക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍നിന്നും ബ്രിട്ടനെ പുറത്താക്കാന്‍ ഫ്രാന്‍സിന്റെ സഹായം തേടി. ഇടപാടുകളുടെ കലയെയാണത് പ്രകടമാക്കുന്നത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ജെഫേഴ്സന്റെ ഭാഷാലങ്കാര പ്രയോഗങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സത്യസന്ധമായ അതിശയോക്തി ആയിരുന്നു.

അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ റിച്ചാര്‍ഡ് നിക്സണ്‍ ചെസ്സ് കളിക്കാരനും റോണള്‍ഡ് റെയ്ഗന്‍ ചീട്ടുകളിക്കാരനും ആയിരുന്നു. ഇരുവരും വളരെ വിജയിക്കുകയും ചെയ്തു. ജലാശയത്തിലെ ഒരു സ്രാവിനെപ്പോലെയാണ് ട്രമ്പ് കാണപ്പെടുന്നത്. ഫ്രാങ്കിളിനെയോ ജെഫേഴ്സനെയോ എഫ് ഡി ആറിനെയോ നിക്സനെയോ റെയ്ഗനെയോ ട്രമ്പ് അനുസ്മരിപ്പിക്കുന്നില്ല. എന്നാല്‍ ട്രമ്പ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഒരു നേതാവാണ്. അദ്ദേഹത്തിനും ഒരു സമയം വരും. തിരിച്ചടികള്‍ പ്രസിഡന്റ് ട്രമ്പ് അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. പ്രസിഡന്റ് ട്രമ്പിനെ സംബന്ധിച്ചിടത്തോളം തിരിച്ചടികള്‍ യഥാര്‍ത്ഥ വിജയങ്ങളാണ്; പ്രച്ഛന്ന രൂപത്തിലുള്ള വിജയങ്ങളാണ്; ധാര്‍മ്മിക വിജയങ്ങളാണ്; വിജയത്തിലേക്കുള്ള വഴിയാണ്. അദ്ദേഹം ജനങ്ങള്‍ക്കായി സംസാരിക്കുന്നു. അതില്‍ വളരെ വിജയിക്കുകയും ചെയ്യുന്നു. എതിരാളികളെ നിഷ്പ്രഭരാക്കുന്നത് ആവര്‍ത്തിക്കുന്നതിനാല്‍ അദ്ദേഹം രൂക്ഷമായ ആക്രമണങ്ങളെ നേരിടുകയും ചെയ്യുന്നു. അമേരിക്ക അതിന്റെ അധഃപതനത്തില്‍നിന്നും ആലസ്യത്തില്‍നിന്നും പ്രാമാണികത്വം നഷ്ടപ്പെടുന്നതില്‍നിന്നും വിദേശ ശത്രുക്കളോടുള്ള പ്രീണനത്തില്‍നിന്നും ആഭ്യന്തരമായ മന്ദതയില്‍നിന്നും മുക്തിനേടുകയാണ്. അദ്ദേഹത്തിന്റെ റെക്കോഡ് ആകര്‍ഷകമാണ്; ന്യുനതകള്‍ അപ്രസക്തവുമാണ്. എന്തുതന്നെ സംഭവിച്ചാലും അമേരിക്കന്‍ ചരിത്രത്തിലെ സ്മരിക്കപ്പെടുന്ന പ്രസിഡന്റുമാരില്‍ ഒരാളായിരിക്കും ഡോണള്‍ഡ് ട്രമ്പ് – ബ്ലാക്ക് പറയുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: