നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി

കനത്ത കാറ്റിനും മഴയ്ക്കുമിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് ഒരു മീറ്ററോളം മാറിയിറങ്ങി. വിമാനത്തിന്റെ ഒരു വശത്തെ ചക്രം ചെളിയിലേക്ക് പതിച്ചെങ്കിലും പൈലറ്റ് സമയോചിതമായി ഇടപെട്ട് വിമാനം തിരികെ റണ്‍വേയിലേക്ക് ഓടിച്ചുകയറ്റിയതിനാല്‍ അപകടം ഒഴിവായി. ഞായറാഴ്ച വൈകീട്ട് 3.30നാണ് സംഭവം. കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചക്രം ചെളിയില്‍ പതിച്ചതിനാല്‍, വിമാനം തിരികെ കയറ്റിയപ്പോള്‍ റണ്‍വേയില്‍ ചെളി പടര്‍ന്നു. ഇത് നീക്കം ചെയ്യുന്നതിനായി റണ്‍വേ അര മണിക്കൂറോളം അടച്ചിടേണ്ടിവന്നു. ഇതുമൂലം ഈ സമയത്ത്് എത്തിയ മൂന്ന് വിമാനങ്ങള്‍ക്ക് യഥാസമയം ഇറങ്ങാനായില്ല. മൂന്ന്്് വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്നു. ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന്, മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേയ്സ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനം പിന്നീട് കൊച്ചിയില്‍ എത്തി തുടര്‍സര്‍വീസ് നടത്തി. എയര്‍ ഏഷ്യ വിമാനവും ഇന്‍ഡിഗോ വിമാനവും പിന്നീട് കൊച്ചിയില്‍ ഇറങ്ങി തുടര്‍ സര്‍വീസ് നടത്തി. വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം എത്തിയാണ് റണ്‍വേയില്‍ നിന്ന് ചെളി നീക്കം ചെയ്തത്.

258 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി തന്നെ വിമാനത്തില്‍ നിന്നിറക്കി. കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടി വന്നതിനാല്‍ കൊളംബോയിലേക്കുള്ള തുടര്‍സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയിലേക്ക് നീങ്ങിയതിനാല്‍ വിമാനത്തിന്റെ ഭാഗങ്ങളില്‍ ചെളിപറ്റുകയും ചെയ്തിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: