ആരോഗ്യ മേഖല സ്തംഭനാവസ്ഥയില്‍: അയര്‍ലന്‍ഡിന് പുറത്ത് ചികിത്സക്കെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ വിദേശരാജ്യങ്ങളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇ.യു ക്രോസ്സ് ബോര്‍ഡര്‍ ഹെല്‍ത്ത് കെയര്‍ ഗൈഡ് ലൈന്‍ അനുസരിച്ച് ഐറിഷുകാര്‍ക്ക് സ്വന്തം രാജ്യത്ത് അത്യാവശ്യ ചികിത്സക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമ്പോള്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാം. ചികിത്സ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുമ്പോള്‍ അതിന്റെ ചെലവ് എച്ച്. എസ്.സി യുടെ ബാധ്യതയാണ്.

നാഷണല്‍ ട്രീറ്റ്‌മെന്റ് പാര്‍ച്ചയ്‌സ് ഫണ്ടിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 5 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഐ.പി സെക്ഷനിലും, ഒരു ലക്ഷത്തില്‍ പരം ആളുകള്‍ ഒ.പി സെക്ഷനിലും വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുകയാണ്. വളരെ അത്യാവശ്യമായി നടത്തേണ്ട പല ശാസ്ത്രക്രിയകള്‍ക്കും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതിനാല്‍ വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടേണ്ടി വരുന്നു. വിദേശ ചികില്‍സാ പദ്ധതി എച്ച്.എസ്.സി ക്ക് കോടികളുടെ ബാധ്യത ഉണ്ടാകുന്നുണ്ട്. 2014-നു ശേഷം വിദേശത്തു ചികിത്സ തേടുന്ന ഐറിഷുകാരുടെ എണ്ണം 30 ശതമാനത്തോളം വര്‍ദ്ധിച്ചു. സ്മിയെര്‍ ടെസ്റ്റ് വിവാദം പുകഞ്ഞതോടെ ഇവിടെ നടക്കുന്ന രോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന വിലയിരുത്തലും കൂടി.

ബ്രെക്‌സിറ്റിനു മുന്‍പ് ബ്രിട്ടനിലാണ് ഐറിഷ് രോഗികള്‍ കൂടുതലായും എത്തിയിരുന്നത്.യൂറോപ്പ്യന്‍ യൂനിയന് പുറത്തായതോടെ പോളണ്ട്,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ രോഗികള്‍ പ്രവഹിക്കുന്നത്. വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തി ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ നിക്ഷേപം നടത്തിയാല്‍ ആരോഗ്യ വകുപ്പ് നിലവില്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയുമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പറയുന്നു. കമ്മ്യൂണിറ്റി അധിഷ്ഠിത ആരോഗ്യ സേവനങ്ങള്‍ നടപ്പില്‍ വരുത്തുന്നതും നിലവില്‍ ആരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വലിയൊരളവില്‍ പരിഹാരമാകും.

ഡികെ

Share this news

Leave a Reply

%d bloggers like this: