ഇറ്റലിയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം; യൂറോ വിരുദ്ധനായ ഗിസപ്പെ കോന്‍ഡ് പ്രധനമന്ത്രിയായി ചുമതലയേറ്റു

ആഴ്ചകള്‍ ദീര്‍ഘിച്ച രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് ഇറ്റലിയില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റനയങ്ങളെ എതിര്‍ക്കുന്ന ലീഗിന്റെയും, വ്യവസ്ഥിതിമാറ്റത്തിനു വാദിക്കുന്ന ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റിന്റെയും പിന്തുണയുള്ള 53കാരനായ നിയമ പ്രഫസര്‍ ഗിസപ്പെ കോന്‍ഡ് രാജ്യത്തെ 58-ാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയത്തില്‍ നവാഗതനായ കോണ്ടിക്ക് ക്വിരിനാല്‍ കൊട്ടാരത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡന്റ് മാറ്ററെല്ലാ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പതിനെട്ടംഗ മന്ത്രിസഭയില്‍ ലീഗ് നേതാവ് സല്‍വീനിയും ഫൈവ് സ്റ്റാറിന്റെ ലൂയിജി ഡി മായിയോയും ഉപപ്രധാനമന്ത്രിമാരായിരിക്കും.

അരക്കോടിയോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പറഞ്ഞ സല്‍വീനിക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയാണു നല്‍കിയിട്ടുള്ളത്. എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കണമെന്നു നിര്‍ദേശിക്കുന്ന ലൂയിജി ഡി മായോ പുതിയ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പു കൈകാര്യം ചെയ്യും. യൂറോപ്യന്‍ യൂണിയന്റെ സാന്പത്തിക, രാഷ്ട്രീയ അജന്‍ഡയ്ക്ക് എതിരുനില്‍ക്കുകയും ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുകയും ചെയ്യണമെന്നു വാദിക്കുന്ന പുതിയ യൂറോവിരുദ്ധ സര്‍ക്കാര്‍ ഫ്രഞ്ച് പ്രസിഡന്റ് മക്രോണും ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അലോസരം സൃഷ്ടിച്ചേക്കും.

നികുതികള്‍ വെട്ടിക്കുറയ്ക്കുക, കുടിയേറ്റം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ കോണ്ടി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും മന്ത്രിസഭാ രൂപീകരണത്തിനു കോണ്ടി ശ്രമിച്ചെങ്കിലും യൂറോവിരുദ്ധനായ പാവ്‌ലോ സവോണയെ ധനമന്ത്രിയാക്കാനുള്ള നീക്കം പ്രസിഡന്റ് മാറ്ററെല്ലാ വീറ്റോ ചെയ്യുകയായിരുന്നു. മാറ്ററെല്ലായെ ഇംപീച്ച് ചെയ്യണമെന്നു ലീഗും ഫൈവ്സ്റ്റാറും ആവശ്യപ്പെട്ടു. മുന്‍ ഐഎംഎഫ് ഉദ്യോഗസ്ഥനായ കോട്ടറെല്ലിയെ പ്രധാനമന്ത്രിയായി നിയമിച്ചു പുതിയ തെരഞ്ഞെടുപ്പു നടത്താനും നീക്കമുണ്ടായി. എന്നാല്‍ ടെക്‌നോക്രാറ്റുകളുടെ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കത്തില്‍നിന്നു കോട്ടറെല്ലി പിന്മാറി. ഇതേത്തുടര്‍ന്നാണു പാവ്‌ലോവിനെ ഒഴിവാക്കി മന്തിസഭ രൂപീകരിക്കാന്‍ ലീഗ്-ഫൈവ് സ്റ്റാര്‍ മുന്നണി തീരുമാനിച്ചത്. ജിയോവാന്നി റിയയാണ് പുതിയ ധനമന്ത്രി. മാറ്ററെല്ലാ ഇതിന് അംഗീകാരം നല്‍കിയതോടെ മൂന്നു മാസമായി തുടരുന്ന ഭരണരംഗത്തെ അനിശ്ചിതത്വം അവസാനിച്ചു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: