ഗ്വാട്ടിമാലയിലെ അഗ്‌നിപര്‍വ്വത സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 99 ആയി, ചാരത്തില്‍ മുങ്ങി ഗ്വാട്ടിമാല സിറ്റി

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 99 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. നാല്‍പത് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ അഗ്‌നിപര്‍വ്വത സ്ഫോടനത്തിനാണ് ഗ്വാട്ടിമാല ഞായറാഴ്ച സാക്ഷ്യം വഹിച്ചത്.

സ്ഫോടനത്തെ തുടര്‍ന്ന് മണ്ണും പാറക്കഷ്ണങ്ങളും തെറിച്ച് വീണതും തുടര്‍ച്ചയായുണ്ടാകുന്ന ലാവാപ്രവാഹവും, മഴയും സുരക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ലാവാ പ്രവാഹത്തില്‍ ചെറുഗ്രാമങ്ങളെല്ലാം തന്നെ മൂടിപ്പോയിരിക്കുകയാണ്. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിരുന്നു.

200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദുരന്ത നിവാരണസേന നല്‍കുന്ന വിവരം. കാണാതായവരില്‍ ഭൂരിഭാഗം പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്നും സേന വ്യക്തമാക്കുന്നു. അതേസമയം മരിച്ചവരില്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കും.

ഗ്വാട്ടിമാല സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഫ്യൂഗോ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്. ലാവാപ്രവാഹം തുടരുന്നതിനാല്‍ ഇനിയും സ്‌ഫോടനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. 3500 ഓളം പേര്‍ക്കാണ് ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്. മേഖലയില്‍ ദുരന്തനിവാരണ സേനയും സൈന്യവും മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ചാരം മൂടിയ നിലയിലാണ് മിക്ക മൃതദേഹങ്ങളും കണ്ടെടുത്തതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അഗ്‌നിശമന സേനയും കോണ്‍റെഡും ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അതേസമയം, ഞായറാഴ്ച രാത്രിയിലുണ്ടായ ലാവാപ്രവാഹത്തിന്റെ ശക്തി കുറഞ്ഞുവരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് കോണ്‍റെഡ് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിനുമുന്‍പും ഫ്യൂഗോ അഗ്‌നിപര്‍വ്വതത്തില്‍ ചെറുസ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ അപകടങ്ങള്‍ക്ക് കാരണമായിരുന്നില്ല.

 

ഡികെ

Share this news

Leave a Reply

%d bloggers like this: