കശ്മീരില്‍ ഏറ്റുമുട്ടല്‍; ഐഎസ് കശ്മീര്‍ തലവനടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലു ഭീകരരെ വധിച്ചു. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ചു. പ്രദേശവാസികളിലൊരാളും മരിച്ചതായി വിവരമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍(ഐഎസ്‌ജെകെ) നേതാവ് ദാവൂദും ഇയാളുടെ മൂന്ന് അനുയായികളുമാണു കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെതുടര്‍ന്നു പുലര്‍ച്ചെയാണു സൈന്യം അനന്ത്‌നാഗില്‍ തിരച്ചില്‍ തുടങ്ങിയത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു തിരിച്ചും വെടിവയ്പ് തുടങ്ങുകയായിരുന്നു.

റംസാന്‍ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നാലെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരവിരുദ്ധ വേട്ടക്കൊരുങ്ങി സൈന്യം. കശ്മീരില്‍ പാക് സഹായത്തോടെ ഇന്ത്യന്‍ സൈന്യത്തിനെ നേരിടുന്ന 21 ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജൈഷെ മൊഹമ്മദ്, അന്‍സര്‍ ഘസ്വാതുല്‍ ഹിന്ദ്, ഇസ്ലാമിക സ്റ്റേറ്റിന്‍െ കശ്മീര്‍ ഘടകം ഐഎസ്ജെകെ എന്നീ ഭീകര സംഘടനയില്‍ നിന്നുള്ളവരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയത്.

എ, എ പ്ലസ്, എ പ്ലസ് പ്ലസ് എന്നിങ്ങനെ തിരിച്ചാണ് ഭീകരരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരാണ് സൈന്യം തയ്യാറാക്കിയ പട്ടികയിലുള്ളത്. ഏറ്റവുമധികം ഭീകരര്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ നിന്നാണ്. 11 പേര്‍. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ നിന്നുള്ള ഏഴുപേരും ജയ്ഷെ മുഹമ്മദില്‍ നിന്നുള്ള രണ്ടു ഭീകരരും കൂടാതെ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദിലെ ഒരു ഭീകരനും പട്ടികയിലുണ്ട്. ഐഎസിന്റെ ജമ്മുകശ്മീര്‍ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന ദാവൂദ് അഹമ്മദ് സോഫി എന്ന ഡാനിഷും ഈ കൂട്ടത്തില്‍ പെടുന്ന ഭീകരനാണ്. ഇയാളെ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു.

കശ്മീരില്‍ ഗവര്‍ണര്‍ ഭരണം വന്നതിനാല്‍ സൈന്യത്തിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ ഭീകരവിരുദ്ധ വേട്ട കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്. ഗവര്‍ണര്‍ ഭരണം വന്നതിന് പിന്നാലെ വെള്ളിയാഴ്ച നടന്ന ആദ്യ സൈനിക നടപടിയില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പട്ടികയിലുള്ള ഭീകരരില്‍ ചിലര്‍ പാകിസ്താനില്‍ നിന്നുള്ളവരാണ്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: