ചൈനക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് യുഎസ്; ട്രമ്പ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ പ്രാബല്യത്തില്‍

വാാഷിംഗ്ടണ്‍: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 34 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക തീരുവ ഏര്‍പ്പെടുത്തികൊണ്ട് ചൈനയ്ക്കെതിരെയുള്ള വ്യാപാര യുദ്ധത്തിന് യുഎസ് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്നലെ മുതലാണ് പുതിയ തീരുവ പ്രാബല്യത്തില്‍ വന്നത്. തൊട്ടുപുറകെ യുഎസിന്റെ വ്യാപാര സംരക്ഷണവാദ നടപടികള്‍ക്ക് അതേ രീതിയില്‍ തിരിച്ചടി നല്‍കുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തീരുവയുടെ 25 ശതമാനവും വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന മെഷിനറി, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങള്‍ എന്നീ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണ്.

ആഗോള സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമാണ് യുഎസ് ആരംഭിച്ചിരിക്കുന്നതെന്ന് ചൈന ആരോപിച്ചു. രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി യുഎസ് നീക്കത്തിനെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

എസ്യുവികള്‍, മാംസം, സമുദ്ര വിഭവങ്ങള്‍ തുടങ്ങി യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുല്യ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തികൊണ്ട് തിരിച്ചടിക്കുമെന്ന് ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള നിര്‍ദേശവും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ – അലൂമിനിയെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതിനു പുറമേയാണിത്.

ഈ വര്‍ഷം അവസാനത്തോടെ ചൈനയില്‍ നിന്നുള്ള 16 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ പ്രതിരോധ നടപടികള്‍ അനുസരിച്ച് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്താണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. ബൗദ്ധിക സ്വത്തവകാശ ലംഘനവും മൂല്യവത്തായ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിന് യുഎസ് കമ്പകളില്‍ സമ്മര്‍ദം ചെലുത്തുന്നതും ഉള്‍പ്പെടെയുള്ള അന്യായ നടപടികള്‍ ഉപേക്ഷിക്കുന്നത് ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ തീരുവ ആവശ്യമാണെന്നാണ് ട്രംപിന്റെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും വാദം. പകരത്തിനു പകരം എന്ന നിലയ്ക്കുള്ള പ്രതികാര നടപടികള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നതിനു പുറമേ ആഗോള വ്യാപാരത്തില്‍ തന്നെ ചലനങ്ങളുണ്ടാക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: