മണിക്കൂര്‍ നീളുന്ന രക്ഷാ പ്രവര്‍ത്തനത്തിന് തയാറെടുത്ത് ദൗത്യ സംഘം; ഗുഹയില്‍ നിന്ന് അവര്‍ പുറത്തുവരുന്നതും കാത്ത് ലോകം

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്തമഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍ കനത്തമഴയെ തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

‘ഇന്ന് നിര്‍ണായക ദിവസമാണ്. ഏതു പ്രതിസന്ധിയും നേരിടാന്‍ ആണ്‍കുട്ടികള്‍ തയ്യാറാണ്’- രക്ഷാസംഘത്തലവന്‍ നാരോങ്സാക് ഒസോട്ടാനാകോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹയില്‍ പ്രവേശിക്കും. രാത്രി ഒമ്പതുമണിയോടെ ഗുഹയ്ക്കുള്ളില്‍നിന്ന് ആദ്യത്തെ കുട്ടിയെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍, വൈദ്യസംഘം,സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് മുങ്ങല്‍ വിദഗ്ധരും രക്ഷാസംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഏകദേശം പതിനൊന്നു മണിക്കൂര്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്കും പരിശീലകനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലന്‍സുകളും ഹെലികോപ്ടറുകളും രണ്ടിടങ്ങളിലായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങല്‍വിദഗ്ധരാണ് സഹായത്തിനെത്തുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: