ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മലയാളി കുടുംബത്തിലെ പത്തുവയസുകാരി മരിച്ചു; മാതാപിതാക്കള്‍ക്കും സഹോദരനും ഗുരുതര പരിക്ക്. പ്രാര്‍ഥനകളുമായി മലയാളി സമൂഹം.

ഓസ്‌ട്രേലിയ മെല്‍ബണിലെ ട്രഗനൈനയില്‍ മലയാളി പെണ്‍കുട്ടി കാര്‍ അപകടത്തില്‍ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് വാഹനത്തിലേക്ക് എതിര്‍വശത്തു നിന്ന് മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ഫോര്‍ഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറില്‍ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.

കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെണ്‍കുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാര്‍ ശരിയായ ദിശയില്‍ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെണ്‍കുട്ടിയുടെ മാതാവാണ് കാര്‍ ഓടിച്ചത്. ഇവരും പെണ്‍കുട്ടിയുടെ സഹോദരനും ഗുരുതരാവസ്ഥയിലാണ്. പിതാവിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചു പോയി. പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ് കാറുകള്‍.ഫോര്‍ഡ് ടെറിട്ടറി ഓടിച്ചിരുന്ന 41 കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. റോക്ക്ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ വിശദാംശങ്ങള്‍ മലയാളി സമൂഹം പങ്കുവച്ചെങ്കിലും ഇപ്പോള്‍ പേരുവിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു.

വിക്ടോറിയ പൊലീസിന്റെ മേജര്‍ കൊളിഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലായവര്‍ക്കായി പ്രാര്‍ഥനകളുമായി മലയാളി സമൂഹം ചിലവിടുകയാണ്. ഓര്‍ത്തഡോക്‌സ് കമ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: