അട്ടപ്പാടിയില്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് കന്യാസ്ത്രീയുടെ പ്രതിഷേധം; വീഡിയോ വൈറലാകുന്നു

“ഞങ്ങടേ റോഡ് കണ്ടോ, ആന കാരണം ഞങ്ങളുടെ പറമ്പും വീടും തകരുന്നു, ഞങ്ങടെ പറമ്പ് കണ്ടോ, ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം..” ഇത് വനം മന്ത്രിയുടെ കാർ ഒറ്റക്ക് മുന്നിൽ ചാടി നിർത്തിയ ശേഷം സിസ്റ്റർ റിൻസിയുടെ വാക്കുകൾ. അട്ടപ്പാടിയിൽ വനം മന്ത്രി കെ രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയ ആവേശ പൂർവ്വം ഏറ്റെടുത്തു.തകർന്ന റോഡും കാട്ടാനശല്യവും കാരണം നാട്ടുകാർ അനുഭവിക്കുന്ന ദുരിതങ്ങൾ പറയാൻ വേണ്ടിയാണ് റിൻസി മന്ത്രിയുടെ വാഹനം തടഞ്ഞത്.

മഴപെയ്ത് ജനജീവിതം ദുസഹമായ നാട്ടുകാര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിച്ചുകൊണ്ട് കാട്ടാനശല്യവും ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ മുന്നില്‍ പരാതിയുമായി ചെന്നുവെങ്കിലും ഒന്നിനും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാണ് മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍‍ത്തി പരാതി പറയേണ്ട ഗതികേട് ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. അട്ടപ്പാടി ഷോളയൂരിൽ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജു ആനക്കട്ടി ഷോളയൂർ റോഡിലൂടെ വരുമ്പോഴാണ് ഷോളയൂർ ദീപ്തി കോൺവെന്റിലെ സിസ്റ്റർ റിൻസി മന്ത്രി വാഹനത്തിന് കൈ കാണിച്ച് തടഞ്ഞു നിർത്തി പരാതി പറഞ്ഞത്.

മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ടാണ് വരുന്നതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും പരാതിക്ക് മറുപടി കിട്ടാത്തതിലുള്ള അസംതൃപ്‍തി സിസ്റ്റര്‍ പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങളെ വഴിതടഞ്ഞു നിർത്തിപ്പിച്ചു വോട്ട് ചോദിക്കാമെങ്കിൽ, ഞങ്ങൾ ജനങ്ങൾക്കെന്താ സാറെ നിങ്ങളെ റോഡിൽ വച്ചു കാര്യങ്ങൾ ബോധിപ്പിച്ചാൽ എന്ന് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: