അര്‍ബുദം നിസാരവത്കരിച്ച് യുവതിയെ മരണത്തിലെത്തിച്ചു; അയര്‍ലണ്ടില്‍ നടക്കുന്ന ആരോഗ്യ പരിശോധനകളുടെ വിശ്വാസ്യത കുറഞ്ഞുവരുന്നു.

ഡബ്ലിന്‍: എച്ച്.എസ്.ഇ യുടെ ആരോഗ്യ പരിശോധനയില്‍ വിശ്വസിച്ച 26 വയസ്സുകാരിയായ യുവതിക്ക് ദാരുണ അന്ത്യം. ചികിത്സ നീണ്ടുപോയി എന്ന ഒറ്റ കാരണത്താല്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന എന്നീസ്‌കാരി ഈഡന്‍ കെല്ലി എച്ച്.എസ്.ഇ-യുടെ പിടിപ്പുകേടിന്റെ ഇരയായി മാറി. കെല്ലിയുടെ മരണത്തിന് ശേഷം ഹൈക്കോടതിയില്‍ എത്തിയ കേസില്‍ ആരോഗ്യ വകുപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെട്ടു.

2006 -ല്‍ എന്നീസിലെ മിഡ് വെസ്റ്റേണ്‍ റീജണല്‍ ആശുപത്രിയില്‍ സ്തനാര്‍ബുദ പരിശോധനക്ക് എത്തിയ ഈഡന്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയമായപ്പോള്‍ 2 സെന്റീമീറ്ററോളം വ്യാപ്തിയില്‍ മുഴ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ബയോസ്പിയില്‍ ഈ മുഴ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഇത് വിശ്വസിച്ച കെല്ലി ഒരു വര്‍ഷത്തോളം ചികിത്സകളൊന്നും ഇല്ലാതെ സാധാരണ ജീവിതം നയിച്ചു.

ഇതിനിടയില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലീമെറിക്കിലെ ബ്രെസ്റ്റ് ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ മുഴ 6 സെന്റീമീറ്റര്‍ വരെ വളര്‍ന്നിരുന്നു. അപ്പോഴേക്കും അര്‍ബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചെന്ന റിപ്പോര്‍ട്ട് ആയിരുന്നു കെല്ലിയെ കാത്തിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

മരണത്തിന് ശേഷം ഇവരുടെ കുടുംബം ഫയല്‍ ചെയ്ത കേസില്‍ കെല്ലിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. കെല്ലി മരിച്ചത് അര്‍ബുദബാധകൊണ്ട് മാത്രമല്ലെന്ന ആരോഗ്യ വകുപ്പിന്റെ ന്യായം പിന്തള്ളിക്കൊണ്ട് എച്ച്.എസ്.ഇ-യെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോടതി ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥ നീതീകരിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തി. കേസില്‍ എച്ച്.എസ്.ഇ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: