യു.എസും യൂറോപ്യന്‍ യൂണിയനും ധാരണയില്‍; ഇറക്കുമതിത്തീരുവ പിന്‍വലിക്കും

വാഷിങ്ടണ്‍: വ്യാപാരയുദ്ധത്തില്‍ അയവുവരുത്തി യു.എസും യൂറോപ്യന്‍ യൂണിയനും. പരസ്പരമേര്‍പ്പെടുത്തിയ ഇറക്കുമതിത്തീരുവ കുറയ്ക്കാനുള്ള നടപടികളെടുക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. തീരുവ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള വിട്ടുവീഴ്ചകള്‍ക്കാണ് ഇരുവിഭാഗങ്ങളും തയ്യാറായത്.

തീരുവയും സബ്‌സിഡികളും പൂര്‍ണമായും ഒഴിവാക്കി തടസ്സമില്ലാതെയുള്ള വ്യാപാരം നടത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സംയുക്തപ്രസ്താവനയില്‍ ട്രംപും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മേധാവി ഴാങ് ക്ലോദ് ജങ്കറും വ്യക്തമാക്കി. വൈറ്റ് ഹൗസിലാണ് ട്രംപും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച നടന്നത്. യു.എസില്‍നിന്ന് സോയാബീനും പ്രകൃതിവാതകവുമുള്‍പ്പെടെയുള്ള നൂറുകോടിക്കണക്കിന് ഡോളറിന്റെ ഉത്പന്നങ്ങള്‍ യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യാനും ചര്‍ച്ചയില്‍ ധാരണയായി.

യൂറോപ്പും യു.എസും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലെത്തിയതായി ചര്‍ച്ചയ്ക്കുശേഷം ജങ്കര്‍ പ്രതികരിച്ചു. സ്വതന്ത്രവും നീതിയുക്തമായ വ്യാപാരത്തിന്റെ പ്രധാനദിനമാണിതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ധാരണയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന കാറുകള്‍ക്ക് തീരുവയേര്‍പ്പെടുത്തില്ലെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്റ്റീവ് മിനുച്ചിന്‍ പറഞ്ഞു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: