ലോക കുടുംബ സംഗമം: ഫ്രാന്‍സിസ് പാപ്പയുടെ സ്റ്റാമ്പുമായി ഐറിഷ് ഗവണ്‍മെന്റ്

ഡബ്ലിന്‍: ആഗസ്റ്റ് ഇരുപത്തിയൊന്നു മുതല്‍ ഇരുപത്തിയാറാം തീയതി വരെ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നടക്കുന്ന ലോക കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുന്നതിന്റെ പ്രതീകമായി ഐറിഷ് ഗവണ്‍മെന്റ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഒരു യൂറോയുടെയും, ഒന്നര യുറോയുടെയും സ്റ്റാമ്പുകളാണ് ജൂലൈ ഇരുപത്തിയാറാം തീയതി മുതല്‍ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട തപാല്‍ ഓഫിസുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പറന്നുയരുന്ന ഒരു പ്രാവിനെ കൈയ്യില്‍ പിടിച്ചിരിക്കുന്നതാണ് ഒരു യൂറോയുടെ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം. കടല്‍ തീരത്തു കൂടി നടക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രം ഒന്നര യൂറോയുടെ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

മാര്‍പാപ്പയുടെ സന്ദര്‍ശനം സഭയ്ക്കും രാജ്യത്തിനും വലിയൊരു അവസരമാണെന്നും അതിനാല്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പുകള്‍ യോജിച്ച രീതിയിലുള്ള ആദരമാണെന്നും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മുയിഡ് മാര്‍ട്ടിന്‍ പറഞ്ഞു. ലോക കുടുബ സംഗമത്തിനായി ഏകദേശം അഞ്ചുലക്ഷം ആളുകള്‍ ഡബ്ലിനില്‍ എത്തിചേരുമെന്നാണ് കരുതപ്പെടുന്നത്. 1989-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനു ശേഷം അയര്‍ലണ്ട് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ പരിപാടിയായാണ് ലോക കുടുംബ സംഗമത്തെ സംഘാടകര്‍ നിരീക്ഷിക്കുന്നത്. ‘ദ ഗോസ്പല്‍ ഓഫ് ദ ഫാമിലി, ജോയ് ഫോര്‍ ദ വേള്‍ഡ്’ എന്നതാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ ആപ്തവാക്യം.

 

എ എം

Share this news

Leave a Reply

%d bloggers like this: