യൂറോപ്പ്യന്‍ യൂണിയന്‍ മാതൃകയില്‍ ഇന്ത്യയിലും പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ വരുന്നു

ആഗോളതലത്തില്‍ യൂറോപ്യന്‍ യൂണിയന്റെ വ്യക്തിവിവര സംരക്ഷണത്തിനായുള്ള ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുണ്ടായിട്ടുള്ള സുപ്രധാന നിയമ നിര്‍മാണ നീക്കമാണ് ഇന്ത്യയുടേത്. ജിഡിപിആര്‍ നിയമം അനുശാസിക്കുന്ന യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് മാതൃകയില്‍ ഡേറ്റാ സംരക്ഷണത്തിനായി സ്വയം നിയന്ത്രണാവകാശമുള്ള ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ശ്രീകൃഷ്ണ കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. വ്യക്തിവിവരങ്ങളുടെ കാര്യത്തില്‍ പൗരന്മാര്‍ക്ക് പ്രാമുഖ്യം ലഭിക്കണം. എന്ത് വിലകൊടുത്തും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. കച്ചവട, വ്യാവസായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാവരുത്.

എല്ലാ സ്ഥാപനങ്ങളിലും ഡേറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മാര്‍ നിയമിക്കപ്പെടണം. ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പ്രാദേശികമായി സൂക്ഷിക്കുന്നതും, വിവര ശേഖരണത്തിനും അതിന്റെ കൈകാര്യത്തിനും കൈമാറ്റത്തിനും വ്യക്തികളില്‍ നിന്നുള്ള പൂര്‍ണ സമ്മതം ഉറപ്പുവരുത്തുന്നതുമാണ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍. വിവര സംരക്ഷണ നിയമം നടപ്പിലാക്കാന്‍ സ്വതന്ത്രാധികാരമുള്ള ഡോറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി വേണമെന്നതാണ് ശ്രീകൃഷ്ണ കമ്മീഷന്റെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന്. പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പില്‍ വരുത്തുന്നതും, നിരീക്ഷിക്കുന്നതും, നിയമകാര്യങ്ങള്‍, നയപരിപാടികള്‍, പ്രവര്‍ത്തനരീതികള്‍ നിശ്ചയിക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഗവേഷണം, ബോധവല്‍കരണം, അന്വേഷണം, അന്തിമ വിധി കല്‍പ്പിക്കല്‍ എന്നീ ചുമതലകള്‍ ഈ അധികാര സമിതിയുടേതാവും. അതായത് വിവര സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്നതിന്റെ സകല ചുമതലയും ഈ സമിതിയുടേതാവും.

ആധാര്‍ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ആധാര്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന സുപ്രധാന നിര്‍ദേശം കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. ആധാര്‍ ആക്റ്റില്‍ 16 ഭേദഗതികളാണ് കമ്മീഷന്‍. നിര്‍ദേശിച്ചത്. ആധാര്‍ തിരിച്ചറിയല്‍ രേഖയുടെ ദാതാക്കളായ യു.ഐ.ഡി.എ.ഐ.യ്ക്ക് സര്‍വ്വാധികാരം ഉറപ്പാക്കും വിധത്തില്‍, സ്വകാര്യതാ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ആധാര്‍ നിയമം ഭേദഗതി ചെയ്യണമെന്ന് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നു.

പ്രശ്‌നക്കാര്‍ക്കെതിരെ നടപടികളെടുക്കുന്നതില്‍ യുഐഡിഎഐയുടെ അധികാരങ്ങളെ കുറിച്ച് ആധാര്‍ നിയമം കൃത്യമായി ഒന്നും പറയുന്നില്ല. ആധാര്‍ നമ്പറുകള്‍ക്ക് അകാരണമായി നിര്‍ബന്ധം പിടിക്കുക, ആധാര്‍ നമ്പറുകള്‍ അനധികൃത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, ആധാര്‍ നമ്പറുകള്‍ ചോര്‍ത്തുക എന്നിവയെല്ലാം വിവര സ്വകാര്യതയെ ബാധിക്കുന്നതാണെന്നും അതിന് അടിയന്തിര പരിഹാരം ആവശ്യമുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

പൊതു അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയെ ദോഷമായി ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങള്‍ മൗലികാവകാശങ്ങള്‍ തമ്മിലും, സുതാര്യതയും സ്വകാര്യതയും തമ്മിലുമുള്ള പരസ്പര സംഘര്‍ഷമുണ്ടാവാം. എന്നാല്‍ സ്വകാര്യതയ്ക്കുള്ള അവകാശവും അറിയാനുള്ള അവകാശവും ആത്യന്തികമല്ല എന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി നിര്‍ദേശിക്കുന്ന സാഹചര്യങ്ങളില്‍ അവ പരസ്പരം സന്തുലനം ചെയ്യപ്പെടേണ്ടതാണെന്നും കമ്മീഷന്‍ പറയുന്നു.

യൂറോപ്പില്‍ വിവരസംരക്ഷണ നിയമം നിലവില്‍ വന്നതിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് പരാതികളാണ് ലഭിച്ചത്. വിലക്കും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ജിഡിപിആര്‍ നിയമത്തിന് വീഴ്ചവരുത്തുന്നവര്‍ക്ക് ലഭിക്കുക. ഗൂഗിള്‍, ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള ശക്തരായ സ്ഥാപനങ്ങള്‍ക്ക് വരെ ജിഡിപിആര്‍ നിയമ ലംഘനത്തിന്റെ പേരില്‍ ആയിരക്കണക്കിന് ഡോളര്‍ പിഴ ശിക്ഷ ലഭിച്ചുകഴിഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: