ലിവിങ് സെര്‍ട്ട് അമിത ഭാരം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതായി പഠനം

ഡബ്ലിന്‍: ലിവിങ് സെര്‍ട്ട് കുട്ടികളില്‍ പഠനഭാരവും മാനസിക സമ്മര്‍ദ്ദവും കൂടി വരുന്നതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡി.യു.യു, ട്രിനിറ്റി കോളേജ്, ഡബ്ലിന്‍ കോളേജ് എന്നിവിടങ്ങളില്‍ നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മ ശക്തിയെ മാത്രം ആശ്രയിച്ച് നടത്തുന്ന പരീക്ഷയില്‍ അവര്‍ മാനസീക പിരിമുറുക്കത്തില്‍ അകപ്പെട്ടുപോകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഡെനീസ് ബേണ്‍സ് സൂചിപ്പിച്ചു. കുട്ടികളുടെ സര്‍ഗീയ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിലവിലെ ലിവിങ് സെര്‍ട്ട് പരീക്ഷ സമ്പ്രദായം തടസ്സം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ ചിന്താശേഷി വഴിവിട്ടുപോകും. മനസ്സിന്റെ സമനിലയില്‍ വ്യത്യാസംവരും. യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവര്‍ത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാന്‍ കഴിയാതെ പോകും. സ്വന്തംകഴിവ് മുഴുവന്‍ പ്രകടമാക്കുവാന്‍ കഴിയാതെ വരും. ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും തല പൊക്കിയേക്കാം. മാതാപിതാക്കളും പലപ്പോഴും പരീക്ഷാക്കാലത്ത് പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അത്ര തന്നെ മാനസിക പിരിമുറക്കത്തിലും ഉത്കണ്ഠയിലും പെടുന്നതായി കാണുന്നു.

വര്‍ഷം മുഴുവന്‍ പഠിച്ചവയില്‍ നിന്നും ഏതാനും ചോദ്യങ്ങള്‍ക്ക് കൃത്യസമയത്തിനുള്ളില്‍ കൃത്യതയോടെ ഉത്തരം എഴുതുകയും കുട്ടി ഉദ്ദേശിച്ച ആശയം ഒട്ടും ചോരാതെ മാര്‍ക്കിടുന്ന അദ്ധാപകന് എത്തിക്കുകയും ചെയ്യുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ലിവിങ് സെര്‍ട്ട് പരീക്ഷ സമ്പ്രദായം. പരീക്ഷ കഴിയുമ്പോള്‍ എത്ര മിടുക്കനായ വിദാര്‍ത്ഥിക്കും പരീക്ഷ കുറച്ചുകൂടി നന്നായി എഴുതാമായിരുന്നു എന്ന നിരാശാബോധം ഉണ്ടാകാം. മറ്റു കുട്ടികളുമായി പരീക്ഷയെക്കുറിച്ച് താരതമ്യപ്പെടുത്തി ചര്‍ച്ചചെയ്യുമ്പോഴാണ് നിരാശ വര്‍ദ്ധിക്കുന്നത്. അബദ്ധത്തില്‍ എഴുതാന്‍ വിട്ടുപോയ ചോദ്യങ്ങള്‍, എഴുതിയപ്പോള്‍ തെറ്റിപ്പോയ ഉത്തരങ്ങള്‍ എന്നിവയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ നിരാശ ആധിക്ക് വഴിമാറും. അതിനാല്‍ ഓര്‍മ്മ പരിശോധനാ രീതി മാറി, പ്രാക്ടിക്കലായ അറിവ് പരിശോധന സമ്പ്രദായത്തിലേക്ക് മാറണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: