പ്രളയ ദുരിതത്തില്‍ കേരളം : സ്ഥിതി അതീവ ഗുരുതരം, മരണം നൂറിലേയ്ക്ക്; കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും | Live Updates…

11.30pm:
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരുമണിക്കൂറില്‍ പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ 20 ലക്ഷം ലിറ്ററിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. എന്നാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ പറയുന്നത്.

എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നാല് മീറ്ററോളം ഉയരത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു.

10.30pm:
പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈനികരും എന്‍.ഡിആര്‍എഫ് അംഗങ്ങളും പത്തനംതിട്ടയില്‍ എത്തിയെങ്കിലും ചെങ്ങന്നൂരിലെ പല സ്ഥലത്തേക്കും രക്ഷാസേനയ്ക്ക് എത്താനാകുന്നില്ല. ജനങ്ങള്‍ സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

 

10.15pm:
മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാന്‍ ജില്ല ദുരന്തനിവാരണ സംഘത്തിന്റെ 25 ബോട്ടുകള്‍ ചെങ്ങന്നൂരിലുണ്ട്. നിലവില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 483 ഭക്ഷണകേന്ദ്രങ്ങളാണ് ഇതുവരെ തുടങ്ങിയിരിക്കുന്നത്. കുട്ടനാട്ടില്‍ 455 ഭക്ഷണകേന്ദ്രങ്ങളില്‍ 22989 കുടുംബങ്ങളിലെ 93284 അംഗങ്ങളാണുള്ളത്. സന്നദ്ധ പ്രവര്‍ത്തകരായ 20മത്സ്യ തൊഴിലാളികളടങ്ങിയ സംഘവും പൊന്തുവള്ളങ്ങളില്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

09.55pm:
മുല്ലപ്പെരിയാര്‍ ബേബി ഡാം പൊട്ടിയെന്ന തരത്തില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിക്കുന്നു.

09.45pm:
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കേരള പൊലീസും അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണു വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കിയിരുന്നു.

മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം. നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സമിതി, മുല്ലപ്പെരിയാര്‍ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗം ചേര്‍ന്നുവേണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ യോഗം പരിഗണിക്കണം. എന്തു തീരുമാനം എടുത്താലും ഉടന്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി നാളെ രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.

09.37pm:

വാജ്പേയുടെ അന്ത്യചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി കേരളത്തില്‍ എത്തുമെന്ന് അല്‍ഫോന്‍ഡ് കണ്ണന്താനം

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

09.36pm:

നെടുമ്പാശേരി വിമാനത്താവളം കുറച്ചു ദിവസത്തേക്ക് അടച്ചിടേണ്ടി വരും. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കും.

09.35pm:
സൈന്യത്തെ വിന്യസിക്കും.

ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് മനസിലാകുന്നത്. NDRF – 40 ടീമുകള്‍ കൂടി കേരളത്തില്‍ തരും. 200 ലൈഫ് ബോയ്‌സും 250 ലൈഫ് ജാക്കറ്റും പെട്ടെന്ന് എത്തിക്കും

09.33pm:
നേവി യൂണിറ്റുകള്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു. 10 യൂണിറ്റുകളില്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയോട് എന്‍ ഡി ആര്‍ എഫ് ടീമിന്റെ അഞ്ചു ടീമുകള്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. രാജ്യരക്ഷാവകുപ്പില്‍ നിന്ന് 98 മോട്ടോറൈസ്ഡ് ബോട്ടുകളും മോട്ടോറൈസ്ഡ് അല്ലാത്ത 48 ബോട്ടുകളും ആവശ്യപ്പെട്ടു.

09.32pm:

ആഭ്യന്തരവകുപ്പിന്റെ അടുത്ത് 1098 ലൈഫ് ജാക്കറ്റുകള്‍ ആവശ്യപ്പെട്ടു. ഇന്‍ഫ്രാറെഡ് ലൈറ്റുകള്‍ ആവശ്യപ്പെട്ടു. 1775 റെയിന്‍ കോട്ട് വേണമെന്ന് ആവശ്യപ്പെട്ടു.

09.28pm:
തമിഴ്നാട് ഫയര്‍ഫോഴ്സ് ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഉപയോഗിക്കും

09.25pm:

വലിയ ദുരന്തമാണ്. കേരളത്തെ പുനര്‍നിര്‍മിക്കണം. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

09.17pm:
പരിഭ്രാന്തി പരത്തുന്നത് ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങാതെ യാഥാര്‍ഥ്യം മനസിലാക്കണം. മഴ നാളെയും തുടരും. കൂടുതല്‍ ജാഗ്രത ആവശ്യമാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ അതില്‍ നിന്ന് പിന്തിരിയണം. ജനങ്ങള്‍ വ്യാജവാര്‍ത്തകളില്‍ പെട്ടു പോകരുത്.

എറണാകുളം – 2500, പത്തനംതിട്ട – 550 പേരെയും ഇന്ന് രക്ഷപ്പെടുത്തി. ദുരിതാശ്വാസത്തിന്റെ പൊതുവായ ചുമതല ജില്ലാ കളക്ടര്‍മാര്‍ക്ക് ആയിരിക്കും.

വെള്ളത്തിന്റെ കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തും.

09.15pm:
തിരുവല്ല, റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, തിരവല്ല മേഖലകളില്‍ ആളുകളെ രക്ഷിക്കാന്‍ നടപടിയെടുക്കും. 23 ഹെലികോപ്ടറുകള്‍ നാളെ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടാകും. 250 ലേറെ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, നാളെമുതല്‍ കൂടുതല്‍ ഹെലികോപ്ടറുകള്‍ ലഭ്യമാക്കും. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ,സേവനം ലഭ്യമാക്കും. ഒറ്റപ്പെട്ട് കഴിയുന്നവരെ എത്രയും പെട്ടെന്ന് രക്ഷിക്കും. അതിനുള്ള പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും.

 

09.10pm:
നാട്ടിലുള്ളവര്‍ സഹായിക്കാന്‍ തയ്യാറാകണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവാകുന്ന തുക സര്‍ക്കാര്‍ വകവെച്ചു കൊടുക്കും. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. തദ്ദേശസ്വയ സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കണം.

09.05pm:
സമീപപ്രദേശങ്ങളെ വെള്ളത്തില്‍ മുക്കിയ പ്രളയജലം കൊച്ചി നഗരത്തിലേക്കും എത്തുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, പേരണ്ടൂര്‍ മേഖലകളിലേക്കാണ് വെള്ളം കയറുന്നത്. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടയാണ് കൊച്ചിയിലേക്കും വെള്ളം കയറി തുടങ്ങിയത്.

ആളുകളെ ഒഴിപ്പിക്കുകയും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ഈ സാഹചര്യത്തില്‍നിന്നും രമാവധി ആളുകളെ മാറ്റാന്‍ ശ്രമിക്കുകയാണ്. ഇടപ്പള്ളി തോട് നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.നേരത്തേ ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ വെളളം കയറിയിരുന്നു.

09.02pm:
അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഐടി മേഖലയില്‍ പ്രാവീണ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ എത്രയും വേഗം ആവശ്യമുണ്ടെന്ന് എന്‍.പ്രശാന്ത് ഐഎഎസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. താല്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്നുള്ളത് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലെയും കണ്‍ട്രോള്‍ സെന്ററില്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ള 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേര്‍ വേണ്ടിവരും.

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള കാളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോള്‍ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവര്‍ത്തകര്‍ക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങള്‍ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാന്‍ വോളണ്ടീയര്‍മാരെ വേണം.

താല്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുള്ളത്, പേര് മൊബൈല്‍ നമ്പര്‍ സഹിതം ഉടനെത്തന്നെ ഈ പോസ്റ്റിനു കീഴെ കമന്റ് ചെയ്യുക. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്.

09.00pm:
ആലപ്പുഴ ജില്ലയില്‍ നിന്ന് ഒറ്റപ്പെട്ടു പോയ രാമങ്കരി പ്രദേശത്ത് നിന്ന് 1000 ആളുകളെ കോട്ടയം ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ക്കായി ചങ്ങനാശ്ശേരി എസ്ബി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. രാമങ്കരി പ്രദേശത്ത് വെള്ളം കയറി ആലപ്പുഴ ജില്ലയില്‍ നിന്ന് ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് കൊണ്ടൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയാണ് ഇവിടെ എത്തിച്ചത്.

08.58pm:
ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 1500റോളം പേര്‍ ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നു.

08.55pm:

എറണാകുളം നഗരത്തിന്‍റെ  ഭാഗമായുള്ള ഇടപ്പള്ളി, പേരണ്ടൂർ, കടവന്ത്ര ,ചിറ്റൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിൽ വെള്ളം ഉയർന്നു വരുന്നതിനാൽ പരിസരവാസികൾ  ചാനലുകളിൽ കൂടി നൽകുന്ന നിർദ്ദേശങ്ങളും, സർക്കാർ സംവിധാനങ്ങളും നൽകുന്ന മുന്നറിയിപ്പുകൾ ദയവായി ശ്രദ്ധിക്കുക. സുരക്ഷിത സ്ഥാനങ്ങളിലേക്കു ദയവു ചെയ്ത് മാറുവാൻ അഭ്യർത്ഥിക്കുന്നു.

08.50pm:അയര്‍ലണ്ട് മലയാളികളില്‍ പലരും അവരുടെ ബന്ധുക്കളും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നേവിയുടെ എമര്‍ജന്‍സി റസ്പോണ്‍സ് ടീം 10 ബോട്ടുകളുമായി ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

08.45pm:
സൗദിയിലെ ജിദ്ദ എയര്‍പോര്‍ട്ടില്‍ കൊച്ചു കുട്ടികളടക്കം 41 മലയാളികള്‍ മൂന്നു ദിവസമായി ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു. സംസ്ഥാനം പ്രളയബാധിതമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട ജിദ്ദ- കൊച്ചി എസ്‌വി 746 എന്ന നമ്പരിലുള്ള വിമാനം തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി നല്‍കുന്നില്ല. പിഞ്ചു കുട്ടികളടക്കമുള്ള സംഘമാണ് വിമാനത്തിലുള്ളത്. ആദ്യ ദിവസം ഇവര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും പിന്നീട് ഇവരെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കുകയായിരുന്നു.

08.40pm:

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

08.35pm:
കോട്ടയം നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ജനങ്ങളുടെ നീണ്ട നിര. കൊച്ചിയിലും സമാനമായ അവസ്ഥയാണുള്ളത്.

08.32pm:
മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് 1,66,538 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 1155 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് എട്ടു മുതല്‍ 94 പേരാണ് ഇതുവരെ ഔദ്യോഗിക കണക്ക് പ്രകാരം മരിച്ചത് (വൈകീട്ട് ആറു വരെ). ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ പല വീടുകളും ഒറ്റപ്പെട്ട നിലയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം മൂലമുള്ള ദുരിതം നിയന്ത്രണാതീതമാണ്. പത്തനംതിട്ടയടക്കം വിവിധ സ്ഥലങ്ങളില്‍ താമസക്കാര്‍ വീടിനു മുകളില്‍ കയറിനില്‍ക്കുകയാണ്. ഇരുനില കെട്ടിടങ്ങളുടെ ഒന്നാം നില വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയിലാണുള്ളത്. സൈന്യമടക്കമുള്ളവര്‍ ഈ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ബോട്ടുകള്‍ കടന്നുചെല്ലാന്‍ കഴിയാത്തതും ഹെലികോപ്ടറുകള്‍ ഇറക്കാന്‍ സാധിക്കാത്തതും തടസ്സമാകുന്നു. പത്തനംതിട്ടയിലെ പ്രളയത്തില്‍നിന്നു കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് വ്യോമമാര്‍ഗം എത്തിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

08.31pm:

അടിയന്തര ഘട്ടങ്ങളില്‍ സ്ഥലത്തെ സ്ഥലത്തെ STD കോഡിനൊപ്പം 1077 ഡയല്‍ ചെയ്യുക

08.30pm:
പത്തനംതിട്ട, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അടിയന്തര സഹായത്തിനായി ഇവരെയും ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക് പേജിലൂടെ അറിയിച്ചു.

08.28pm:
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ഇതുവരെ മരിച്ചത് 59 പേര്‍

08.20pm:
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് സൈബര്‍ഡോം മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു.

06.20pm:
രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26ന് ഉച്ചയ്ക്കു രണ്ടു മണിവരെ നിര്‍ത്തിവച്ചു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ കൂടുതല്‍ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെയുള്ള ഓപ്പറേഷനല്‍ ഏരിയ മുങ്ങിയത്.

06.10pm:
പെരിയാര്‍ കരകവിഞ്ഞൊഴുകി ആലുവ വഴിയുള്ള ദേശീയപാതയിലെ ഗതാഗതം തടസപപ്പെട്ടു. ബസുകളും ലോറികളും അടക്കമുള്ള വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. ചെറിയ വാഹനങ്ങള്‍ പലതും വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ പാതയിലടക്കം നാവികസേന ബോട്ട് ഇറക്കി രക്ഷാപ്രവര്‍ത്തനം തുടങ്ങി. വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അധികൃതരുടെ നിര്‍ദ്ദേശം അവഗണിച്ച് ജനങ്ങള്‍ പലരും വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. തൃശ്ശൂര്‍ – കുന്ദംകുളം പാതയില്‍ വാഹനങ്ങള്‍ ഓടിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീവണ്ടി ഗതാഗതവും പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന എല്ലാ തീവണ്ടികളും നിര്‍ത്തിവച്ചു. കന്യാകുമാരി കുഴിത്തുറയില്‍ മണ്ണിടിഞ്ഞുവീണതും തീവണ്ടി ഗതാഗതത്തെ ബാധിച്ചു. എറണാകുളം ഭാഗത്തേക്കുള്ള എല്ലാ തീവണ്ടികളും കഴിഞ്ഞ ദിവസം രാത്രിതന്നെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ മാത്രമെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.

ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ഇവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തിലാണ്. കനത്ത മഴയില്‍ എറണാകുളം റോഡ്സ് ഡിവിഷനിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഈ റോഡുകളിലൂടെ യാത്ര പരമാവധി ഒഴിവാക്കണമെന്നും റോഡ്‌സ് ഡിവിഷന്‍ അറിയിച്ചു.

06.02pm:
യുദ്ധക്കെടുതി നേരിടുന്ന രാജ്യങ്ങള്‍ക്കു സമാനമായ അവസ്ഥയിലാണ് സംസ്ഥാനം. പത്തനംതിട്ടയിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരം. ഏറ്റവും കൂടുതല്‍ കുടുംബങ്ങളും പ്രദേശങ്ങളും ഒറ്റപ്പെട്ടുപോയതു ഇവിടെയാണ്. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്. പല വീടുകളിലും കഴിയുന്ന പ്രായമായ മാതാപിതാക്കളുടെ മക്കള്‍ വിദേശത്താണ്. രോഗാവസ്ഥയിലുള്ള ഇവര്‍ രക്ഷാപ്രവര്‍ത്തകര്‍ തേടിയെത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണു പ്രായമായവര്‍ കൂടുതലും സഹായത്തിനായി കേഴുന്നത്.

ഒന്നാം നില വെള്ളത്തില്‍ മുങ്ങിയതോടെ രണ്ടാംനിലയിലുള്ള വീടുകളിലും ഫ്ളാറ്റുകളിലും താമസിക്കുന്നവരാണ് രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുന്നതിനായി മാധ്യമങ്ങളെ വിളിക്കുന്നത്. രാവിലെ പത്തനംതിട്ടയില്‍ യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിവരുന്നത്. സൈന്യവും ദുരന്ത നിവാരണ സേനയും ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ രക്ഷാപ്രവര്‍നത്തെ മഴ പ്രതീകൂലമായി ബാധിക്കുന്നുണ്ട്. 28 ഓളം ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. 23 ബോട്ടുകള്‍ കൂടി സ്ഥലത്ത് എത്തിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ചുരുങ്ങിയ ബോട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ നേരിടുന്നത്. ഹെലികോപ്ടറുകളുടെ സാന്നിദ്ധ്യം സഹായകരമാണെങ്കിലും എല്ലാ ഭാഗത്തേക്കും ഇത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ അതിശക്തമായ മഴ തുടരുകയാണ്. പമ്പ ഉള്‍പ്പടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകകയാണ്.

മഴ കനത്തതോടെ കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ജില്ലയിലെത്തി. ജില്ലയിലെ 105 ക്യാമ്പുകളിലായി ഒന്നേകാല്‍ ലക്ഷം പേരാണുള്ളത്. കനത്ത മഴയ്ക്കൊപ്പം വിവിധ ഡാമുകളുടെ ഷട്ടറുകള്‍ കൂടി തുറന്നതോടെ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രളയ ഭീതി കണക്കിലെടുത്തു കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്.

മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ ,കോട്ടയം പ്രദേശങ്ങള്‍ വെള്ളത്തിലായി. തീക്കോയിയിലും കൈപ്പള്ളിയിലും ഉരുള്‍ പൊട്ടിയതോടെ ഈരാറ്റുപേട്ട-പാലാ- കോട്ടയം റോഡ് വെള്ളത്തിലാണ്. തീക്കോയിയില്‍ ഉരുള്‍ പൊട്ടി അഞ്ചുപേര്‍ മരിച്ചിരുന്നു.

അടിയന്തിര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ ആദ്യം ആശ്രയിക്കേണ്ടത്.സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍ . ഈ നമ്പറില്‍ വിളിച്ചാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും. നമ്പര്‍ ബിസിയാണെങ്കില്‍ താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.

05:25pm:

കൊച്ചി നേവല്‍ ബേസില്‍ വിമാനമിറക്കാന്‍ കേന്ദ്രതീരുമാനം
ബോയിങ് 737 വിമാനങ്ങള്‍ കൊച്ചി നേവല്‍ ബേസില്‍ ഇറക്കാന്‍ സാധിക്കും. ഈ വിമാനങ്ങള്‍ ഇവിടെ ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മറ്റ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കും കരിപ്പൂരിലേക്കും തിരിച്ചുവിടാനാണ് തീരുമാനം.

05:20pm:

മഴ ഞായറാഴ്ച വരെ
ഒറീസ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം ഛത്തീസ്ഗഡ് ഭാഗത്തേക്ക് നീങ്ങിയതായി കാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ മഴ ഞായറാഴ്ച വരെ തുടരും. എറണാകുളം മുതല്‍ വടക്കോട്ടുള്ള ഭാഗങ്ങളിലായിരിക്കും ഇനിയുള്ള ദിവസങ്ങളിള്‍ മഴ ശക്തം.

05:18pm:ഇന്ന് മരണം 41
സംസ്ഥാനത്തെ തീരാദുരിതത്തിലും ദുഖത്തിലുമാക്കി കാലവര്‍ഷം അതിശക്തമായി തുടരുകയാണ്. ഇന്ന് മാത്രം വിവിധ ജില്ലകളിലായി 41 പേര്‍ മരിച്ചു. പാലക്കാട് നെന്മാറ ആളുവശേരിയില്‍ ഉരുള്‍പൊട്ടി എട്ടുപേര്‍ മരിച്ചു. കോഴിക്കോട്, കോട്ടയം ജില്ലകളില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് നാലുപേര്‍ വീതം മരിച്ചു. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടുപേരും അതിരപ്പിളളിയില്‍ ഉരുള്‍പൊട്ടി ഒരു സ്ത്രീയും മരിച്ചു. മലപ്പുറം എടവണ്ണയില്‍ ഉരുള്‍പൊട്ടലില്‍ നിഷ(26) എന്ന യുവതി മരിച്ചു, ഒരാള്‍ വീടിനുളളില്‍ കുടുങ്ങി കിടക്കുകയാണ്. കോഴിക്കോട് മാവൂര്‍ ഊര്‍ക്കകടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു. തൃശൂര്‍ വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. പാലക്കാട് ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. കണ്ണൂരില്‍ തോണിമറിഞ്ഞ് ഒരാള്‍ മരിച്ചു. രാമന്തളി പുഴയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ ഭാസ്‌കരന്‍ തോണി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മരിക്കുകയായിരുന്നു.കോഴിക്കോട് മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

05:15pm: 

കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സാഹചര്യം കണക്കിലെടുത്താന്‍ കേരളത്തില്‍ വെള്ളം ഇനിയും ഉയരും. പെരിയാറില്‍ ഒരു മീറ്റര്‍വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. ചാലക്കുടി ഭാഗത്തും വെള്ളം ഉയരും. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുഴയുടെ ഓരോ കിലോമീറ്റര്‍ അകലെയുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം. മനുഷ്യ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആലുവയില്‍ ഇപ്പോള്‍ വെള്ളം എത്തിയതിന്റെ അരകിലോമീറ്റര്‍ അകലെയുള്ളവരും ജാഗ്രത പാലിക്കുകയും ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും തയ്യാറാകണം. മാറിതാമസിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നാട്ടിലുള്ള ബോട്ടുകള്‍ ഉപയോഗിക്കാം. ഇതിനായി മത്സ്യതൊഴിലാളികള്‍ സഹകരിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അത് സഹായമാകും എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, ആഭ്യന്ത മന്ത്രി എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ചീഫ്സെക്രട്ടറിയും കേന്ദ്ര ക്യാബിനറ്റ് സെക്ട്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. എന്‍ഡിആര്‍ഫിന്റെ 40 ടീമുകളെക്കൂടി വിന്യസിക്കുന്നതിന് കോണ്‍ഫറന്‍സില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 200 ലൈഫ് ബോയിസും 250 ലൈഫ് ജാക്കറ്റും ഉടന്‍ ലഭ്യമാക്കും.

ആര്‍മിയുടെ പ്രത്യേക വിഭാഗത്തെ കേരളത്തില്‍ വിന്യസിക്കും. എയര്‍ഫോഴ്സ് പത്തു ഹെലികോപ്റ്റര്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പത്തു ഹെലികോപ്റ്റര്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇന്ന് ഒരുമണിയോടെ ഇത് സംസ്ഥാനത്ത് എത്തും. ഇതിനു പുറമെ എയര്‍ഫോഴ്സിന്റെ നാല് ഹെലികോപ്റ്ററും നേവിയുടെ നാല് ഹെലികോപ്റ്ററും അനുവദിച്ചിട്ടുണ്ട്. മറൈന്‍ കമാന്റോസും കേരളത്തില്‍ എത്തിച്ചേരും. കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് നീങ്ങിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ഇബിയുടെ 58 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളുകളും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. കുടിവെള്ളപൈപ്പുകള്‍ പൊട്ടി ജലവിതരണം തടയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ റെയില്‍വേയുടെ കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനമായിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ കുഞ്ഞിനെ നേവി രക്ഷിക്കുന്നു

05.10pm: 

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ചയും തുറന്നേക്കില്ല; യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും

രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. പ്രവര്‍ത്തനം ശനിയാഴ്ച വരെ നിര്‍ത്തിവച്ചതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ കൂടുതല്‍ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ ചെങ്ങല്‍ തോട്ടിലൂടെയുള്ള ജലമൊഴുക്കു കൂടിയതോടെയാണു വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെയുള്ള ഓപ്പറേഷനല്‍ ഏരിയ മുങ്ങിയത്.

റണ്‍വേയുടെ തെക്കുവശത്തെ മതില്‍ മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റണ്‍വേയിലെത്തി. നാലും അഞ്ചും അടി വരെ ഉയര്‍ന്ന വെള്ളം ഒഴുക്കിക്കളയാനായി റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്തെ മതില്‍ പൊളിച്ചു. ടെര്‍മിനലിന്റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാര്‍ പാര്‍ക്കിങ് ഏരിയായും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനും കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിനും ശമനമില്ല. ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്. അയര്‍ലണ്ടിലേക്ക് പോകേണ്ടവരും അയര്‍ലണ്ടില്‍ നിന്ന് നാട്ടിലേക്കു വരുന്നവരും അതനുസരിച്ചു യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും.

05.02pm:
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുനഃസ്ഥാപിക്കുന്നത്. ബോട്ടുകള്‍ക്കും മറ്റുമായി ഇന്ധനലഭ്യത ഉറപ്പാക്കാന്‍ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങള്‍ ആശങ്കപ്പെടാതെ മുന്നറിയിപ്പുകളുമായി സഹകരിക്കണം. അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

05.02pm:

1068 ക്യാമ്പുകളിലായി ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ആലുവയിലെ കടുങ്ങല്ലൂർ, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തൻവേലിക്കര എന്നിവിടങ്ങളും ഒറ്റപ്പെട്ടു. ആലുവയിൽ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉൾപ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല.


മുല്ലപ്പെരിയാര്‍ തുറന്ന് വിടില്ലെന്ന് തമിഴ്‌നാട്. ഡാം സുരക്ഷിതമെന്നും അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിണറായി വിജയന് കത്ത് നല്‍കി. ജല നിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്നും എടപ്പാടി അറിയിച്ചു. കേരളത്തില്‍ മഴദുരിതം കനത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി നല്‍കിയ കത്തിന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

05.01pm:

അതിരൂക്ഷമായ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് അടിയന്തരമായി കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ പ്രത്യേക സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും രാഹുല്‍ ട്വീറ്റ് ചെയ്തു.

04.51pm:

എംസി റോഡ് ഉള്‍പ്പടെ പ്രധാന റോഡുകള്‍ എല്ലാം വെള്ളത്തിലായതിനാല്‍ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം എന്ന് റോഡ് ഡിവിഷന്‍ നിര്‍ദേശം നല്‍കി. എറണാകുളം റോഡ്സ് ഡിവിഷനിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മിക്ക റോഡുകളും വെള്ളത്തിനടയിലാണ്. ആലുവ- അങ്കമാലി പാതയില്‍ രാവിലെ തന്നെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

04.50pm:

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

FIRE AND RESCUE SERVICES ALL CONTROL ROOM NUMBERS:

TOLL FREE HELP LINE NUMBER – 1077, 101
STATE CONTROL ROOM TRIVANDRUM -0471 2335101,2320872

THIRUVANANATHAPURAM- 0471 2333101,

KOLLAM – 0474 2746200, 0475 2222701(Punalur), 0474 2522490(Kundara)
9497920111

PATHANAMTHITTA – 0468 2225001, 0468 2222001

ALAPPUZHA – 0477 2230303
KOTTAYAM – 0481 2567444
IDUKKI – POLICE WIRELESS NO. – 9497940901, 04862-221100

ERNAKULAM – 0484 2624101 , 9497920141, 9497920100
THRISSUR – 0487 2423650

PALAKKAD – 0491 2505701, 9497920167, 9497920118
MALAPPURAM – 0483 2734800

KOZHIKODE – 0495 2321654, 9497920120
WAYANAD – 04936 202333,9497920270,9497920122

KANNUR – 0497 2706900, 0497 2701101
KASARGOD – 04994 230101

05.01pm:
ആലുവ, ആറന്മുള മേഖലയില്‍ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തി. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പില്‍ എത്തിച്ചു. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിംഗ് കോളേജിലെ 29 വിദ്യാര്‍ത്ഥികളും ഇവരില്‍പ്പെടും. ഇവരുടെ ആരോഗ്യസ്ഥിതി നേവി ആശുപത്രിയില്‍ പരിശോധിച്ച് വരികയാണ്. നേവിയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്ന് വൈകുന്നേരത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 200 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്.

പത്തനംതിട്ടയിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊല്ലം നീണ്ടകരയില്‍നിന്ന് എത്തിച്ച ബോട്ടുകളാണ് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത്. പത്തനംതിട്ടയിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടും ചുഴിയും ഒഴുക്കും കാരണം ചില ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്ക് എത്തിപ്പെടാനായിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊല്ലം നീണ്ടകരയില്‍നിന്ന് എത്തിച്ച ബോട്ടുകളാണ് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത്.

4.50pm:

കേരളത്തിലെ പ്രളയത്തെ നേരിടാന്‍ കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ക്യാബിനറ്റ് സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിന്റെ സ്ഥിതി വിലയിരുത്താന്‍ പ്രത്യേക യോഗം ചേര്‍ന്നത്. കേന്ദ്രആഭ്യന്തര മന്ത്രാലയം, പ്രതിരോധമന്ത്രാലയം, ദുരന്തനിവാരണ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ സൈന്യത്തെ അയയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നാവിക സേനയുടെയും എന്‍ഡിആര്‍എഫിന്റെയും വ്യോമസേനയുടെയും കരസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും വിവിധ ടീമുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് തന്നെ എന്‍ഡിആര്‍എഫിന്റെ 12 ടീമുകള്‍ കൂടി കേരളത്തിലെത്തും. ദില്ലി അഹമ്മദാബാദ് എന്നിവിടങ്ങില്‍ നിന്നാകും ഇവരെത്തുക. നാളെ പത്ത് സംഘത്തെക്കൂടി അയയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. വ്യോമസേനയുടെ കൂടുതല്‍ ഹെലികോപ്റ്ററുകളും കേരളത്തിലേക്ക് അയയ്ക്കും.

ദുരന്തനിവാരണ സേനയുടെ ദക്ഷിണമേഖലാ ഡിഐജിയെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്ഥിതി ഗുരുതരമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

 

Share this news

Leave a Reply

%d bloggers like this: