അയര്‍ലണ്ട് മലയാളികള്‍ നാട്ടില്‍ കുടുങ്ങി, തിരിച്ച് മടങ്ങാനാകാതെ നൂറുകണക്കിന് മലയാളികള്‍

അയര്‍ലണ്ടില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയിരിക്കുന്ന മലയാളികള്‍ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നു. നൂറുകണക്കിന് അയര്‍ലണ്ട് മലയാളികളാണ് നാട്ടിലുള്ളത്. ഓഗസ്റ്റ് 15 ന് കൊച്ചി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് അന്നു മുതല്‍ തിരിച്ചുപോരേണ്ടവരെല്ലാം കുടുങ്ങിക്കിടക്കുകയാണ്. കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസ് ഇല്ല. എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമായ അറിയിപ്പ് വന്നിട്ടില്ല. അതേ സമയം തിരുവനന്തപുരത്തു നിന്ന് വിമാന സര്‍വീസ് ഉണ്ട്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പോരേണ്ട യാത്രക്കാരും തിരുവനന്തപുരം വഴി തിരിച്ചു വരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭിക്കുന്നില്ല. എമിറേറ്റ്സ് തിരുവനന്തപുരത്തുനിന്ന് 21 ാം തിയതി അഡീഷണല്‍ സര്‍വീസ് നടത്തുന്നുണ്ട്. പക്ഷേ അതിന് ടിക്കറ്റ് കിട്ടാനില്ല. ഓഗസ്റ്റ് പതിനഞ്ച് മുതല്‍ കൊച്ചിയില്‍ നിന്ന് പോരേണ്ട മുഴുവന്‍ ആളുകളും തിരുവനന്തപുരം വഴി വേണം തിരിച്ചുപേരാന്‍.

അവധി നീട്ടിക്കിട്ടാനുള്ള പ്രയാസം ഒരു വശത്ത്. വിമാനടിക്കറ്റ് കിട്ടാത്തതിന്റെ പ്രശ്നം മറുവശത്ത്. ആകെ പെട്ടിരിക്കുകയാണ് പ്രവാസി മലയാളികള്‍. അയര്‍ലണ്ടില്‍ നിന്ന് നാട്ടിലേക്ക് പോന്നവരില്‍ നാട്ടിലെത്താന്‍ കഴിയാത്ത പലരും ഇപ്പോഴൂമുണ്ട്. വരുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് അഡീഷണല്‍ ഫൈള്റ്റ് ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും എല്ലാത്തിലും സീറ്റ് ഫുള്‍ ആണെന്ന മറുപടിയാണ് ലഭിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊച്ചി അടച്ചതിനാല്‍ ബംഗളൂരില്‍ നിന്നും മറ്റും അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഈ അവസരത്തില്‍ എയര്‍ ഇന്ത്യയുടെ ഉപവിഭാഗമായ അലൈന്‍സ് എയര്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ചെറുവിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂര്‍ റൂട്ടുകളിലായിരിക്കും അലൈന്‍സ് എയര്‍ സര്‍വീസ് നടത്ത?ുന്നത്.

കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് പുതിയ സര്‍വീസ് തുടങ്ങുന്ന വിവരം അറിയിച്ചത്. വെള്ളപ്പൊക്കം മൂലം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ട്രെയിന്‍, റോഡ് ഗതാഗതവും താറുമാറായിരുന്നു. ഇയൊരു സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രക്ലേശം കുറക്കുന്നതിനായാണ് നേവല്‍ ബേസില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നതെന്ന് വ്യോമയാന മന്ത്രി വ്യക്തമാക്കി. മധുരയിലേക്ക് വൈകാതെ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടന്‍ തുടങ്ങുന്നില്ലെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐ സി പി എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

ഫ്ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ഐ സി പി എ രംഗത്തെത്തിയത്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറാണെന്നാണ് കത്തില്‍ ഐ സി പി എ കത്തില്‍ വ്യക്തമാക്കി. ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയ്യാറാണെന്നും കത്ത് പറയുന്നു.

എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐ സി പി എ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയ്യാറാണ്. കേരളത്തിലെ പ്രശ്നങ്ങള്‍ അവസാനിച്ചു കഴിയുമ്പോള്‍ എയര്‍ ഇന്ത്യയുടെയും പൈലറ്റുമാരുടെയും പ്രശ്നങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ സി പി എ കത്തില്‍ പറയുന്നു.

കരിപ്പൂരിലെയും തിരുവനന്തപുരത്തെയും വിമാനത്താവളങ്ങളില്‍നിന്നു പുറപ്പെടുന്ന വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ എക്സ്പ്രസ്

എമിറേറ്റ്സ്

ജെറ്റ് എയര്‍വെയ്സ്

അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെ കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളിലും ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹെലികോപ്റ്റര്‍ വഴി ഭക്ഷണപ്പൊതികള്‍ എത്തിക്കാനും അസുഖ ബാധിതരായവരെ ആശുപത്രികളിലേക്ക് മാറ്റാനുമാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഏതാണ്ട് 2 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. സന്നദ്ധപ്രവര്‍ത്തകരാണ് മിക്കയിടങ്ങളിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. പത്തനംതിട്ട, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്. അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നും വിവരമുണ്ട്. അതേസമയം ചാലക്കുടി, തൃശൂരിലെ മറ്റു പ്രളയബാധിത പ്രദേശങ്ങള്‍, അതിരപ്പള്ളി, ആലുവ എന്നിവിടങ്ങളില്‍ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.

 

 

 

എ എം

 

 

 

 

Share this news

Leave a Reply

%d bloggers like this: