വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഡൊണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ (DIMA) ഫണ്ട് സമാഹരണം

സമാനതകള്‍ ഇല്ലാത്ത പ്രളയ ദുരിതത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. അതിനാല്‍ എല്ലാ അയര്‍ലണ്ട് മലയാളികളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് ചെയ്ത് കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഡോണഗല്‍ മലയാളി അസോസ്സിയേഷന്‍.

കേരളത്തിനകത്തും, പുറത്തുമുള്ള ഓരോ മലയാളിയേയും ഈ മഹാദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും കനത്ത മഴയും കേരളത്തില്‍ തുടരുകയാണ്. ഇതുവരെ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 200,000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 14 ജില്ലകളില്‍ 13 ജില്ലകളും കടുത്ത പ്രതിസന്ധിയിലാണ്. 33 അണക്കെട്ടുകള്‍ തുറന്നു, ഇരുപത്തിമൂന്നോളം പാലങ്ങള്‍ തകര്‍ന്നു, ഇതുവരെ 365 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 211 ലധികം കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. 20000 ലധിവും വീടുകള്‍ നശിച്ചു, 10,000 കി.മീ ദൂരത്തില്‍ റോഡുകള്‍ തകര്‍ന്നു, കോടിക്കണക്കിന് രൂപയുടെ നാശ നഷ്ട്ടങ്ങളും വിപത്തുമാണ് പ്രിയ നാടും, നാട്ടുകാരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 20,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം നാശനഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവരാന്‍ ആഴ്ചകളെടുക്കും.

നമ്മുടെ നാടിനെ ഒന്നടങ്കം മുക്കിയ ഈ മഹാവിപത്തില്‍പെട്ടവരെ സംരക്ഷിക്കുവാന്‍ നമ്മളാല്‍ കഴിയുന്ന സഹായത്തിനായി കൈ നീട്ടുകയാണ് ഡോണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍. സംഭവമായി കിട്ടുന്ന തുക മുഴുവനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് DIMA തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ക്കായി ഒരു ദിവസത്തെ വരുമാനം നമുക്ക് മാറ്റിവെക്കാം. ഒരു ദിവസത്തെ നമ്മുടെ അദ്ധ്വാനഫലത്തെ സന്മനസ്സോടെ നല്‍കി നിസ്സഹായവരായ അവരെ സഹായിക്കാം. അയര്‍ലണ്ടിലെ ഓരോ മലയാളിയും മനസ്സു വെച്ചാല്‍ മാന്യമായ ഒരു തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ സാധിക്കും.

കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പിന്തുണയ്ക്കുന്നത്തിന് പരമാവധി ഫണ്ട് ശേഖരിക്കാനായി എല്ലാ സുഹൃത്തുക്കളും ഈ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യാന്‍ DIMA അഭ്യര്‍ത്ഥിക്കുന്നു.

https://www.gofundme.com/24vyp-kerala-flood-releif

കേരള ജനതയുടെ ദുരിതാവസ്ഥ കണക്കിലെടുത്തു ഈ മാസം എട്ടാം തീയതി നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ റദ്ദാക്കാനും ഇതിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും DIMA തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 250 ല്‍പ്പരം മലയാളികള്‍ ഉള്‍പ്പെടുന്ന അയര്‍ലണ്ടിലെ സജീവമായ സംഘടനയാണ് DIMA. മലയാളികള്‍ക്കിടയിലെ സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: