നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് ആഗസ്ത് 29ലേക്ക് മാറ്റി

കൊച്ചി: പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്.

വെള്ളപ്പൊക്കത്തിന്റെ കെടുതികളില്‍ നിന്ന് വിമാനത്താവള പരിസരവും മധ്യകേരളവും മുക്തമായിട്ടില്ലെന്ന് യോഗം വിലയിരുത്തി. നെടുമ്പാശേരി വഴി സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികളും അവരുടെ അസൗകര്യം അറിയിച്ചു. വിമാനത്താവള ജീവനക്കാരില്‍ തൊണ്ണൂറുശതമാനം പേരും വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജോലിക്ക് വരാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നതും തീരുമാനത്തിന് കാരണമായി. വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും ഇപ്പോഴും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. നെടുമ്പാശേരി വഴി യാത്രചെയ്യുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് മൂന്നുദിവസത്തേക്ക് നീട്ടിയതെന്നും സിയാല്‍ അറിയിച്ചു.

ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശേരി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് വെള്ളം പൂര്‍ണമായും പൂര്‍ണമായും ഇറങ്ങിക്കഴിഞ്ഞു.ടെര്‍മിനലിന് ഉള്ളിലും പുറത്തും വൃത്തിയാക്കല്‍ തുടങ്ങിയിട്ടുണ്ട്. റണ്‍വേയും , ടാക്‌സി വേയും, പാര്‍ക്കിങ് ബേയിലും അറ്റകുറ്റപ്പണികള്‍ ബാക്കിയുണ്ട്. ഇത് രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. കേടുപാടുകള്‍ ഉണ്ടായ 800 റണ്‍വേ ലൈറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. രണ്ടരക്കിലോമീറ്റര്‍ നീളത്തില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കും. നിലവില്‍ നാവിക വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ കൂടുതല്‍ എയര്‍ലൈനുകള്‍ തയാറായിട്ടുണ്ട്.

മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണിമുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: