ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷ്യമേകി മുബൈയില്‍ നിന്നുള്ള കുടുംബം

ഇന്നലെ നടന്ന പരിപാടികളില്‍ ഏറ്റവും ആകര്‍ഷണീയമായത് ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബോത്സവം ആയിരുന്നു. ഗാനങ്ങളും നൃത്തങ്ങളും സാക്ഷ്യങ്ങളും പ്രാര്‍ത്ഥനയും കോര്‍ത്തിണക്കിയതായിരുന്നു ഈ ഉത്സവം. ക്രോക് പാര്‍ക്ക് സ്റ്റേഡിയം യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണ്. 82300 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം കലോത്സവങ്ങള്‍, കായികമത്സരങ്ങള്‍, സമ്മേനളങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേദിയാകാറുണ്ട്. 2012 ജൂണില്‍ അമ്പതാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപന ദിവ്യബലിയുടെ വേദിയുമായിരുന്നു ഈ സ്റ്റേഡിയം. അന്നു 35 നാടുകളില്‍ നിന്നായി 75000ത്തിലേറെ വിശ്വാസികള്‍ ഈ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു.

ഫ്രാന്‍സീസ് പാപ്പാ പ്രാദേശികസമയം രാത്രി 8.30 ഓടെ സ്റ്റേഡിയത്തില്‍ എത്തി. പാപ്പാ, സ്റ്റേഡിത്തിനകത്തു, ചെറിയ തുറന്ന വാഹനത്തില്‍ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് വേദിയിലേക്കു നീങ്ങിയപ്പോള്‍ അന്തരീക്ഷത്തില്‍ ഗാനത്തിന്റെ അലകളുയര്‍ന്നു.
ഡബ്ലിന്‍ ആര്‍ച്ചുബിഷപ്പ് ഡിയര്‍മ്യൂഡ് മാര്‍ട്ടിനൊപ്പം വേദിയില്‍ ആസനസ്ഥനായ പാപ്പായെ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ അയര്‍ലണ്ടിലെയും ലോകത്തിന്റെ ഇതരഭാഗങ്ങളിലെയും കുടുംബങ്ങളുടെ നാമത്തില്‍ സ്വാഗതം ചെയ്തു.

കര്‍ദ്ദിനാള്‍ ഫാരെലിന്റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് കുട്ടികളുടെ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ പാപ്പായക്കു മുമ്പില്‍ 4 കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഒരു നൃത്തമായിരുന്നു. നൃത്തം കഴിഞ്ഞപ്പോള്‍ പാപ്പാ അവരെ അടുത്തുവിളച്ച് തലോടി അഭിനന്ദിച്ചു.. തുടര്‍ന്ന് മുതിര്‍ന്നവരുടെ ഒരു നൃത്തമയിരുന്നു. തദ്ദനന്തരം സ്‌നേഹത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ഗാനാവിഷ്‌ക്കാരവും. പശ്ചാത്തലത്തില്‍ സ്‌നേഹത്തിന്റ പ്രതീകമായ ഹൃദയത്തിന്റെ രൂപം ചുവന്ന വര്‍ണ്ണത്തില്‍ തെളിയുന്നുണ്ടായിരുന്നു.

ഈ കലാപ്രകടനങ്ങള്‍ക്കു ശേഷം കുടുംബങ്ങളുടെ സാക്ഷ്യമായിരുന്നു. ഇന്ത്യന്‍ കുടുംബമായിരുന്നു ആദ്യ സാക്ഷ്യമേകിയത്. മുംബൈയില്‍ നിന്നുള്ള നിഷയും ഭര്‍ത്താവ് തെഡും മൂന്നുമക്കളുമടങ്ങിയ കുടംബമായിരുന്നു സാക്ഷ്യം നല്കിയത്അ വരുടെ ജീവിതത്തിന്റെ സംക്ഷിപ്ത വിവരണമേകുന്ന ചലച്ചിത്ര ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. അതിന്റെ അവസാനം പാപ്പായുടെ പക്കലെത്തിയ ആ കുടുംബത്തെ പാപ്പാ സമ്മാനം നല്കി ആശീര്‍വ്വദിച്ചു. തുടര്‍ന്ന്, ഗാനം, ഇറാക്കിലെ കുടുംബത്തിന്റെ സാക്ഷ്യം, ഒരു അയര്‍ലണ്ടുസ്വദേശനിയുടെ സാക്ഷ്യം, അയര്‍ലണ്ടിലെ ഒരു കുടുംബത്തിന്റെ സാക്ഷ്യം, ഗാനം, ബുര്‍ക്കിനൊ ഫാസൊയിലെ ഒരു കുടുംബത്തിന്റെ സാക്ഷ്യം, ഗാനം എന്നീ ക്രമത്തില്‍ പരിപാടി മുന്നേറി.
തദ്ദനന്തരം ഫ്രാന്‍സീസ് പാപ്പാ കുടുംബങ്ങളെ സംബോധന ചെയ്തു. സന്ദേശം അവസാനിച്ചതിനെ തുടര്‍ന്നു പാപ്പാ കുടുംബങ്ങളുടെ ലോക സമ്മേളനത്തിനു വേണ്ടി ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനയുടെ അവസാനം പാപ്പാ ആശീര്‍വ്വാദം നല്കിയതോടെ കുടുംബോത്സവത്തിനും സമാപനമായി. ഏവര്‍ക്കും ശുഭരാത്രിയും നല്ലൊരു നിദ്രയും ആശംസിച്ച പാപ്പാ അടുത്ത ദിവസം കാണാം എന്നു പറഞ്ഞുകൊണ്ട് സാവധാനം വേദിയില്‍ നിന്നിറങ്ങി ചെറിയ കാറില്‍ കയറി. എല്ലാവരെയും അഭിവാദ്യം ചേയ്തുകൊണ്ട് പാപ്പാ കാറില്‍ നീങ്ങവേ ഗാനവും കരഘോഷവും ഇടകലര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: