2018 ആഗോള കുടുംബ സംഗമത്തിന് ഇന്ന് സമാപനം; പാപ്പയുടെ ദിവ്യബലി ഇന്നത്തെ മുഖ്യ ആകര്‍ഷണം

1994 ല്‍ ആരംഭിച്ച് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് കത്തോലിക്കര്‍ക്കു മാത്രമായിട്ടുള്ള ഒരു അന്താരാഷ്ട്ര സമ്മേളനമല്ല. മറിച്ച്, കുടുംബത്തെ സ്‌നേഹിക്കുന്ന, കുടുംബബന്ധങ്ങള്‍ക്കും, മുല്യങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുന്ന ഏതൊരു വ്യക്തിക്കും, കുടുംബത്തിനും മതമോ, ജാതിയോ, ഭാഷയോ, വിശ്വാസമോ നോക്കാതെ ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. ഫാമിലീസ് കോണ്‍ഗ്രസ് എന്നുവിളിക്കുന്ന നാലുദിവസത്തെ കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകരായി എത്തുന്നതും, ചര്‍ച്ചാസമ്മേളനങ്ങള്‍ നയിക്കുന്നതും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.

ഏതാണ്ട് മൂന്നു ദശാബ്ദക്കാലം പത്രോസിന്റെ പിന്‍ഗാമിയായി കത്തോലിക്കാസഭയെ മുമ്പോട്ടു നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സമ്മാനമായി ലോകത്തിനു ലഭിച്ച വേള്‍ഡ് ഫാമിലി മീറ്റിംഗ് കുടുംബബന്ധങ്ങള്‍ സുദൃഡമാക്കുന്നതിനും, ഗാര്‍ഹികസഭ എന്നനിലയില്‍ കുടുംബപ്രേഷിതദൗത്യം സജീവമാക്കുന്നതിനും, മൂല്യാതിഷ്ടിത കുടുംബജീവിതത്തിനു വഴിയൊരുക്കു ന്നതിനും, നല്ലവ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നതിനും, പ്രശ്‌നസങ്കീര്‍ണമായ കുടുംബങ്ങളെ ശക്തിപ്പെടുത്തു ന്നതിനും ഉദ്ദേശിച്ചുള്ളതാണ്.

WMOF2018-Logo-Englishഒന്‍പതാമത് ലോകകുടുംബസമ്മേളനത്തിന്റെ വിഷയം ”കുടുംബത്തിന്റെ സുവിശേഷം: ലോകത്തിന്റെ ആനന്ദം” എന്നതാണ്. ”ആഗോളസഭയില്‍ കൂടുംബങ്ങളുടെ പ്രസക്തി” എന്ന വിഷയത്തെ അധികരിച്ച് 2014 ലും, 2015 ലും റോമില്‍ നടന്ന ആഗോള ബിഷപ്പുമാരുടെ സിനഡില്‍ ചര്‍ച്ചചെയ്യപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2016 ല്‍ പുറപ്പെടുവിച്ച ”അമൊറിസ് ലെയിറ്റിഷ്യ” അഥവാ ദി ജോയ് ഓഫ് ലവ് എന്ന ശ്ലൈഹിക ആഹ്വാനത്തിലെ വിഷയങ്ങള്‍ ഒന്‍പതാമത് വേള്‍ഡ് മീറ്റിംഗില്‍ ചര്‍ച്ചചെയ്യപ്പെടും.

ഡബ്ലിനില്‍ നടക്കുന്ന ഒന്‍പതാമത് ലോകകുടുംബസംഗമത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുന്ന ദിവ്യബലിയായിരിക്കും കുടുംബസമ്മേളന ത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആധുനികയുഗത്തിലെ ഏറ്റവും ജനപ്രീയനായ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയില്‍ ഏകദേശം രണ്ടുമില്യണ്‍ ആള്‍ക്കാരെയാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

പല ഭാഷകള്‍ സംസാരിക്കുകയും, വിവിധ സംസ്‌കാരങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ലോകരാഷ്ട്രങ്ങളിലെ വ്യത്യസ്തമായ കുടുംബജീവിതത്തെ ചിത്രീകരിച്ചുകൊണ്ടുള്ള ബഹുവിധ കലാസാംസ്‌കാരിക ആത്മീയ പരിപാടികളാണു ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസ് എന്നപേരില്‍ ആഗസ്റ്റ് 25 ശനിയാഴ്ച്ച പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ നടക്കുക. പൊതുജനങ്ങള്‍ ക്കും, പ്രാദേശിക ചര്‍ച്ചുകളുമായി ബന്ധപ്പെട്ടുള്ള യുവജനഗ്രൂപ്പുകള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഇതില്‍ പലവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം. എല്ലാത്തിന്റെയും ലക്ഷ്യം ഓരോ രാജ്യക്കാരുടെയും, ക്രൈസ്തവ പൈതൃകവും, പാരമ്പര്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും വിവിധ കലാരൂപങ്ങളിലൂടെയും, ലഘുനാടകങ്ങളിലൂടെയും മറ്റുള്ളവര്‍ക്കു മനസിലാകത്തക്ക രീതിയില്‍ അവതരിപ്പിക്കുക എന്നുള്ളതാണ്. ചുരുക്കത്തില്‍ ആഗോളസഭയിലുള്ള എല്ലാ മക്കളും ഒരേ ദൈവത്തിന്റെ സന്തതികളാണെന്നും, എല്ലാവരോടും പരസ്പര ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും, പരസ്പര സഹകരണത്തോടെയും പെരുമാറണമെന്നുള്ള മഹത്തായ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കുകയാണു ഈ ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസിന്റെ ആത്യന്തിക ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: