രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ ആവില്ലെന്ന് നിയമ കമ്മീഷന്‍ നിരീക്ഷണം. അക്രമത്തിലൂടെയോ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാവൂ എന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളേയോ വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈക്കൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും എന്നത് തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുമല്ലോ. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതുസംബന്ധിച്ചുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ കമ്മീഷന്‍ പറയുന്നു.

സര്‍ക്കാരിന്റെ നിലപാടുകളോടോ അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെയും രാജ്യദ്രോഹിയായി മുദ്രകുത്താനാവില്ലെന്നും കമ്മീഷന്‍ പറയുന്നു. ഏതെങ്കിലും പ്രവര്‍ത്തിയുടെയോ പരാമര്‍ശത്തിന്റെയോ ഉദ്ദേശം സായുധനീക്കത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹമായി വിലിരുത്താനാവൂ എന്നും കമ്മീഷന്റെ നിരീക്ഷണത്തിലുണ്ട്.

ഇന്ത്യാ വിരുദ്ധ മുദ്രവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ കമ്മീഷന്‍ ഉദാഹരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതാണെങ്കിലും അതിനെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്ന് കമ്മീഷന്‍ പറയുന്നു.

അഭിപ്രായ ബഹുസ്വരതയും വിമര്‍ശനവും സക്രിയ ജനാധിപത്യത്തിന്റെ നിര്‍ണായക ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടതാണ്. രാജ്യത്ത് നിയമ രംഗത്തുള്ളവരും അധികാര രംഗത്തും സര്‍ക്കാര്‍-സര്‍ക്കാരിതര രംഗത്തുള്ളവരും വിദ്യാര്‍ഥികളും പൊതുജനങ്ങളും വിദ്യാഭ്യാസവിചക്ഷണരും എല്ലാം തമ്മില്‍ ആരോഗ്യകരമായ വിമര്‍ശനങ്ങളും സംവാദങ്ങളും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായും നിയമകമ്മീഷന്‍ അഭിപ്രായപ്പെട്ടു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: