സര്‍ജിക്കല്‍ സ്ട്രൈക്ക് പരാജമോ? നോട്ട് അസാധുവാക്കല്‍ നല്‍കുന്ന പാഠം

2016 നവംബര്‍ എട്ടിനായിരുന്നു കള്ളപ്പണത്തിനെതിരെയുള്ള ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന രൂപേണ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. ഉയര്‍ന്ന മൂല്യമുള്ള 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കപ്പെട്ടു. ഇപ്പോള്‍ ആര്‍ബിഐ പുറത്തുവിട്ട അവസാന കണക്കുകള്‍ അനുസരിച്ച് അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയിരിക്കുന്നു.

വസ്തുതാപരമായി പരിശോധിച്ചാല്‍ നോട്ട് അസാധുവാക്കല്‍ നയം ഗുണങ്ങളേക്കാള്‍ ഏറെ പ്രശ്നങ്ങള്‍ തന്നെയാണ് സൃഷ്ടിച്ചത്. നോട്ട് അസാധുവാക്കല്‍ പോലുള്ള നയങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അത് പ്രഖ്യാപിക്കപ്പെട്ട, നടപ്പാക്കപ്പെട്ട രീതി ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കള്ളപ്പണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് നോട്ട് അസാധുവാക്കല്‍ എന്നാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. പിന്നീട് അതിന്റെ ലക്ഷ്യങ്ങളായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിണാമവും മാറി. രാജ്യത്ത് അപ്പോള്‍ ക്രയവിക്രയം നടത്തിയിരുന്ന 86 ശതമാനം നോട്ടുകളും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒരു സുപ്രഭാതത്തില്‍ പിന്‍വലിക്കപ്പെട്ടത് സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. അവരുടെ ദൈനം ദിന ജീവിതം തന്നെ താറുമാറാക്കപ്പെട്ടു. നിരവധി പേര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പല മേഖലകളിലും പ്രതിസന്ധി അനുഭവപ്പെട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇടക്കാലത്തേക്ക് വലിയ തിരിച്ചടികള്‍ നേരിട്ടു. ജിഡിപിയിലും കമ്പനികളുടെ ലാഭത്തിലും എല്ലാം നോട്ട് അസാധുവാക്കല്‍ നെഗറ്റീവായി നിഴലിച്ചു. കൃഷി, റിയല്‍ എസ്റ്റേറ്റ്, ഓട്ടോ തുടങ്ങി നിരവധി മേഖലകളില്‍ കാര്യമായ പ്രശ്നങ്ങള്‍ തന്നെയുണ്ടായതായി വിലയിരുത്തലുകള്‍ വന്നു.

ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോള്‍ നോട്ട് അസാധുവാക്കലിന്റെ ഫലമായി ഇപ്പോള്‍ പറയപ്പെടുന്ന നേട്ടങ്ങള്‍ അത്ര വലുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ട് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് തന്നെയാണ് നമ്മള്‍ മാറേണ്ടത്. എന്നാല്‍ സൈബര്‍ സുരക്ഷയിലും ഡിജിറ്റല്‍ സാക്ഷരതയിലും ഒരു പരിധിക്കപ്പുറം സഞ്ചരിക്കാനാകാത്ത സാഹചര്യത്തില്‍, ഒറ്റയടിക്ക് ഉപയോഗത്തിലുള്ള 86 ശതമാനം നോട്ടുകള്‍ പിന്‍വലിക്കുകയെന്നത് പാളിപ്പോയ തീരുമാനമായിരുന്നു. ചെയ്യേണ്ടിയിരുന്നത് ആദ്യഘട്ടമെന്ന നിലയില്‍ 1,000 രൂപ നോട്ടുകള്‍ മാത്രം അസാധുവാക്കുന്നത് പോലുള്ള നടപടികള്‍ ആയിരുന്നു. ഘട്ടം ഘട്ടമായി കൃത്യമായ ആസൂത്രണത്തോടെയാണ് കാഷ് ലെസ് ഇക്കോണമി സൃഷ്ടിച്ചെടുക്കേണ്ടത്.

നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളിലേക്കുള്ള വേഗം കൂടിയെന്നത് വാസ്തവമാണ്. എന്നാല്‍ നോട്ടുകള്‍ ലഭ്യമായി തുടങ്ങിയപ്പോള്‍ പലരും പഴയ രീതികള്‍ തന്നെ പിന്തുടരാന്‍ തുടങ്ങി. നോട്ട് അസാധുവാക്കല്‍ പോലുള്ള നയങ്ങള്‍ നടപ്പാക്കുമ്പോള്‍ കൃത്യമായ ആസൂത്രണം വേണമെന്ന് ഓര്‍മിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: