ഓസ്ട്രേലിയയില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ

സിഡ്‌നി: ഓസ്ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് ഓസ്ത്രേലിയന്‍ കത്തോലിക്ക സഭയുടെ നിലപാട്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി കുമ്പസാരത്തിന്റെ രഹസ്യസ്വഭാവം അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയിലാണ് വൈദികര്‍ ക്രിമിനല്‍ കേസ് നേരിട്ടാലും കുമ്പസാര രഹസ്യം വെളിപ്പെടുത്തില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയത്. വത്തിക്കാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയയിലെ സഭ ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. വെള്ളിയാഴ്ച സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കത്തോലിക്കാ സഭ ഇക്കാര്യം പ്രഖ്യാപിച്ചു.

ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം രൂപീകരിക്കാനുള്ള നീക്കത്തെ എസിബിസി ശക്തമായി എതിര്‍ത്തു. വൈദികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടായാലും ക്രൈസ്തവ വിശ്വാസികളുടെ പരമ പ്രധാന ചടങ്ങായ കുമ്പസാര രഹസ്യം വെളിപ്പെടുത്താനാകില്ലെന്നാണ് എസിബിസിയുടെ നിലപാട്.

കുമ്പസാരം ചര്‍ച്ചയാക്കാനുള്ളതല്ല, അത് ദൈവവും വിശ്വാസിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കൊളെറിഡ്ജ് പറഞ്ഞു. ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം കുട്ടികള്‍ സുരക്ഷിതരാകുമെന്ന് കരുതുന്നില്ല എന്നു മാത്രമല്ല ചിലപ്പോള്‍ അത് കുട്ടികള്‍ക്ക് ദോഷകരവുമാണന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബാലപീഡനങ്ങളെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോള്‍ തന്നെ നിരവധി മാറ്റങ്ങള്‍ സഭക്കുള്ളില്‍ കൊണ്ടുവന്നെന്നും എന്നാല്‍ അവ ദ്രുതഗതിയില്‍ നടക്കാത്തത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും കുറ്റകൃത്യങ്ങള്‍ മറച്ചുവച്ചു കൊണ്ട് സഭയെ സംരക്ഷിക്കില്ലെന്നും കോള്‍റിഡ്ജ് അറിയിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: