കന്യാസ്ത്രീയുടെ പരാതി അറുപതു ദിവസം പിന്നിടുമ്പോഴും നടപടിയെടുക്കാതെ പോലീസ്; ജലന്ധര്‍ ബിഷപ്പിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നുവോ ?

കൊച്ചി: പ്രളയകെടുതിയില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ അതു രക്ഷയായത് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും കൂടിയാണെന്നാണ് കേരളാ പോലീസിന്റെ നടപടികള്‍ സൂചിപ്പിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീ ബലാത്സംഗ പരാതി നല്‍കിയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ പരാതിയില്‍ തുടര്‍നടപടിയെന്തെന്ന് ഇനിയും പോലീസ് ആലോചിച്ചിട്ടുപോലുമില്ല. കഴിഞ്ഞ 15ന് ബിഷപ്പിന്റെ മൊഴിയെടുത്തശേഷം കേരളത്തിലെത്തിയ അന്വേഷണ സംഘത്തിന്റെ കൈയും കാലും ഉന്നതോദ്യോഗസ്ഥര്‍ കെട്ടിയിട്ടിരിക്കുന്നുവെന്ന രീതിയിലാണ് ഇപ്പോള്‍ ആ കേസിന്റെ നില. ബിഷപ്പിന്റെ മൊഴി പരിശോധിക്കുകയാണെന്നും പിന്നീട് ബിഷപ്പിനെ വിളിച്ചുവരുത്തുവെന്നുമാണ് ഇപ്പോള്‍ അന്വേഷണ സംഘം പറുയുന്നത്. എന്നാല്‍ മൊഴി എന്നു പഠിച്ചുതീരുമെന്ന കാര്യത്തില്‍ മൗനമാണ് പോലീസ് സ്വീകരിക്കുന്നത്. അതേസമയം പോലീസ് അനാസ്ഥ തുടര്‍ന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കന്യാസ്ത്രീയുടെ കുടുംബത്തിന്റെ തീരുമാനം. ബിഷപ്പിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ധൈര്യമില്ലാതെ മുട്ടിടിക്കുകയാണ് ആഭ്യന്തര വകുപ്പ്. ഒരു പീഡനക്കേസിലും പ്രതിക്ക് നല്‍കാത്ത ആനുകൂല്യമാണ് പോലീസ് ബിഷപ്പിന് നല്‍കുന്നതെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ 15ന് പോലീസ് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും സംസ്ഥാനം മഹാപ്രളയത്തെ നേരിടുന്ന സമയമായതിനാല്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ മുഴുവന്‍ ആവഴിക്ക് തിരിഞ്ഞതോടെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനകേസ് അന്വേഷണം നിശബ്ദമായത്. ഈ അവസരം ബിഷപ്പ് ഫ്രാങ്കോയും ആഭ്യന്തര വകുപ്പും മുതലെടുക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗീക പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 28ന് കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. എഫ്.ഐ.ആറും രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു.  തുടര്‍ന്ന് കാടിളക്കിയുള്ള അന്വേഷണം തുടങ്ങി. എന്നാല്‍ വൈകാതെ അന്വേഷണ സംഘത്തിന്റെ യാത്രയും കുറവിലങ്ങാട്ടെ മഠത്തിലും മറ്റു മഠങ്ങളിലുമായി ഒതുങ്ങുകയായിരുന്നു. കേരളത്തില്‍ ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ കേരള പോലീസിന്റെ നടപടി വളരെ അപഹാസ്യമായിരുന്നു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ മുന്‍കൂര്‍ അനുമതിയോ നടപടിക്രമങ്ങളോ പാലിക്കാതെ അവധി ദിനമാണെന്ന് പോലും ഓര്‍ക്കാതെ വത്തിക്കാന്‍ എംബസിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പോലീസ് നടപടി ഏറെ പഴികേട്ടു.

പിന്നീട് ഓഗസ്റ്റ് 13ന് ബിഷപ്പ് ഹൗസില്‍ മൊഴിയെടുക്കാനെത്തിയപ്പോഴും നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അന്നേ ദിവസം കേരള ഹൈക്കോടതി പരിഗണിച്ച ഒരു ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ ബിഷപ്പ് മുങ്ങുകയായിരുന്നു. ഇതറിയാതെ കേരള പോലീസ് നാലു മണിക്കൂറോളം ബിഷപ്പ് ഹൗസില്‍ പരിശോധന നടത്തി. രാവിലെ 11 മണിയോടെ ഹൈക്കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ പഞ്ചാബ് പോലീസ് ബിഷപ്പ് ഹൗസിനു ചുറ്റും സായുധ പോലീസിനെ നിയോഗിച്ചു. ബാരിക്കേഡ് വച്ച് വഴികളും അടച്ചു. ഈ സമയത്തിനുള്ള ബിഷപ്പ് ഫ്രാങ്കോ മറ്റൊരു വഴിയിലുടെ ജലന്ധറിനു പുറത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിലേക്ക് പോകുകയായിരുന്നു. പുറത്ത് നാടകീയ നീക്കങ്ങളിലൂടെ മാധ്യമ ശ്രദ്ധതിരിച്ച പഞ്ചാബ് പോലീസും ബിഷപ്പ് ഫ്രാങ്കോയെ രക്ഷപ്പെടാന്‍ സഹായിച്ചു. പിന്നീട് അറസ്റ്റ് ഉണ്ടാവില്ലെന്ന ഉറപ്പില്‍ 7.45 ഓടെ ബിഷപ്പ് ഫ്രാങ്കോ തിരിച്ച് ബിഷപ്പ് ഹൗസില്‍ എത്തി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പഞ്ചാബ് പോലീസിന്റെ മൗനാനുവാദത്തോടെ മര്‍ദ്ദനവും ഏറ്റിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെ 4.45 വരെ നീണ്ടുനില്‍ക്കുന്ന മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നുവെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചയോടെ ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, ഒരു ഹാര്‍ഡ്ഡിസ്‌ക് എന്നിവയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരു്നനു. കേരളത്തിലെത്തി ഈ സാധനങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കി. നേരത്തെ ബിഷപ്പിനെതിരെ തെളിവുണ്ടെന്നു പറഞ്ഞ പോലീസ് പിന്നീട് ബിഷപ്പ് പറഞ്ഞത് പരിശോധിക്കട്ടെയെന്ന് പറഞ്ഞ് മടങ്ങിയതാണ് സംശയത്തിനിടയാക്കുന്നത്. സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിനുപിന്നിലന്നും ആക്ഷേപമുണ്ട്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ഏറെയുണ്ടായിട്ടും പൊലീസ് അതിന് തയ്യാറാകാതിരിക്കുന്നത് വ്യാപക വിമര്‍ശനം വരുത്തിവയ്ക്കുന്നുണ്ട്. ഇതിന് പിന്നില്‍ ചില ഒത്തുകളില്‍ ഉണ്ടെന്നും വിശദീകരണമെത്തി.

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായി ഉയര്‍ന്ന ലൈംഗീക പീഡന പരാതിയില്‍ പോലീസ് നിഷ്‌ക്രിയമായി നടപടികള്‍ തുടരവേ കൂടുതല്‍ ക്രൂരതകളുടെ തെളിവുകള്‍ പുറത്ത് വരുന്നു. പരാതിയില്‍ പോലീസ് നടപടി ഒച്ചിഴയുന്ന വേഗത്തിലാണെങ്കിലും ബിഷപ്പിനെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ ഉന്നതന്മാര്‍ക്ക് കഴിയില്ല, ഇതിനായി മറ്റൊരു ക്രൂരതയ്ക്ക് പദ്ധതിയിട്ടു എന്നാണ് പുറത്ത് വരുന്ന വിവരം. പരാതിയില്‍ ഉറച്ച് നില്‍ക്കുന്ന കന്യാസ്ത്രീയെ വകവരുത്താനാണ് പദ്ധതിയിട്ടത്. കുറുവിലങ്ങാട് മഠത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതു സംബന്ധിച്ച പരാതി കുറവിലങ്ങാട് പൊലീസിന് കന്യാസ്ത്രീ നല്‍കിയത്. ഇതില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മഠത്തിലെ ജീവനക്കാരനും വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. എങ്ങനേയും കേസ് ഒതുക്കാന്‍ ശ്രമം സജീവമാക്കിയെങ്കിലും കന്യാസ്ത്രീ വഴങ്ങിയില്ല. ഇതോടെയാണ് അവരെ വകവരുത്താനുള്ള തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് വിലയിരുത്തല്‍.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീക്കു നേരിടേണ്ടി വന്ന ദുരനുഭവം ലൈംഗികപീഡനം മാത്രമല്ല, നീതിക്കായി പോരാടാന്‍ തീരുമാനിച്ചതു മുതല്‍ അവര്‍ നേരിടേണ്ടി വന്നത് കഠിനമായ മാനസീക പീഡനങ്ങളാണ്. ജലന്ധര്‍ കേസില്‍ പ്രശ്‌നം ലൈംഗികചൂഷണത്തേക്കാള്‍ വലുതാണ്. പരാതിയുമായി സഭയിലെ അധികാരികളെയാണ് കന്യാസ്ത്രീ ആദ്യം സമീപിച്ചത്. പല തലങ്ങളിലായി രണ്ടു വര്‍ഷത്തോളമായി അവര്‍ സഭയില്‍ പ്രശ്‌നം ഉന്നയിച്ച് നീതിക്കായി കാത്തിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല, പരാതിക്കാരിക്കെതിരെ ഗുരുതരമായ പ്രതികാരനീക്കങ്ങളുമുണ്ടായി. ബിഷപ്പിന്റെ അധികാരപരിധിയില്‍ നിന്നു മാറിക്കിട്ടിയാല്‍ മതിയെന്ന ഒത്തുതീര്‍പ്പിനു പോലും അവര്‍ തയാറായിരുന്നു. എന്നാല്‍ അധികാരവും സ്വാധീനവും ഉപയോഗിച്ച് പരാതിക്കാരിയെ അടിച്ചമര്‍ത്താനാണ് ബിഷപ്പും സംഘവും ശ്രമിച്ചത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: