ഐഒഎസിനേക്കാള്‍ 10 മടങ്ങ് അധികം ഡാറ്റ ആന്‍ഡ്രോയ്ഡ് ശേഖരിക്കുന്നതായി പഠനം

ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ലൊക്കേഷന്‍ സര്‍വീസ് ഡിസേബിള്‍ ചെയ്തിട്ടാലും ഓരോ ആന്‍ഡ്രോയ്ഡ് യൂസറുടെയും ലൊക്കേഷന്‍ ഗൂഗിള്‍ അറിയുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നു ഗൂഗിളിനെതിരേ വന്‍ പ്രതിഷേധം ഉയരുകയുണ്ടായി. ഇപ്പോള്‍ ഇതാ ഗൂഗിളിന്റെ ഉത്പന്നമായ ആന്‍ഡ്രോയ്ഡിനെതിരേ മറ്റൊരു ആരോപണം ഉയര്‍ന്നിരിക്കുന്നു. ആപ്പിളിന്റെ ഐഒഎസിനേക്കാള്‍ 10 മടങ്ങ് അധികം ഡാറ്റ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണില്‍നിന്നും ഗൂഗിള്‍ ശേഖരിക്കുന്നുണ്ടെന്നാണ് വാന്‍ഡെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ക്രോം വെബ് ബ്രൗസറുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍, 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഗൂഗിളിന് 340 തവണ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറിയതായി പഠനത്തില്‍ കണ്ടെത്തി. ഗൂഗിള്‍ സെര്‍വറിലേക്ക് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍നിന്നും കൈമാറിയ ഡാറ്റയുടെ അളവിന്റെ കാര്യമെടുത്താല്‍, ആന്‍ഡ്രോയ്ഡ് ഡിവൈസ് ഒരു ദിവസം 4.4 മെഗാബൈറ്റ് ഡാറ്റയാണ് അയച്ചത്. എന്നാല്‍ ഐഒഎസ് ഒരു ദിവസം ആപ്പിളിന് കൈമാറിയ ഡാറ്റയുടെ അളവ് 0.64 എംബിയാണ്. വാന്‍ഡെര്‍ബില്‍റ്റ് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസറായ ഡഗ്ലസ് സി. ഷ്മിഡിറ്റ് നേതൃത്വം കൊടുത്ത പഠനത്തിലാണ് ഈ കണ്ടുപിടുത്തം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: