ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള താല്‍പ്പര്യവുമായി ഖത്തര്‍ എയര്‍വേയ്‌സ് മുന്നോട്ട്

ന്യൂഡെല്‍ഹി: നിയമപരമായ തടസങ്ങളും ആശയക്കുഴപ്പങ്ങളും മാറിക്കിട്ടിയാല്‍ ഇന്ത്യയില്‍ വിമാനക്കമ്പനി തുടങ്ങാന്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അക്ബര്‍ അല്‍ ബേക്കര്‍ ന്യൂഡെല്‍ഹിയില്‍ പറഞ്ഞു. അയാട്ട സംഘടിപ്പിച്ച അന്താരാഷ്ട്ര വ്യോമയാന ഉച്ചകോടിയില്‍ പങ്കെടുക്കാതെത്തിയതായിരുന്നു അദ്ദേഹം. ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനുള്ള ഖത്തറിന്റെ അപേക്ഷ കേന്ദ്ര വ്യോമയാനമന്ത്രാലയം തള്ളിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കരുത്തരായ ഒരു പാര്‍ട്ട്ണര്‍ ഉണ്ടാവുകയും, ‘ബാഗേജ്’ ഇല്ലാതെ കൈമാറ്റത്തിനു സന്നദ്ധമാവുകയും ചെയ്താല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അലി ബക്കര്‍ പറഞ്ഞു. ബാഗേജ് എന്നതു കൊണ്ട് കടബാധ്യതയല്ല ഉദ്ദേശിക്കുന്നതെന്നും , ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, എന്‍ജിനിയറിംഗ് തുടങ്ങിയ കാര്യങ്ങളാണ് വിഷയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരിയും, ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്സ്പ്രസും, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസും വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സബ്സിഡയറിയുടെ 50 ശതമാനം സിംഗപ്പൂരിലെ എസ്.എ.ടി.എസിന് അവകാശപ്പെട്ടതാണ്. ഈ വര്‍ഷം ഡിസംബറോടെ വില്‍പന നടത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഏറ്റെടുക്കാന്‍ ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തന മൂലധന നഷ്ടത്തിനുള്ള ഫണ്ടായി മുപ്പതിനയിരം കോടി കണ്ടെത്തി കമ്പനി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.

ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയ നിക്ഷേപക ഘടന സ്വീകാര്യമല്ലെന്നും പൂര്‍ണമായും ഖത്തറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം നിയമപരമായ അനുവദിക്കാനാവില്ലെന്നുമാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. ‘വിമാനക്കമ്പനിയുടെ നിയന്ത്രണവും നിര്‍ണായക ഉയമസ്ഥാവകാശവും ഇന്ത്യന്‍ പൗരന്‍മാരില്‍ നിക്ഷിപ്തമായിരിക്കണമെന്നാണ് നിലവിലെ നിയമ’മെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി ആര്‍ എന്‍ ചൗബെ പറഞ്ഞു. 51 ശതമാനം ഇന്ത്യന്‍ ഉടമസ്ഥതയും 49 ശതമാനം വിദേശ ഉടമസ്ഥതയും എന്ന രീതിയില്‍ മാത്രമേ വിമാനക്കമ്പനികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാനാവൂ. ഖത്തര്‍ എയര്‍വേയ്‌സ് ഇതിനായി ഒരു ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്തുന്നതാവും ഉചിതമെന്നും ചൗബേ വ്യക്തമാക്കി.

ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് അല്‍ ബേക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുമായി സഹകരിക്കുന്നത് സംബന്ധിച്ച് പലതവണ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ടോ മൂന്നോ ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന് താല്‍പ്പര്യമില്ല. 10-15 ശതമാനം നിര്‍ണായക ഓഹരികളാണ് തങ്ങള്‍ക്ക് വേണ്ടതെന്നും അല്‍ ബേക്കര്‍ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം വേഗത്തില്‍ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിലേക്ക് വ്യവസായം വളര്‍ത്താന്‍ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ ശ്രമിച്ചു വരികയായിരുന്നു. 2017 ല്‍ വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ഇന്ത്യ ലഘൂകരിച്ചതോടെയാണ് ഈ നീക്കങ്ങള്‍ക്ക് വേഗം കൂടിയത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളിലും കമ്പനി കണ്ണ് വെച്ചിരുന്നു. അവിടെയും നിയമ തടസങ്ങളോടൊപ്പം ഇന്ത്യന്‍ പങ്കാളിയാരാവുമെന്ന ചോദ്യവും കല്ലുകടിയായി. എയര്‍ ഇന്ത്യയുടെ വലിയ കടം തങ്ങളെ സംബന്ധിച്ച് പ്രശ്‌നമല്ലായിരുന്നെന്നും അത് വീട്ടാവുമന്നതേ ഉണ്ടായിരുന്നുള്ളെന്നും അക്ബര്‍ അല്‍ ബേക്കര്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ അടിസ്ഥാന ആസ്തികളില്‍ മാത്രമാണ് ഖത്തറിന് താല്‍പ്പര്യമുണ്ടായിരുന്നത്. ഗ്രൗണ്ട് ഹാന്‍ഡിലിംഗ് അടക്കമുള്ള മേഖലകള്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇന്ത്യന്‍ പങ്കാളിക്ക് ഭൂരിപക്ഷം ഓഹരികള്‍ നല്‍കി പുതിയ വിമാനക്കമ്പനി ആരംഭിക്കുക, ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 25 ശതമാനത്തോളം ഓഹരികള്‍ കൈക്കലാക്കുക എന്നീ വഴികള്‍ മാത്രമാണ് ഇനി ഖത്തര്‍ എയര്‍വേയ്‌സിന്‍രെ മുന്നിലുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: