രുചിയൂറും വിഭവങ്ങളിലൂടെ കേരളത്തിന് കൈത്താങ്ങായി വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നേഴ്സുമാര്‍

വാട്ടര്‍ഫോര്‍ഡ്: പ്രളയദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്നും പണം നല്‍കുന്നതിനൊപ്പം സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണം ഉറപ്പാക്കാന്‍ പുതിയ ആശയം പ്രാവര്‍ത്തികമാക്കി അയര്‍ലന്റിലെ ഒരുകൂട്ടം മലയാളി നഴ്‌സുമാര്‍. കുക്ക് ഫോര്‍ കേരള മാതൃകയില്‍ സ്വന്തം ജോലിസ്ഥലത്ത് രുചികരമായ കേരളവിഭവങ്ങള്‍ തയാറാക്കി വിതരണം ചെയ്താണ് ഇവര്‍ ദുരിതാശ്വാസത്തിന് പണം കണ്ടെത്തിയത്. ഇത്തരത്തില്‍ സമാഹരിച്ച 5,700 യൂറോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഒരുങ്ങുകയാണ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍.

വിദേശത്തുള്ള മലയാളി നഴ്‌സുമാര്‍ക്കെല്ലാം മാതൃകയാക്കാവുന്ന തരത്തിലാണ് ഈ ധനശേഖരണ മാര്‍ഗം. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് അയര്‍ലണ്ടില്‍ ഉള്‍പ്പടെയുള്ള ലോക മാധ്യമങ്ങളിലൂടെ എല്ലാവിദേശികളും തന്നെ അറിഞ്ഞിട്ടുള്ളതിനാല്‍ മലയാളി നഴ്‌സുമാരുടെ ഈ ഉദ്യമത്തിന് സഹപ്രവര്‍ത്തകരുടെ സഹകരണം ഏറെയായിരുന്നു.

വെറുതെ പണം ചോദിക്കുന്നതിനേക്കാള്‍, രുചികരമായ ഭക്ഷണം നല്‍കി അതിനു പ്രതിഫലം വാങ്ങിയപ്പോള്‍ ജന്മനാടിനു വേണ്ടിയായാലും വിദേശികള്‍ക്കു മുന്നില്‍ കൈനീട്ടുന്ന അവസ്ഥ ഒഴിവാക്കാനുമായി. ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും സാങ്കേതിക വിദഗ്ധരുമുള്‍പ്പെടെ നിരവധിപേര്‍ കേരളത്തിന്റെ ദുരിതമകറ്റാന്‍ രുചിക്കൂട്ടുകള്‍ തേടിയെത്തി.

എ എം

Share this news

Leave a Reply

%d bloggers like this: