പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കായി ആലുവയിലും ചെങ്ങന്നൂരിലും നാളെ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ്

കോട്ടയം: പ്രളയത്തില്‍ പാസ്പോര്‍ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ മന്ത്രാലയം ആലുവയിലും ചെങ്ങന്നൂരിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ (ശനിയാഴ്ച) പ്രത്യേക ക്യാംപ് നടത്തും. ഫീസും പെനല്‍റ്റിയും ഈടാക്കുന്നതല്ല. നൂറുകണക്കിന് പ്രവാസി കുടുംബങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയിരുന്നു. ഇവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

ക്യാംപില്‍ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട് റീഇഷ്യുവിനായി റജിസ്റ്റര്‍ ചെയ്യണം. സൈറ്റില്‍നിന്നു ലഭിക്കുന്ന റജിസ്‌ട്രേഷന്‍ നമ്പറുമായി (എആര്‍എന്‍) വേണം ക്യാംപിലെത്താന്‍.
പാസ്‌പോര്‍ട് നഷ്ടമായവര്‍ എഫ്‌ഐആര്‍ കോപ്പിയോ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്‌പോര്‍ട്‌കേടുപറ്റിയവര്‍ അതു ക്യാംപില്‍ കൊണ്ടുവരണം. മറ്റു രേഖകള്‍ ആവശ്യമില്ല.

എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുളളവര്‍ ക്യാംപ് പ്രയോജനപ്പെടുത്തണമെന്നു റീജനല്‍ പാസ്‌പോര്‍ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. ക്യാംപുകള്‍ക്കു പുറമേ എല്ലാ പാസ്‌പോര്‍ട് സേവാകേന്ദ്രങ്ങളിലും അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447731152.

Share this news

Leave a Reply

%d bloggers like this: