രൂപ തകര്‍ന്നടിയുമ്പോള്‍ ഇന്ധനവില കുതിച്ചുയരുന്നു; നടപടി എടുക്കാതെ കേന്ദ്ര സര്‍ക്കാര്‍

ഇന്ധനവില കുതിച്ചുയരുന്നു. രൂപയുടെ മൂല്യമാകട്ടെ തകരുകയുമാണ്. എന്ത് ചെയ്യണമെന്നറിയാതെ മോഡി സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നല്‍കുന്ന ചിത്രം ഒട്ടും ശോഭനമല്ല. അതിവര്‍ഷവും വെള്ളപ്പൊക്കവും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്പദ്‌മേഖലയെ ആകെ ഉലച്ച ഘട്ടത്തിലാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും അരക്ഷിതമായിരിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാവുകയാണ്. തിങ്കളാഴ്ച ഡോളറിന് 71.41 രൂപയായി വീണ്ടും ഇടിഞ്ഞു. ഒറ്റ ദിവസംകൊണ്ട് 32 പൈസയുടെ ഇടിവാണുണ്ടായത്. ഇതോടെ ഈ വര്‍ഷംമാത്രം രൂപയുടെ മൂല്യം 12 ശതമാനത്തോളം ഇടിഞ്ഞു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 22 ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിട്ടുള്ളത്. മോഡി അധികാരമേറിയ 2014 മെയ് 23ന് ഡോളറൊന്നിന് രൂപയുടെ മൂല്യം 58.51 രൂപയായിരുന്നതാണ് ഇപ്പോള്‍ 71.41 രൂപയായി ഇടിഞ്ഞത്. 13.10 രൂപയുടെ തകര്‍ച്ച.

രൂപയുടെ മൂല്യത്തകര്‍ച്ച മോശംകാര്യമൊന്നുമല്ലെന്നാണ് മോഡി സര്‍ക്കാരിന്റെ വാദം. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമത്രേ. ഇറക്കുമതി കുറയുന്നതും കയറ്റുമതി വര്‍ധിക്കുന്നതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതാണത്രേ. തീര്‍ത്തും പൊള്ളയായ അവകാശവാദങ്ങളാണിതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഡോളര്‍ നിരക്കില്‍ കയറ്റുമതി കുറവാണെന്നതാണ് കണക്കുകള്‍ വിളിച്ചുപറയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പല കാരണമുണ്ട്. എണ്ണവിലയിലുണ്ടായ വര്‍ധനയാണ് പ്രധാന കാരണം. ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതാണ് എണ്ണവില കുത്തനെ കൂടാന്‍ കാരണമായത്. ഏറ്റവും അധികം എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ച് രാഷ്ട്രങ്ങളിലൊന്നായ ഇറാന്‍ കമ്പോളത്തില്‍നിന്ന് അപ്രത്യക്ഷമായത് സ്വാഭാവികമായും എണ്ണവില വര്‍ധിപ്പിക്കും. ക്രൂഡ് ഓയിലിന് വീപ്പയ്ക്ക് 78 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. അതനുസരിച്ചാണ് രൂപയുടെ തകര്‍ച്ചയും. രൂപയാണോ എണ്ണയാണോ ആദ്യം സെഞ്ച്വറി അടിക്കുക എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള ഒരു നടപടിക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രൂപയുടെ തകര്‍ച്ചയും എണ്ണവില വര്‍ധനയും സ്വാഭാവികമായും വിലക്കയറ്റം രൂക്ഷമാക്കും. അര്‍ജന്റീന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കറന്‍സിത്തകര്‍ച്ച തടയാന്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിദേശനിക്ഷേപം രാജ്യത്തുനിന്ന് ഒഴുകിപ്പോകുന്നത് തടയുകയാണ് ലക്ഷ്യം. എന്നാല്‍, അതും ഗുണം ചെയ്തിട്ടില്ലെന്ന് അര്‍ജന്റീനിയന്‍ അനുഭവം തെളിയിക്കുന്നു. റിസര്‍വ് ബാങ്കാകട്ടെ അടുത്തിടെ രണ്ടുതവണ നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ രൂപ മൂക്കുകുത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ മാറിനില്‍ക്കുകയാണ് ആര്‍ബിഐ. ഇന്ധനവില ഇനിയും കൂടുമെന്നിരിക്കെ രൂപ ഇനിയും തകരാനാണിട. അതുകൊണ്ടുതന്നെ ഇന്ധനവില കുറയ്ക്കാനുള്ള നടപടിയാണ് കേന്ദ്രം അടിയന്തരമായി സ്വീകരിക്കേണ്ടത്. ഒരു നടപടിയും സ്വീകരിക്കാതെ അമിതഭാരം ജനങ്ങളുടെ ചുമലില്‍ കയറ്റിവയ്ക്കുകയാണ് മോഡി സര്‍ക്കാര്‍.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: