പുത്തന്‍ 100, 200 യൂറോയുടെ കറന്‍സികള്‍ അയര്‍ലണ്ടില്‍ എത്തുന്നു; വ്യാജനെ തടയാന്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്റെ പൊതു കറന്‍സിയായ യൂറോയുടെ പുതിയ നൂറ്, ഇരുനൂറ് യൂറോ കറന്‍സികള്‍ പുറത്തിറക്കുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്. യൂറോപ്പ സീരിസില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ളതാണ് 200, 100 കറന്‍സികള്‍. വ്യാജന്റെ എല്ലാ പഴുതകളും അടച്ചാണ് പുതിയ 100, 200 യൂറോയുടെ വരവ്. 2018 അവസാനത്തോടെ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ യൂറോ കറന്‍സികള്‍ വിപണിയിലെത്തിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

യൂറോയുടെ ഏറ്റവും മൂല്യമുണ്ടായിരുന്ന അഞ്ചൂറിന്റെ കറന്‍സി ഈ വര്‍ഷം പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഈ കറന്‍സി വഴി രാജ്യാന്തര തലത്തില്‍ വന്‍ തോതില്‍ കള്ളപ്പണമിട പാടുകള്‍ നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ 200 യൂറോ നോട്ട് ഏറ്റവും മൂല്യമുള്ള യൂറോ കറന്‍സിയായി മാറി. നേരത്തേ 50 യൂറോ നോട്ടില്‍ ഉപയോഗിച്ച പോര്‍ട്രെയിറ്റ് വിന്‍ഡോ രേഖാചിത്രമായിരിക്കും പുതിയ 100, 200 യൂറോ നോട്ടിന്റെ പ്രധാന സവിശേഷത. കറന്‍സി നോട്ട് വെളിച്ചത്തിനു നേരെ പിടിക്കുമ്പോള്‍ വിന്‍ഡോയുടെ മുകളില്‍ ഗ്രീക്ക് ഐതിഹ്യത്തിലെ യൂറോപ്പയുടെ ചിത്രം തെളിയും. നോട്ടിന്റെ മുന്‍ഭാഗത്ത് ഒരു എമറാള്‍ഡ് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പ്രത്യേകതകള്‍ കള്ളനോട്ടുകളെ തടയാന്‍ പര്യാപ്തമാകുമെന്നാണ് പ്രതീക്ഷ.

യൂറോസോണില്‍നിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകള്‍ യഥാര്‍ഥ നോട്ടുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്ത സാഹചര്യത്തിലാണ് 100, 200 യൂറോ നോട്ടുകള്‍ക്ക് പുതിയ രൂപവും ഭാവവും വരുത്തുന്നത്. വ്യാജനെ തടയാന്‍ മികച്ച നിലവാരത്തിലുള്ള കടലാസിലാണ് ഇതിന്റെ നിര്‍മാണം. പുതിയ നോട്ടിന്റെ വ്യാജ പതിപ്പ് നിര്‍മ്മിക്കുക അത്ര എളുപ്പമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് നോട്ടാണെന്നു തോന്നും. അടുത്ത വര്‍ഷം മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും. പുതിയ നോട്ടുകള്‍ ഇറങ്ങിയാലും പഴയ 100, 200 യൂറോ നോട്ടുകള്‍ക്ക് വിനിമയ സാധുത ഉണ്ടായിരിക്കുമെന്നും അവര്‍ അറിയിച്ചു.

പഴയ 10, 200 യൂറോ നോട്ടുകളേക്കാള്‍ പുതിയതിന് വലിപ്പത്തില്‍ വ്യത്യാസമുണ്ട്. നിലവിലുള്ള 50 യൂറോ നോട്ടിന്റെ ഉയരവും നീളവുമാണ് പുതിയ നോട്ടുകള്‍ക്ക് നല്‍കിയിരിക്കുന്നത്. വാലറ്റുകളില്‍ സുരക്ഷിതമായി ഇരിക്കത്തക്ക രീതിയില്‍ ചെറുതാക്കി പരിഷ്‌കരിച്ചാണ് പുതിയ നോട്ടുകള്‍ വിപണിയിലെത്തുന്നത്. കൂടാതെ കൂടുതല്‍ കാലം ഇവ ഉപയോഗിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2002-ലാണ് യൂറോപ്യന്‍ യൂണിയന്റെ പൊതു കറന്‍സിയായ യൂറോ നിലവില്‍ വന്നത്. അഞ്ച്, 10, 20, 50, 100, 200 എന്നിങ്ങനെയാണ് നിലവില്‍ യൂറോ കറന്‍സികള്‍ പ്രചാരത്തിലുള്ളത്. യൂറോപ്യന്‍ യൂണിയനിലെ 19 രാജ്യങ്ങളില്‍ യൂറോ പൊതു കറന്‍സിയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: