കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും

യുഎസില്‍ ഇനി മുതല്‍ കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കില്ല. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഗ്രീന്‍ കാര്‍ഡ് നിര്‍ത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശുപാര്‍ശ യുഎസിലെ ഇന്ത്യക്കാരെ കാര്യമായി ബാധിക്കും. കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കൊടുക്കുന്നത് തടഞ്ഞുകൊണ്ട് ഗവണ്‍മെന്റ് പുതിയ നിയമം പ്രഖ്യാപിച്ചു. മരുന്ന്, വീട്, ഭക്ഷണം തുടങ്ങിയ അവശ്യ കാര്യങ്ങള്‍ക്ക് നിയമപരമായി ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ കിട്ടാനാണ് ഗ്രീന്‍ കാര്‍ഡ് ആവശ്യമായി വരിക. നിയമപരമായി സ്ഥിരം താമസത്തിനുള്ള അനുമതി കൂടിയായ ഗ്രീന്‍ കാര്‍ഡ് ലഭിക്കുകയെന്നത് പൗരത്വം കിട്ടുന്നതിന് തൊട്ട് മുന്നേയുള്ള ഘട്ടം കൂടിയാണ്.

യുഎസിലേക്ക് കുടിയേറി വരുന്നവര്‍ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്ന ഫെഡറല്‍ നിയമം കുറേക്കാലമായി ഉള്ളതാണെന്ന് പുതിയ നിയമം പ്രഖ്യാപിച്ചുകൊണ്ട് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്ജന്‍ നീല്‍സണ്‍ പറഞ്ഞു. ”കുടിയേറ്റക്കാര്‍ക്കിടയില്‍ സ്വയം പര്യാപ്തത വളര്‍ത്തുകയും പരിമിതമായ വിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ കോണ്‍ഗ്രസില്‍ പാസാക്കുന്ന നിയമം അമേരിക്കയിലെ നികുതിദായകര്‍ക്ക് മേലെ ഭാരമാകില്ലെന്നും ഉറപ്പുവരുത്തും.”

അത്യാവശ്യഘട്ടങ്ങളിലെ വൈദ്യപരിശോധന, കുറഞ്ഞ വരുമാനമുള്ളവര്‍ക്കായി മരുന്നിന്റെ വിലയിലുള്ള സബ്സിഡി, ഗവണ്‍മെന്റ് ചിലവില്‍ ദീര്‍ഘകാല ആശുപത്രിവാസം, ഭക്ഷണം, വീട് പണിയല്‍ എന്നിവക്കുള്ള സഹായധനം തുടങ്ങിയവ ഗ്രീന്‍ കാര്‍ഡ് കിട്ടാതാകുന്നതോടെ നഷ്ടമാകും. നിയമപരവും അല്ലാത്തതുമായ കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമാണ് ഇത്. ഈ നടപടി മെച്ചപ്പെട്ട ജീവിതത്തിനായി അമേരിക്കയിലെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കുന്നതായിരിക്കും. ഗവണ്‍മെന്റിന്റെ സഹായമില്ലാതെ ജീവിക്കുകയോ അല്ലെങ്കില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയോ മാത്രമേ അവര്‍ക്ക് ഇനി ചെയ്യാന്‍ കഴിയൂ.

അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം പുതിയ നിയമം 3,82,000 പേരെ ബാധിക്കും. ഔദ്യോഗിക ഗസറ്റില്‍ നോട്ടിഫൈ ചെയ്തതിന് ശേഷം 60 ദിവസം പൊതുജനത്തില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പരിഗണിക്കും. അതിന് ശേഷമായിരിക്കും ഔദ്യോഗികമായി നിയമനിര്‍മ്മാണം നടക്കുക.

ഒരു വര്‍ഷം ഒരു മില്യണ്‍ ഗ്രീന്‍കാര്‍ഡുകളാണ് യുഎസ് സര്‍ക്കാര്‍ നല്‍കാറുള്ളത്. അതില്‍ ഇന്ത്യക്കാരുടെ എണ്ണം 2014ല്‍ 77,908ഉം, 2015ല്‍ 64,116ും, 2016ല്‍ 64,687ഉം ആയിരുന്നു. ഇവരില്‍ ഭൂരിഭാഗവും എത്തിയിട്ടുള്ളത് ജോലി സംബന്ധമായോ അല്ലെങ്കില്‍ കുടുംബവുമായി ബന്ധപ്പെട്ടോ ഉള്ള വിസയിലൂടെയാണ്.

അതില്‍ ഭൂരിഭാഗം പേര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമായ മെച്ചപ്പെട്ട ജോലിയാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിശദമായ പരിശോധനയിലൂടെ അല്ലാതെ പറയാന്‍ കഴിയില്ല. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ 15.3ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമല്ല.

ഗ്രീന്‍ കാര്‍ഡ് ആദ്യമേ കൈയ്യിലുള്ളവരെ നിയമം ബാധിക്കില്ല. പക്ഷേ ഇന്ത്യയില്‍ നിന്നുള്ള 3,06,601 പേര്‍ ഇന്നും ഗ്രീന്‍ കാര്‍ഡിന് വേണ്ടിയുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് എന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസസിന്റെ കണക്കുകള്‍ കാണിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: