47 പേരുമായി യാത്രാവിമാനം സമുദ്രത്തില്‍ പതിച്ചു; പ്രദേശവാസികള്‍ ബോട്ടുമായെത്തി എല്ലാവരെയും രക്ഷപ്പെടുത്തി

കേരളത്തിലെ പ്രളയകാലത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം അന്താരാഷ്ട്ര ശ്രദ്ധയാണ് നേടിയത്. അത് പോലെ ദുരന്ത മുഖത്ത് പ്രദേശവാസികളുടെ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനമാണ് പലപ്പോഴും അപകടങ്ങളുടെ തീവ്രത കുറയ്ക്കുന്നത്. ഇപ്പോഴിതാ ലോകത്തിന്റെ ശ്രദ്ധനേടി മറ്റൊരു രക്ഷാദൗത്യവും. 47 പേരുമായി സമുദ്രത്തില്‍ പതിച്ച യാത്രാവിമാനത്തിലെ എല്ലാവരെയും പ്രദേശവാസികള്‍ വെള്ളത്തിലും ബോട്ടിലുമായി രക്ഷപ്പെടുത്തിയ സംഭവമാണത്. മറ്റൊരു വലിയ വിമാന ദുരന്തം അങ്ങനെ ഒഴിവായി. മൈക്രോനേഷ്യയില്‍ നിന്നും പാപ്പുവ ന്യൂ ഗിനിയയിലേക്കുള്ള യാത്രാമധ്യേ എയര്‍ ന്യൂഗിനിയുടെ വിമാനം ചെറിയ ദ്വീപിലെ റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കവെ തെന്നിമാറിയ പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

പാപുവ ന്യൂ ഗിനിയയിലെ നോര്‍ത്ത് വെസ്റ്റിലുള്ള കുഞ്ഞന്‍ ദ്വീപായ വെനോയിലാണ് സംഭവം. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9.30-നാണ് സംഭവം. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ചെറുബോട്ടുകളില്‍ കുതിച്ചെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന 36 യാത്രക്കാരും 11 ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ന്ന നിലയിലാണ്.

വിമാനത്തിനുള്ളില്‍ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങിയ ഇവര്‍ ചിറകില്‍ കയറി നില്‍ക്കുകയായിരുന്നു. രക്ഷാബോട്ടുകള്‍ അപകടസ്ഥലത്ത് നിന്നും യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാതിമുങ്ങിയ നിലയിലുള്ള വിമാനത്തില്‍ നിന്നുമാണ് യാത്രക്കാരെ കരയിലേക്ക് എത്തിക്കുന്നത്. വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നല്‍കുന്ന ദ്വീപുകളാണിത്. അതുകൊണ്ട് തന്നെ യാത്രികരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികള്‍ തന്നെയാണെന്നാണ് വിവരം. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടല്‍ ആളുകളെ ജീവനോടെ രക്ഷിക്കാന്‍ സഹായകമായി.

മൈക്രോനേഷ്യയിലെ പോപെ വിമാനത്താവളത്തില്‍ നിന്നും ചുക് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം പാപുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയിലേക്ക് യാത്ര തുടരേണ്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. 600 ദ്വീപുകളായി പസഫിക് സമുദ്രത്തില്‍ വ്യാപിച്ച് കിടക്കുന്ന രാജ്യമാണ് മൈക്രോനേഷ്യ. അപകടത്തിന് പിന്നിലെ കാരണങ്ങള്‍ തല്‍ക്കാലം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാപുവ ന്യൂ ഗിനിയ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: