അന്താരാഷ്ട്ര രാസായുധ നിരീക്ഷണ കേന്ദ്രത്തില്‍ റഷ്യയുടെ സൈബര്‍ ആക്രമണം ഡച്ച് സൈന്യം പരാജയപ്പെടുത്തി

അന്താരാഷ്ട്ര രാസായുധ നിരീക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനത്തില്‍ റഷ്യ നടത്തിയ സൈബര്‍ ആക്രമണം ഡച്ച് സൈന്യം പരാജയപ്പെടുത്തി. സാലിസ്ബറി നോവിചോക് ആക്രമണത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള വ്ളാദിമിര്‍ പുടിന്റെ നയതന്ത്ര യുദ്ധം വ്യക്തമാക്കുന്ന സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്.

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഡച്ച് സൈന്യം സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയത്. മാര്‍ച്ച് മാസത്തില്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിലും ഏപ്രിലില്‍ പോര്‍ടോണ്‍ ഡൗണ്‍ രാസായുധ വിഭാഗത്തിലും റഷ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ജിആര്‍യു നടത്തിയ സൈബര്‍ ആക്രമണങ്ങളും പരാജയപ്പെട്ടിരുന്നു. റഷ്യയുടെ ചാരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ നെതര്‍ലന്‍ഡിനും യുകെയ്ക്കും അമേരിക്കയ്ക്കും ലഭിച്ചിട്ടിട്ടുണ്ടെന്നും അവര്‍ നടപടി നേരിടേണ്ടി വരുമെന്നും ഡച്ച് വിദേശകാര്യ സെക്രട്ടറി ജെറെമി ഹണ്ട് പറഞ്ഞു. റഷ്യ തരംതാണ രാഷ്ട്രമായി മാറിയിരിക്കുന്നുവെന്നാണ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ‘ചാര മതിഭ്രമം’ ബാധിച്ചിരിക്കുകയാണെന്ന് ആരോപിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.

ജിആര്‍യുവിന്റെ അംഗങ്ങളെന്ന് കരുതുന്ന നാല് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ പിടിയിലായത്. ഏപ്രിലില്‍ ഇവര്‍ നയതന്ത്ര പാസ്പോര്‍ട്ടില്‍ ഹേഗിലേക്ക് യാത്ര ചെയ്തിരുന്നു. ആ ദിവസങ്ങളില്‍ രാസായുധം നിരോധിക്കുന്നതിന് വേണ്ടിയുള്ള സംഘടന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ വച്ച് നടന്ന കൊലപാതക ശ്രമങ്ങളെക്കുറിച്ചും സിറിയയിലെയും ഡൂമയിലെയും രാസായുധ ആക്രമങ്ങളെയും കുറിച്ച് അന്വേഷിക്കുകയായിരുന്നു.

രാസായുധ നിരീക്ഷണ കേന്ദ്രത്തെ ലക്ഷ്യം വച്ച് നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ ഹാക്കിംഗ്, വയര്‍ തട്ടിപ്പ്, രഹസ്യസ്വഭാവമുള്ള വിവരങ്ങളുടെ മോഷണം, പണം തട്ടിപ്പ് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ്ജെനി സെറെബ്രികോവ്(37), അലക്സി മോറെനെറ്റ്സ്(41), ഒലെഗ് സോറ്റ്നികോവ്(46), അലക്സി മിനിന്‍(46) എന്നിവരാണ് പിടിയിലായത്. ഷിഫോള്‍ വിമാനത്താവളത്തില്‍ അവര്‍ റഷ്യന്‍ എംബസി ഉദ്യോഗസ്ഥനെ കണ്ടതായി സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. കസ്റ്റംസ്, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഇവര്‍ ഹേഗിലേക്ക് ടാക്സിയില്‍ യാത്ര ചെയ്യുകയും ചെയ്തു. ഏപ്രില്‍ 13നാണ് ഇവര്‍ അറസ്റ്റിലായത്. ഡച്ച് അധികൃതര്‍ ഇവരെ നാടുകടത്തി.

ഇവര്‍ക്കൊപ്പം ഉത്തേജക മരുന്ന് വിരുദ്ധ അതോറിറ്റിയില്‍ നുഴഞ്ഞുകയറുകയും ബ്രാഡ്ലി വിഗ്ഗിന്‍സ്, മോ ഫറാ എന്നീ കായിക താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്ത ഫാന്‍സി ബെയേഴ്സ് ഗ്രൂപ്പ് അംഗങ്ങളും അറസ്റ്റിലായിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: