ഹിഗ്ഗിന്‍സ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു; ജനാഭിപ്രായത്തില്‍ ശക്തമായ പിന്തുണ

ഡബ്ലിന്‍: അടുത്ത തവണയും മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് തന്നെ പ്രസിഡന്റ് പദവിയിലെത്തുമെന്ന സൂചന നല്‍കി ഏറ്റവും പുതിയ സര്‍വേ ഫലം. റെഡ് സി നടത്തിയ ഒപീനിയന്‍ പോളില്‍ 70 ശതമാനം ജനപിന്തുണയാണ് ഹിഗ്ഗിന്‍സിന് ലഭിച്ചത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയെക്കാള്‍ 56 പോയിന്റിന്റെ ലീഡാണ് അദ്ദേഹം നേടിയത്. സെപ്റ്റംബറില്‍ നടത്തിയ ജനാഭിപ്രായ പോളില്‍ ലഭിച്ചതിനേക്കാള്‍ മൂന്ന് ശതമാനം ജനപിന്തുണയും അദ്ദേഹത്തിന് വര്‍ധിച്ചിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ഥി സീന്‍ ഗാലര്‍ 14 ശതമാനം ജനപിന്തുണയോടെ രണ്ടാം സ്ഥാനത്തെത്തി. 18 വയസ്സിന് മുകളിലുള്ള 1000 പേരുടെയിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. തിരഞ്ഞെടുപ്പില്‍ 12.5 ശതമാനം വോട്ട് ലഭിക്കുന്നവര്‍ക്ക് മാത്രമേ കെട്ടിവെച്ച തുക തിരികെ ലഭിക്കുകയുള്ളൂ.

ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. സിന്‍ ഫെയ്ന്‍ ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ലമെന്റ് അംഗമായ ലിയാദ് നി റിയാദയ്ക്ക് 5% പിന്തുണയാണ് ലഭിച്ചത്. ഇവരെക്കൂടാതെ ഡെന്‍ ഗവിന്‍ ഡഫി(4%), സെനറ്റര്‍ ജോണ്‍ ഫ്രീമാന്‍(6%) ബിസിനസ്സ്മാനായ പീറ്റര്‍ കാസി(1%) എന്നിവരും മത്സരിക്കാനുണ്ട്.

അടുത്ത ഏഴ് വര്‍ഷത്തേക്ക് കൂടി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ഹിഗ്ഗിന്‍സ് സ്വയം നോമിനേറ്റ് ചെയ്താണ് മത്സര രംഗത്തേക്കെത്തിയത്. ഐറിഷ് പ്രസിഡന്റുമാരില്‍ വച്ച് വ്യത്യസ്തത പുലര്‍ത്തുന്ന ഹിഗ്ഗിന്‍സ് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികൂടിയാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അയര്‍ലണ്ടിനെ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുമായും ബന്ധിപ്പിക്കാന്‍ ഹിഗ്ഗിന്‍സിന് കഴിഞ്ഞിരുന്നു.

ഭരണ പക്ഷമായ ഫൈന്‍ഗെയ്‌ലും പ്രധാന പ്രതിപക്ഷമായ ഫിയാന ഫാളും, സര്‍ക്കാര്‍ പക്ഷത്തോടൊപ്പം ഹിഗ്ഗിന്‍സിന് പിന്തുണ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 26 വെള്ളിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 11 ന് പുതിയ പ്രസിഡന്റ് പദവി ഏറ്റെടുക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: