യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് അയര്‍ലണ്ടില്‍; യൂറോപ്യന്‍ ശരാശരിയേക്കാള്‍157 യൂറോ അധികം അടയ്ക്കേണ്ടി വരുന്നു

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനില്‍ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ ആണെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്ഥിരമായ മാസതവണകളില്‍ വായ്പ്പ തിരിച്ചടക്കുന്ന നടപടികളിലേക്ക് ഐറിഷ് ബാങ്കുകള്‍ നീങ്ങിയെങ്കിലും ഇടപാടുകാര്‍ക്ക് ഇത് അധികഭാരം ഏല്പിക്കുകയാണെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കാണാം. യൂറോപ്യന്‍ ശരാശരിയേക്കാള്‍ 157 യൂറോ അധികമായി ഓരോ മോര്‍ട്ട്‌ഗേജ് വായ്പക്കാരനും അടയ്‌ക്കേണ്ടിവരുന്നുണ്ടെന്നാണ് വസ്തുത. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് അയര്‍ലണ്ടിലെ കൂടിയ പലിശ നിരക്ക് ബോധ്യപ്പെടുന്നത്.

വസ്തുവില കുത്തനെ ഉയര്‍ന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടി വന്നു. ഇതോടെ ഉയര്‍ന്ന വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായും മാസതവണ നിരക്കുകളും ഉയര്‍ന്നു. വസ്തുവില പിടിച്ചു നിര്‍ത്തിയാല്‍ മാത്രമേ ബാങ്ക് നിരക്കുകളിലും മാറ്റം വരുത്തന്‍ കഴിയുകയുള്ളു എന്ന് ഐറിഷ് ബാങ്കുകള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്പില്‍ ശരാശരി മോര്‍ട്ടഗേജ് പലിശ നിരക്ക് നിലവില്‍ 1.77 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഇത് 3.15 ശതമാനമായിരുന്നു. ഈ വ്യത്യാസം കുറച്ചുകൊണ്ട് വന്ന് ലളിതമായ തവണ വ്യവസ്ഥകള്‍ പിന്തുടരാന്‍ സെന്‍ട്രല്‍ ബാങ്ക് ഐറിഷ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യൂറോപ്പ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പ നിരക്കുകള്‍ പാലിക്കാനും ഐറിഷ് ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബാങ്കിങ് & പേയ്‌മെന്റ്‌സ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ആദ്യ തവണ വീട് വാങ്ങുന്നവര്‍ അടയ്ക്കേണ്ട നിലവിലെ മോര്‍ട്ടഗേജ് നിരക്ക് 218,702 യൂറോയാണ്. ഇത് പ്രകാരം സാധാരണ ഒരാള്‍ 30 വര്‍ഷത്തിന് മുകളില്‍ വായ്പ്പ എടുക്കുമ്പോള്‍ യൂറോപ്പ്യന്‍ ശരാശരിയേക്കാള്‍ 156.40 യൂറോ ഓരോ മാസവും അധികപ്പലിശയായി അടയ്ക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്ക്.

മോര്‍ട്ട് ഗേജ് തവണ വ്യവസ്ഥകള്‍ ഐറിഷ് ബാങ്കുകള്‍ സുതാര്യമാക്കി ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്പിക്കുന്ന അധിക ഭാരം ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ നടപടികള്‍ കൈകൊണ്ടേക്കും. മുന്‍ വര്‍ഷങ്ങളില്‍ വായ്പ തിരിച്ചടവുമായി ബന്ധപെട്ടു ഐറിഷ് ബാങ്കുകള്‍, ഇടപാടുകാരില്‍ നിന്നും അനധികൃതമായി പലിശ നിരക്ക് ഈടാക്കിയിരുന്നു. ധനകാര്യവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: