അയര്‍ലണ്ടില്‍ ശൈത്യകാലത്തിന് തുടക്കമാകുന്നു; ഈ ആഴ്ച ആര്‍ട്ടിക്കില്‍ നിന്നെത്തുന്ന ശൈത്യകാറ്റില്‍ താപനില മൈനസിലേക്ക് കൂപ്പുകുത്തും;

ഡബ്ലിന്‍: ക്രിസ്മസിന് ഇനി രണ്ടു മാസം കൂടി ഉണ്ടെങ്കിലും അയര്‍ലണ്ടില്‍ ശൈത്യത്തിന് ആരംഭം കുറിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വാരം മുതല്‍ താപനില മൈനസിലേക്ക് കൂപ്പുകുത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കാനാണ് സാധ്യത. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് അയര്‍ലണ്ടിലെ ശൈത്യം കഠിനമാകുന്നത്.

ഈ ആഴ്ചയുടെ മധ്യം വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അന്തരീക്ഷസമ്മര്‍ദം വര്‍ധിക്കുമെന്നും വരണ്ട കാലാവസ്ഥ സംജാതമാകുമെന്നും തെളിഞ്ഞ ആകാശമായിരിക്കുമെന്നും താപനില ശരാശരിക്ക് മുകളിലായിരിക്കുമെന്നും പ്രവചനമുണ്ട്. വ്യാഴാഴ്ച വരെ 14 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നായിരിക്കും വടക്ക് നിന്നുമുള്ള ന്യൂനമര്‍ദ്ദം അറ്റ്ലാന്റിക്കില്‍ നിന്നുള്ള തണുത്ത കാറ്റുകളുമായി ചേര്‍ന്ന് അപ്രതീക്ഷിതമായി ശൈത്യം വര്‍ധിപ്പിക്കുന്നത്. രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മഴയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മൈനസ് 4 ഡിഗ്രി വരെ താപനില താഴാം.

വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വടക്കന്‍ പ്രദേശങ്ങളില്‍ ഈ മാസം അവസാനത്തോടെ മഞ്ഞുകാലം എത്തും. കൗണ്ടികളുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴ്ന്നത് മഞ്ഞ് കാലം എത്തിക്കഴിഞ്ഞു എന്ന സൂചന നല്‍കുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും ഇനി ഉണ്ടാവുക.

അടുത്ത ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.അതായത് വളരെ നേരിയ തോതില്‍ ആരംഭിക്കുന്ന ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. അടുത്ത ആഴ്ചയുടെ രണ്ടാം പകുതിയില്‍ ശൈത്യ കാലാവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും കടുത്ത ഹിമപാതമുണ്ടാകുമെന്നും പ്രവചിക്കപ്പെടുന്നു. അടുത്ത ആഴ്ചയുടെ ആദ്യ പകുതിയില്‍ ചെറിയ തോതിലാണ് ശൈത്യം തുടങ്ങുന്നതെങ്കിലും പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

ശൈത്യം തുടങ്ങിയപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ മഴയും മഞ്ഞുവീഴ്ചയും ചേര്‍ന്ന് ദുരിത കാലാവസ്ഥയാണ്. റോഡുകളില്‍ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മൂലം യാത്രാ തടസവും ഏറും. ഈ വാരാന്ത്യം ദുരിതമാകാനാണ് സാധ്യത. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 9 ഡിഗ്രിക്കും 14 ഡിഗ്രിക്കും ഇടയിലാണ് താപനില.

കനത്ത കാറ്റില്‍ റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണതും റോഡുകളിലെ മഞ്ഞും ഗതാഗതത്തിന് തടസമാകുന്നുണ്ട്. അപകടകരമായ കാലാവസ്ഥ കാരണം മിക്ക റോഡുകളിലും റെയില്‍ പാതകളിലും യാത്രാ തടസമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.

എ എം

Share this news

Leave a Reply

%d bloggers like this: