അയര്‍ലണ്ടില്‍ അനധികൃത പടക്ക നിര്‍മാണശാലകള്‍ സജീവം; അപകടം മാടി വിളിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ ആഘോഷങ്ങളുടെ മറവില്‍ അനധികൃത പടക്ക നിര്‍മാണശാലകളും പടക്ക വില്‍പന ശാലകളും പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി പടക്ക വില്‍പന ശാലകള്‍ക്ക് കഴിഞ്ഞ വര്‍ഷം പൂട്ടുവീണിരുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കായി ലക്ഷണക്കണക്കിന് യൂറോയുടെ പടക്കങ്ങളാണ് ഓരോ വര്‍ഷവും ബ്ലാക്ക് മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്നത്. വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് നടത്തുന്ന ഈപ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിയോരുക്കുന്നത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതോടെ അഗ്‌നിശമന സേനയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ആഘോഷരാവുകള്‍ സമ്മാനിക്കുന്നത്.

2015 ല്‍ അനധികൃതമായി പടക്കങ്ങള്‍ വില്പന നടത്തിവന്ന 95 സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ല്‍ 132 സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. കഴിഞ്ഞ വര്‍ഷം 183 അനധികൃത പടക്ക വില്‍പ്പന ശാലകള്‍ക്കാണ് താഴ് വീണത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഹാലോവീന്‍ ദിനത്തില്‍ വര്‍ധിച്ചതായും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊട്ടിത്തെറിയും, തീപിടിത്തവവുമായി 520 സംഭവങ്ങളാണ് ഡബ്ലിന്‍ സിറ്റി ഏരിയയില്‍ മാത്രം അധികൃതര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. ഇനി ഈ വര്‍ഷത്തെ കണക്കെടുത്താല്‍ പടക്കം പൊട്ടിക്കുമ്പോഴുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റ മൂന്നോളം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രക്ഷിക്കാന്‍ ചെന്ന അഗ്‌നിശമന സേനാംഗത്തിന്റെ ഇയര്‍ഡ്രം തകരാറിലാവുന്ന സംഭവവും ഉണ്ടായി.

2006 ല്‍ പുതുക്കിയ അയര്‍ലണ്ടിലെ നിയമം അനുസരിച്ച് വിദഗ്ദനായ ഒരാള്‍ മാത്രമേ ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകളില്‍ സ്ഫോടക വസ്തുക്കളും പടക്കങ്ങളും ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. പുതുവിപണിയില്‍ ലഭ്യത കുറവുള്ളതിനാല്‍ ബ്ലാക്ക് മാര്‍ക്കറ്റുകളെയാണ് പലരും ആശ്രയിക്കുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ടണ്ഡങ്ങളും പാലിക്കാതെയുള്ള ഇത്തരം വില്‍പനകള്‍ അധികൃതരുടെ ഒത്താശയോടെയാണെന്ന ആരോപണവും ശക്തമാണ്. പടക്ക വില്‍പ്പനയ്ക്കായി അംഗീകൃത ഓപ്പറേറ്റര്‍മാരെ അനുവദിച്ചാല്‍ മാത്രമേ ബ്ലാക്ക് മാര്‍ക്കറ്റുകളിലൂടെയുള്ള സ്ഫോടക വസ്തുക്കളുടെ ഒഴുക്ക് നിയന്തിക്കാന്‍ കഴിയൂവെന്നും അപകടങ്ങള്‍ കുറയ്ക്കാമെന്നും ഫയര്‍ വര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ആയ തോമസ് മക്കെവിറ്റ് പറയുന്നു.

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: