ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ദേശീയ ബ്രാന്‍ഡ് യു.എസിന്റേത് ; ഇന്ത്യക്ക് ഒന്‍പതാം സ്ഥാനം

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യ. ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വര്‍ധനയുണ്ടായെങ്കിലും പട്ടികയില്‍ രാജ്യം ഒരു സ്ഥാനം പിന്നോട്ടുപോയി. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യയുടെ റാങ്കിംഗില്‍ ഇടിവ് നേരിടുന്നത്. അന്താരാഷ്ട്ര സാമ്പത്തിക വിശകലന ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.

2016ല്‍ ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തുവിട്ട പട്ടികയില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാന്‍ഡായിരുന്നു ഇന്ത്യ. 2066 ബില്യണ്‍ ഡോളറായിരുന്നു അന്ന് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. 2017ല്‍ ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം 2,046 ബില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം ഇന്ത്യയുടെ ദേശീയ ബ്രാന്‍ഡ് മൂല്യം അഞ്ച് ശതമാനം വര്‍ധിച്ച് 2,159 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ബ്രാന്‍ഡ് റേറ്റിംഗ് ‘എഎ’യില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ദേശീയ ബ്രാന്‍ഡ് യുഎസ് ആണ്. 25,899 ബില്യണ്‍ ഡോളറാണ് യുഎസിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഎസിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ പുരോഗതിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ബ്രാന്‍ഡ് മൂല്യത്തിലുണ്ടായ ഈ മുന്നേറ്റം. വരും മാസങ്ങളിലും യുഎസ് ഇതേ വളര്‍ച്ച തുടരുമെന്നാണ് ബ്രാന്‍ഡ് ഫിനാന്‍സിന്റെ നിരീക്ഷണം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) മാത്രമല്ല നിര്‍മാണ മേഖലയിലെ ഓര്‍ഡറുകളിലും ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും കാര്‍ ഉല്‍പ്പാദനത്തിലുമെല്ലാം യുഎസ് വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ ദേശീയ ബ്രാന്‍ഡ് എന്ന ഖ്യാതി ഇത്തവണയും ചൈന നില നിര്‍ത്തിയിട്ടുണ്ട്. 12,779 ബില്യണ്‍ ഡോളറാണ് ചൈനയുടെ ബ്രന്‍ഡ് മൂല്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈനയുടെ ബ്രാന്‍ഡ് മൂല്യം 25 ശതമാനം വര്‍ധിച്ചു. 5,147 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ജര്‍മനിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 3,750 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി യുകെ നാലാം സ്ഥാനത്തും 3,598 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ജപ്പാന്‍ അഞ്ചാം സ്ഥാനത്തും 3,224 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി ഫ്രാന്‍സ് ആറാം സ്ഥാനത്തും ഇടം നേടി.

കാനഡ (7), ഇറ്റലി (8), ദക്ഷിണകൊറിയ (10) എന്നിവയാണ് പട്ടികയില്‍ ആദ്യം പത്തില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങള്‍. ഓസ്ട്രേലിയ, സ്പെയിന്‍, നെതര്‍ലന്‍ഡസ്, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് പട്ടികയില്‍ ഇന്ത്യക്കു പിന്നിലുള്ള രാജ്യങ്ങള്‍. 100 മുന്‍നിര രാജ്യങ്ങളെയാണ് ബ്രാന്‍ഡ് ഫിനാന്‍സ് പട്ടികയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൂല്യവും കരുത്തും വരുമാനവും റോയല്‍റ്റി നിരക്കും മൂലധനത്തിന്റെ ശരാശരി മൂല്യവും വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: