റവന്യു വകുപ്പിന്റെ പേരില്‍ വ്യാജ ഇ-മെയിലുകളും ഫോണ്‍ കോളുകളും; തട്ടിപ്പിനെതിരെ കരുതിയിയിരിക്കാന്‍ അധികൃതരുടെ മുന്നറിയിപ്പ്

റവന്യൂ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടത്തുന്ന സംഘം സജീവമാക്കുന്നു. ടാക്‌സ് റീഫണ്ട് ചെയ്തിരിക്കുന്നു എന്ന അറിയിപ്പുമായി വരുന്ന ടെക്സ്റ്റ് മെസേജുകളും, ഇ-മെയിലുകളും വ്യാജമാണെന്ന അറിയിപ്പ് നല്‍കിയിരിക്കുകയാണ് റവന്യൂ കമ്മീഷണര്‍. ബാങ്ക് അകൗണ്ട്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോദിച്ച് ഫോണ്‍ കോളുകളും ഈ തട്ടിപ്പിനെ ഭാഗമാണ്. മലയാളികള്‍ക്കുള്‍പ്പടെ ഇതിനോടകം ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. നികുതി സംബന്ധമായ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സമയമാകുമ്പോള്‍ ഇത്തരത്തില്‍ തട്ടിപ്പ് സംഘങ്ങള്‍ തല പൊക്കാറുണ്ട്. ഫോണിലൂടെയും ഇ-മെയിലിലൂടെയും സ്പാം ആയി പ്രവര്‍ത്തിച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇവരുടെ രീതി. ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇരയെ ഫോണിലൂടെ ബന്ധപ്പെടുന്ന പുരുഷനോ സ്ത്രീയോ ആയ ഒരാള്‍ താന്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ നികുതി രേഖകള്‍ ചോദിച്ചറിയുകയും അടിയന്തരമായി നികുതി അടയ്ക്കണമെന്നും ഇവര്‍ പറയും. തങ്ങളില്‍ വിശ്വാസം വന്നെന്ന് ബോധ്യപ്പെട്ടാല്‍ ഇരയുടെ ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് അകൗണ്ട്, പിപിഎസ് നമ്പര്‍, തുടങ്ങിയവ മറ്റൊരു ഫോണ്‍ നമ്പറിലേക്ക് അയച്ചു കൊടുക്കാന്‍ ഇവര്‍ ആവശ്യപ്പെടും. നികുതി സേവനങ്ങളെ കുറിച്ച് അജ്ഞതയുള്ളവര്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴുമെന്നുള്ളത് ഉറപ്പ്.

അനേകം പേര്‍ അയര്‍ലണ്ടില്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ അകൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും തിരിച്ചറിഞ്ഞു. റവന്യൂ വകുപ്പിന്റെ പേരില്‍ ഇതിനു മുന്‍പും നിരവധി പേര്‍ തട്ടിപ്പിനിരകളായി മാറിയിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വ്യക്തി വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശിക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ മാത്രമാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുന്നത്.

വ്യാജ ഇമെയില്‍ സന്ദേശങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ ഇന്ന് സര്‍വ്വ സാധാരണമായിരിക്കുന്നു. ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമാണെന്നെല്ലാം പറഞ്ഞ് വരാറുള്ള വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്ക് സമാനമാണ് വ്യാജ ഈമെയില്‍ സന്ദേശങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും. ഒരു പക്ഷെ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും, സുരക്ഷയും, സ്വകാര്യതയുമെല്ലാം ഈ സന്ദേശങ്ങള്‍ വഴി നഷ്ടപ്പെട്ടേക്കാം. ഇമെയില്‍ ഫോര്‍ജറി എന്നാണ് ഈ കളവിന് പറയുന്ന പേര്. വ്യാജ ഇമെയിലുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന രീതി. വ്യാജ മെയിലുകള്‍ വരുന്നത് ഒരു പക്ഷെ യഥാര്‍ഥ ഇമെയില്‍ ഐഡിയില്‍ നിന്നായിരിക്കും. കണ്ട മാത്രയില്‍ മറിച്ചൊന്നും ചിന്തിക്കാതെ അത് ആരും വിശ്വസിച്ചെന്നും വരും. അവര്‍ ചോദിക്കുന്ന പാസ്?വേഡുകളും മറ്റ് രഹസ്യ വിവരങ്ങളും അറിയാതെ പറഞ്ഞു പോയെന്നും വരും.

സന്ദേശ രൂപത്തില്‍ ഓരോ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ അന്വേഷണം നടത്താതെ ഒരിക്കലും വിവരങ്ങള്‍ നല്‍കരുത് എന്ന് മുന്നറിയിപ്പുണ്ട്. ബാങ്കിന്റെ പേരിലും, മറ്റു വകുപ്പുകളുടെ പേരിലുമാണ് ഇപ്പോള്‍ തട്ടിപ്പ് സജീവമായിരിക്കുന്നത്. തട്ടിപ്പിനിരയായവര്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ ഇത്തരത്തിലുള്ള സന്ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റവന്യൂ കമ്മീഷ്ണര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. സൈബര്‍ ഭീകരര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മറയാക്കി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ സാഹചര്യത്തില്‍ വ്യക്തികള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ കൃത്യമായി പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. കൂടാതെ നിങ്ങളുടെ നികുതി സംബന്ധമായ സംശയങ്ങള്‍ക്കും പരാതികള്‍ക്കുമായി കളക്ടര്‍ ജനറല്‍ ഡിവിഷന്റെ 1890 20 30 70 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എപ്പോഴും ജാഗരൂകരായിരിക്കുക എന്നതാണ് സൈബര്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം. രഹസ്യാത്മക വിവരങ്ങളും പണമിടപാട് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളുമൊന്നും ഒരു ഇമെയില്‍ സന്ദേശത്തിന്റെ പുറത്ത് വെളിപ്പെടുത്താതിരിക്കുക. അത്തരം വിവരങ്ങള്‍ ഇമെയില്‍ വഴി അയക്കുന്നതും ഒഴിവാക്കുക. ബാങ്കിങ് പണമിടപാട് സംബന്ധമായും ഔദ്യോഗിക ഈമെയില്‍ ഐഡികളില്‍ നിന്നും മെയിലുകള്‍ ലഭിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്‌തോ നേരിട്ട് അന്വേഷിച്ചോ സ്ഥിരീകരണം വരുത്തുക.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: