കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിയത് 50,000 കോടിയുടെ ചൈനീസ് ഫോണുകള്‍

ചൈനീസ് നിര്‍മിത സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷഓമി, ഒപ്പോ, ഓണര്‍, വിവോ എന്നീ നാല് ചൈനീസ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രമായി 50,000 കോടി രൂപയിലധികമാണ് ഇന്ത്യക്കാര്‍ ചെലവഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ചെലവിട്ടതിന്റെ രണ്ട് മടങ്ങ് വരുമിത്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ ആധിപത്യം തുടരുമെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് ഇന്‍ഡസ്ട്രി എക്സിക്യൂട്ടിവുകളും അനലിസ്റ്റുകളും പറയുന്നു. വിപണിയിലെ മൊത്തം വില്‍പ്പനയില്‍ പകുതിയലധികം പങ്കുവഹിക്കുന്നത് ഷഓമി, ഒപ്പോ, ഓണര്‍, വിവോ എന്നീ നാല് മുന്‍നിര ചൈനീസ് ബ്രാന്‍ഡുകളും ലെനോവോ-മോട്ടോറോള, വണ്‍-പ്ലസ്, ഇന്‍ഫിനിക്സ് തുടങ്ങിയ ചെറു ചൈനീസ് ബ്രാന്‍ഡുകളുമാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഈ വര്‍ഷവും വളരെ വേഗത്തിലുള്ള വര്‍ധന പ്രകടമായതായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയന്‍, ജപ്പാനീസ്, ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണുകളാണ് ചൈനീസ് കമ്പനികള്‍ പുറത്തിറക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡുകളായി മാറിയതിനൊപ്പം ആഗോള ബ്രാന്‍ഡുകള്‍ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിക്കാനും ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഷഓമി, ഒപ്പോ, ലെനോവോ, വിവോ, ഹ്വാവെയ് തുടങ്ങിയ കമ്പനികള്‍ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നേട്ടമാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നല്‍കുന്ന പ്രോല്‍സാഹനങ്ങളും രാജ്യത്ത് മനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വിദേശ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ കംപോണന്റ് മാനുഫാക്ച്ചറിംഗ് യൂണിറ്റ് വികസിപ്പിക്കുന്നതിനായി 15,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഷഓമി ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ രണ്ട് മാനുഫാക്ച്ചറിംഗ് യൂണിറ്റുകളാണ് ഒപ്പോ വികസിപ്പിക്കുന്നത്. വിവോ ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റില്‍ 5,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്.

പ്രധാന വില വിഭാഗങ്ങളിലെല്ലാം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വിജയമുറപ്പിച്ചുവെന്നാണ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടിവുകള്‍ പറയുന്നത്. 6,000 രൂപ മുതല്‍ 13,000 രൂപ വരെയുള്ള വില വിഭാഗത്തില്‍ ഷഓമിയാണ് ഉപഭോക്താക്കളുടെ പ്രിയ താരം. 10,000-22,000 വില വിഭാഗത്തില്‍ തിളങ്ങുന്നത് ഒപ്പോയും വിവോയുമാണ്. 8,000-12,000 വില വിഭാഗത്തിലാണ് ഓണര്‍ ശ്രദ്ധനേടിയിട്ടുള്ളത്. ഇന്ത്യന്‍ സ്്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നടക്കുന്ന മൊത്തം വില്‍പ്പനയില്‍ 80 ശതമാനത്തിലധികവും ഈ വില വിഭാഗങ്ങളില്‍ നിന്നാണ്. വിപണിയില്‍ ചൈനീസ് ആധിപത്യത്തിനെതിരെ ശക്തമായി പോരാടുന്ന ഏക ചൈനീസ്-ഇതര ബ്രാന്‍ഡ് സാംസംഗ് മാത്രമാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: