ഇന്ധനം തീര്‍ന്നു; നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ് ദൗത്യം അവസാനിപ്പിച്ചു

വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്തെ ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ് ദൗത്യം അവസാനിപ്പിച്ചു. ഇന്ധനം തീര്‍ന്നതോടെയാണ് ശാസ്ത്രപര്യവേക്ഷണത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടെലിസ്‌കോപ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.

ജീവെന്റ തുടിപ്പുകള്‍ ഉണ്ടെന്ന് സംശയിക്കുന്നതടക്കം 2600 ഗ്രഹങ്ങളാണ് കെപ്ലറിലൂടെ ശാസ്ത്രലോകം പരിചയപ്പെട്ടത്. കെപ്ലറില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് നക്ഷത്രങ്ങളേക്കാളേറെ ഗ്രഹങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്ന് അനുമാനിക്കാനാവുമെന്ന് നാസ പ്രസ്താവനയില്‍ പറഞ്ഞു. 2009 മാര്‍ച്ച് ആറിനാണ് നാസയുടെ ഗ്രഹപര്യവേക്ഷണ ദൗത്യ ടെലിസ്‌കോപ്പായ കെപ്ലര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പ്രതീക്ഷിച്ചതിലും വലിയ ഫലമാണ് ഈ ദൗത്യത്തിലൂടെ നേടിയതെന്ന് നാസ അസോ. അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സര്‍ബുചന്‍ പറഞ്ഞു. ദൗത്യത്തിനിടെ പല സന്ദര്‍ഭങ്ങളിലും കേടുപാടുകള്‍ ഉണ്ടായെങ്കിലും വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സംഘം ഇത് പരിഹരിക്കുകയായിരുന്നു. കെപ്ലര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനിരിക്കുകയാണെന്ന് മാസങ്ങള്‍ക്കുമുമ്പ് നാസ വെളിപ്പെടുത്തിയിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: