ഇറാനെതിരെ കടുത്ത ഉപരോധം പ്രാബല്യത്തില്‍; ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ക്ക് മാത്രം ഇറാനില്‍ നിന്നും എണ്ണ വാങ്ങാം.

തെഹ്‌റാന്‍: ഇറാനുനേരെയുള്ള യു.എസ് ഉപരോധം ഇന്ന് മുതല്‍ നിലവില്‍ വരും. പശ്ചിമേഷ്യയില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ ഇറാന്‍ സാമ്പത്തിക സഹായം ചെയ്യുന്നു എന്ന് ആരോപിച്ചാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എസുമായുള്ള കരാര്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണവുമായി ഇറാന്‍ മുന്നോട്ട് പോകുന്നത് ഉപരോധം ഏര്‍പ്പെടുത്താനുള്ള മറ്റൊരു കാരണമാണ്. ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളെ താല്‍ക്കാലികമായി ഉപരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നുമാണ്. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യയോട് യു.എസ് ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കില്ലെന്ന നിലപാടിലായിരുന്നു മോദി സര്‍ക്കാര്‍. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുന്ന ഇന്ത്യയില്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കൂടി നിര്‍ത്തലാക്കുന്നത് രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഇന്ത്യ യു.എസ്സിനെ ധരിപ്പിക്കുകയായിരുന്നു. ഇന്ത്യക്ക് പുറമെ മറ്റ് 7 രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.

എണ്ണ കയറ്റുമതി പ്രധാന വരുമാനമാര്‍ഗ്ഗമായ ഇറാനെ സാമ്പത്തികമായി തളര്‍ത്തുകയാണ് യു.എസ് ലക്ഷ്യം. ഇന്ത്യ, ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നും എണ്ണ വാങ്ങാം. അനാവശ്യ ഉപരോധം ഏര്‍പ്പെടുത്തി ഇറാനെ തോല്‍പ്പിക്കാനാവില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി വ്യക്തമാക്കി. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന ചില യൂറോപ്യന്‍ യൂണിയന്‍ ഓയില്‍ കമ്പനികളെയും ഉപരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ യു.എസ് കമ്പനികള്‍ ഉപരോധത്തിന്റെ ഭാഗമാകും.

എ എം

Share this news

Leave a Reply

%d bloggers like this: