കാലിഫോര്‍ണിയ കാട്ടുതീയില്‍ സര്‍വ നാശം തുടരുന്നു; മരണ സംഖ്യ 25 ആയി; 6400 വീടുകള്‍ കത്തി നശിച്ചു

കാലിഫോര്‍ണിയായില്‍ ആളിപ്പടരുന്ന കാട്ടുതീ സര്‍വനാശം തുടരുന്നു. മരണ സംഖ്യ അതിവേഗം കൂടുന്നതായാണ് റിപ്പോര്‍ട്ട്. 25 പേര്‍ മരിക്കുകയും 6400 വീടുകള്‍ കത്തി നശിക്കുകയും ചെയ്തുവെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മരണ സംഖ്യ കൂടിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

വടക്ക് – തെക്ക് ഭാഗങ്ങളിലായി അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്ന മൂന്നു കാട്ടുതീ കാലിഫോര്‍ണിയയില്‍ വലിയ നാശമാണ് വിതയ്ക്കുന്നത്. കുറഞ്ഞത് രണ്ടര ലക്ഷം പേര്‍ വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. കാട്ടുതീ ചാമ്പലാക്കിയ പാരഡൈസ് പട്ടണത്തില്‍ മാത്രം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 35 പേരെ കാണാതായിട്ടുണ്ട്.

എഴുപതിനായിരത്തോളം ഏക്കര്‍ സ്ഥലം ഇതിനകം കാട്ടുതീയില്‍ പെട്ടിട്ടുണ്ട്. ഇതുവരെ ആകെ 250,000 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിക്കുന്നു. മാലിബു നഗരത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിച്ചു കഴിഞ്ഞു. 13,000 പേര്‍ ഇവിടെ നിന്നുള്ളവരാണ്. ഇവരില്‍ പ്രശസ്തരായ ചില ഹോളിവുഡ് താരങ്ങളുമുണ്ട്. പല പ്രമുഖരും വീട് വിട്ട് പലായനം ചെയ്തു കഴിഞ്ഞു. ശക്തമായ കാറ്റ് കാട്ടുതീ അതിവേഗം പടരുന്നതിന് കാരണമായി.

നാശത്തിന്റെ തീവ്രത അതിരൂക്ഷമാണെന്ന് കാലിഫോര്‍മിയ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അപകടാവസ്ഥ അടുത്തയാഴ്ചയും തുടര്‍ന്നേക്കുമെന്നാമ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നത്. പട്ടണവാസികളോട് ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.instagram.com/p/BqAtZiaFAgS/?utm_source=ig_embed

ഡികെ

Share this news

Leave a Reply

%d bloggers like this: