കാലിഫോര്‍ണിയ കാട്ടുതീ: മരണസംഖ്യ 31 ആയി; 200 പേരെ കാണാനില്ല

കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരണം 31 ആയി. ഇരുന്നൂറിലധികം പേരെ കാണാനില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത് മാറി. 1933ല്‍ ലോസ് ആന്‍ജലസിലെ ഗ്രിഫിത്ത് പാര്‍ക്കിലുണ്ടായ കാട്ടുതീയാണ് ഇപ്പോഴത്തേതിനോട് സമാനതയുള്ള മറ്റൊരു സംഭവം.

രണ്ടര ലക്ഷത്തോളം ആളുകളെ അധികൃതര്‍ക്ക് ഇതിനകെം ഒഴിപ്പിക്കേണ്ടി വന്നിട്ടുണ്ട്. തീപ്പിടിത്തത്തെ വന്‍ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അടിയന്തിര ഫണ്ട് ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

അതെസമയം കാലിഫോര്‍ണിയയ്ക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡണ്ട് ട്രംപ് കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. സര്‍ക്കാരിന്റെ വനപരിപാലനം മോശമാണെന്നും ഇക്കാരണത്താലാണ് കാട്ടുതീയുണ്ടായതെന്നും ട്രംപ് ആരോപിക്കുന്നു. 6700 വീടുകളും അനവധി കച്ചവടസ്ഥാപനങ്ങളും കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. 109,000 ഏക്കര്‍ വനം നശിച്ചുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്‌സില്‍ നിന്നാണ് കാട്ടുതീ ആദ്യം പുറപ്പെട്ടത്. അതിവേഗം പടര്‍ന്ന തീ ഞായറാഴ്ചയോടെ തന്നെ 83,000 ഏക്കര്‍ പ്രദേശം നശിപ്പിച്ചിരുന്നു. ശക്തിയേറിയ കാറ്റാണ് തീപ്പിടിത്തത്തെ ഇത്രയേറെ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. മണിക്കൂറില്‍ 112 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുകയുണ്ടായി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: